ക്ഷമയുടെ കണ്ണാടിയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
വാഴ്ത്തപ്പെട്ട ഗബ്രിയേൽ അലേഗ്ര യൗസേപ്പിതാവിനെകുറിച്ച് പറയുന്നത് ഏറ്റം പ്രധാനമാണ്.
” ഇസ്രായേലിന്റെ പുഷ്പമായ വി. യൗസേപ്പിതാവിന് അബ്രഹാത്തിന്റെ വിശ്വാസവും തന്റെ പൂർവികനായ ദാവീദിന്റെ ഭക്തിയും പ്രവാചകൻമാരുടെ ജ്ഞാനവും ജോബിനെക്കാളും തോബിത്തിനെക്കാളും വീരോചിതമായ ക്ഷമയും ഏലിയയെകാൾ മഹനീയമായ തീക്ഷണതയും ദൈവമഹത്വത്തിനുവേണ്ടി ഉണ്ടായിരുന്നു “.
പലർക്കും അഭ്യസിക്കാൻ ബുദ്ധിമുട്ടുള്ള പുണ്യമാണ് ക്ഷമ. ഏറെ വെല്ലുവിളികൾ നിറഞ്ഞതുമാണ് ക്ഷമയുടെ മേഖല. പരീക്ഷിക്കുന്ന നിരവധി സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാം. അപ്പോൾ സമാധാനവും ശാന്തതയും കാത്തുസൂക്ഷിക്കുക ഏറെ ശ്രമകരമാണ്. എന്നിരുന്നാലും യൗസേപ്പിതാവിനെ പോലെ ആവണമെങ്കിൽ ക്ഷമ അഭ്യസിച്ച മതിയാവൂ. ഏശയ്യയുടെ വാക്കുകൾ ഇവിടെ പ്രചോദനമാവട്ടെ.
” കർത്താവിനെ കാത്തിരിക്കുന്നവർ അനുഗ്രഹീതർ”(36:18). ക്ഷമയുടെയും ശാന്തതയുടെയും ഉത്തമമാതൃകയാണ് ദാവീദ് വംശജൻ. എത്ര നീണ്ട കാത്തിരിപ്പാണ് ആ പുണ്യ ജീവിതത്തിൽ ഉള്ളത്? എലിസബത്തിന്റെ ഭവനത്തിൽ നിന്നു മറിയം മടങ്ങിവരാൻ സുദീർഘമായ മൂന്ന് മാസമാണ് അദ്ദേഹം കാത്തിരുന്നത്. തന്റെ ഭാര്യയുടെ അത്ഭുതകരമായ ഗർഭധാരണത്തിന്റെ വിശദാംശങ്ങൾ വല്ലഭനിൽ നിന്ന് ലഭിക്കാൻ അദ്ദേഹത്തിന് കാത്തിരിക്കേണ്ടതായി ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ആ നീതിമാന്റെ ജീവിതം. എന്നാൽ അവയെല്ലാം അദ്ദേഹത്തിന് വിശുദ്ധിയിലും ക്ഷമയിലും വളരാൻ അവസരങ്ങളായി. എല്ലായിടങ്ങളിലും അദ്ദേഹം “വന്നു, കണ്ടു, കീഴടക്കി “.
എവിടെയും വീരോചിതമായ ക്ഷമയാണ് യൗസേപ്പിതാവ് അഭ്യസിച്ചത്. വ്യത്യസ്തമായ ഭാഷകളും സംസാരവും മതവും നാണയങ്ങളും ഉള്ള തനിക്കു തികച്ചും അജ്ഞാതവും അപരിചിതമായ സാഹചര്യങ്ങളും ജനങ്ങളുമുള്ളയിടത്തേക്കാണ് അദ്ദേഹം പൊടുന്നനെ പിഞ്ചുകുഞ്ഞിനെയും യുവ മാതാവിനെയും കൂട്ടി അദ്ദേഹം പോയത്. ഒരു ജോലി തരപ്പെടുത്തുക, കുടുംബത്തിന് ആഹാരവും വസ്ത്രവും അഭയ കേന്ദ്രവും കണ്ടെത്താനുംമറ്റും കുറച്ചൊന്നുമല്ല അദ്ദേഹത്തിന് സഹിക്കേണ്ടിവന്നത്. നിരന്തരമെന്നോണം ഉത്കണ്ഠയുടെ അവസ്ഥ. പക്ഷേ ഒന്നിനെക്കുറിച്ചും അദ്ദേഹം നിരാശപ്പെടുകയോ ആകുലനാകുകയോ ചെയ്തില്ല. മറിച്ച് സകലതും ദൈവപരിപാലനയ്ക്കു വിട്ടുകൊടുത്തു.
യൗസേപ്പിതാവ് നമ്മുടെ ക്ഷമ വർധിപ്പിക്കും. നമ്മുടെ സ്നേഹവും ക്ഷമയും അളക്കുന്ന പരീക്ഷണങ്ങൾ ധാരാളമുണ്ടാകും. ക്ഷമ നേടിയെടുക്കാൻ അവസരം നൽകാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ പുണ്യത്തിൽ വളരാനാണ് ദൈവം ഇത്തരം പരീക്ഷണങ്ങൾ അനുവദിക്കുക. ഒരാൾ തെറ്റിൽ അകപ്പെടുമ്പോൾ അയാളോട് കരുണ കാണിക്കുന്നത് ക്ഷമയുടെ അഭ്യസനയാണ്. അസന്തുഷ്ടരും അക്ഷമരും ബോധപൂർവ്വം തെറ്റ് ചെയ്യുന്നവരുമൊക്കെ ജീവിതത്തിൽ നാം കണ്ടെത്തും. അപ്പോഴെല്ലാം എല്ലാതരക്കാരോടും ക്ഷമയോടും കരുണയോടും ഇടപെട്ട യൗസേപ്പിതാവിനെ ഓർക്കുക, അനുകരിക്കുക. എപ്പോഴും ക്ഷമ അഭ്യസിച്ച് ദയാലുവും കരുണാർദ്രനും സമാധാന സംസ്ഥാപകനുമായിരുന്ന ഈ നല്ല പിതാവിനെ അനുകരിക്കാൻ വ്യഗ്രത കാട്ടുക. ക്ഷമയും കരുണയും ധാരാളം നന്മ പുറപ്പെടുവിക്കും. ഭൂമിയോളം ക്ഷമിക്കണം എന്ന ചൊല്ല് കൂടെക്കൂടെ ഓർക്കുക.
പ്രതിഷ്ഠ
ഇസ്രായേലിന്റെ നറുസൂനമായ, അബ്രാഹത്തിന്റെ വിശ്വാസവും ദാവീദിന്റെ ഭക്തിയും പ്രവാചകന്മാരുടെ ജ്ഞാനവും ജോബിനെയും തോബിത്തിനെയും വെല്ലുന്ന ക്ഷമയുടെയും ഏലിയായെക്കാൾ മഹനീയമായ തീഷ്ണതയുടെയും ഉടമയുമായ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പൂർണ്ണമായി സമർപ്പിക്കുന്നു. ക്ഷമ കഠിനമായി പരീക്ഷിക്കപ്പെടുന്ന അവസരങ്ങളിൽ ക്ഷമയും കരുണയും കാത്തുസൂക്ഷിക്കാൻ എന്നെ സഹായിക്കണമേ! ഏതു സാഹചര്യങ്ങളിലും, സമചിത്തത കൈവെടിയാതെ, കർത്താവിനെ കാത്തിരുന്ന് അനുഗ്രഹം പ്രാപിപ്പാൻ എന്നെ ശക്തിപ്പെടുത്തണമേ! വെല്ലുവിളികളെ സുധീരം നേരിടുവാൻ എന്നെ അനുഗ്രഹിക്കണമേ! എന്റെ ക്ഷമയും കരുണയും വർധിപ്പിച്ചു കൊണ്ടിരിക്കണമേ!ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.