ഏറ്റം വിവേകിയായ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
പരിശുദ്ധാത്മാവിന്റെ പരമപ്രധാന ദാനമാണ് വിവേകം. അനുനിമിഷം ദൈവഹിതം നിറവേറ്റുക, ധാർമിക മൂല്യങ്ങൾക്ക് അനുസൃതം ജീവിക്കുക, നന്മ ചെയ്യുന്നതിൽ ജാഗ്രതയും കരുതലും ഉള്ളവനായിരിക്കുക. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ പുണ്യത്തിന് നൽകുന്ന നിർവചനം ഇങ്ങനെ ” വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ (മറ്റുള്ളവരുടെയും)യഥാർത്ഥ നന്മയെ തിരിച്ചറിയാനും അതു പ്രാപിക്കാനുള്ള ശരിയായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗിക ബുദ്ധിയെ സജ്ജീകരിക്കുന്നതു സുകൃതമാണ്. സുകൃതങ്ങളുടെ സാരഥിയാണിത്. മറ്റു സുകൃതങ്ങളെ സദ്പന്ഥാവിൽ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് ഇതിനെ സാരഥി എന്ന് വിശേഷിപ്പിക്കുന്നത്. നല്ല മനസ്സാക്ഷിയുടെ വിധി തീർപ്പിന് ഇത് നേരായ വഴിക്കു നേരിട്ട് നയിക്കുന്നു.
വിവേകിയായ മനുഷ്യൻ തന്റെ പെരുമാറ്റത്തെ ഈ വിധി തീർപ്പിനനുസൃതമായി ക്രമീകരിച്ചു മുന്നേറുന്നു. ഈ സുകൃതത്തിന്റെ സഹായത്താൽ ഒറ്റപ്പെട്ട സംഭവങ്ങളിൽ ധാർമിക തത്വങ്ങളെ തെറ്റുകൂടാതെ പ്രയോഗിക്കുകയും ഇതു നേടിയെടുക്കാനുള്ള നന്മയെയും വർജ്ജിക്കാനുള്ള തിന്മയെയും സംബന്ധിച്ച സംശയങ്ങൾക്ക് ശരിയായ ഉത്തരം കണ്ടുപിടിക്കാൻ ഇത് സഹായകമാവുകയും ചെയ്യുന്നു.
പുണ്യങ്ങളിൽ പ്രമുഖൻ എന്നാണ് വിശുദ്ധ തോമസ് അക്വീനാസ് വിവേകത്തെ വിശേഷിപ്പിക്കുക. ആത്മനിയന്ത്രണം, നീതി,സ്ഥൈര്യം ഇവയൊക്കെ വിവേകത്തിന്റെ ഭരണത്തിൻ കീഴിലാണ്. വിവേകമില്ലാത്ത ഒരുവൻ ഒന്നുകിൽ അമിതദയാലു അഥവാ വളരെ കർക്കശനാവാനാണ് കൂടുതൽ സാധ്യത. യഥാർത്ഥ വിവേകം ഒരു വഴികാട്ടിയും സാരഥിയും ആയിരിക്കും. ഇത് ആത്മാവിനെ തെറ്റായ തീരുമാനങ്ങൾ, നിലപാടുകൾ ഒക്കെ ഒഴിവാക്കാൻ സഹായിക്കും. രാജാക്കന്മാർക്കും ഭരണാധിപന്മാർക്കും പുരോഹിതന്മാർക്കും അവശ്യം ഉണ്ടായിരിക്കേണ്ട പുണ്യമാണിത്. വിവേകം ഇല്ലാത്ത ഒരു നേതൃത്വത്തിന് ആത്മനിയന്ത്രണം പാലിക്കാനോ സ്ഥൈര്യം അവലംബിക്കാനോ നീതി നടത്താനോ വളരെ ബുദ്ധിമുട്ടാവും. യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ രാജാവും നമ്മുടെ ആത്മീയ പിതാവുമാണ്. ഭൂമിയിൽ ജനിച്ച പുരുഷന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ വിവേകിയാണദ്ദേഹം.
ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും വിശുദ്ധ യൗസേപ്പിതാവ് വിവേകത്തിന് മാതൃകയാണ്. മനുഷ്യാവതാര സംബന്ധിയായ രഹസ്യങ്ങൾ വെളിപ്പെടുത്തികിട്ടാൻ പ്രാർത്ഥനാപൂർവ്വം അദ്ദേഹം കാത്തിരുന്നു. തന്റെ മകനായിത്തീർന്ന ദൈവപുത്രന് വിദ്യാഭ്യാസം കൊടുക്കുകയും എല്ലാ സാഹചര്യങ്ങളിലും തന്റെ പ്രവർത്തികൾ വിവേകത്താൽ നയിക്കപ്പെടാൻ നിഷ്ഠയോടെ, നിസ്തദ്രം പരിശ്രമിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വാഴ്ത്തപ്പെട്ട വില്യം ജോസഫ് ഷാമി നാദേ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു:
” വി.യൗസേപ്പിതാവിന്റെ വിവേകം അതിസ്വാഭാവികമാണ്” എന്ന്.
മാനുഷിക വിവേകവും അതി സ്വാഭാവിക വിവേകവും വ്യത്യസ്തമാണ്. മറ്റുള്ളവരെ വിഷമതകളും സഹനങ്ങളും കഷ്ടപ്പാടുകളും ഒഴിവാക്കാൻ പഠിപ്പിക്കുന്നു മാനുഷികവിവേകം. പക്ഷേ അതിസ്വാഭാവികം സഹനങ്ങൾ ഒഴിപ്പിക്കുകയല്ല, സന്തോഷത്തോടെ അവയെ സ്വീകരിച്ചു, ദൈവത്തെയും സഹോദരരെയും സ്നേഹിക്കാനുള്ള ഉപാധികളാക്കുകയാണ് ചെയ്യുക. സഹനത്തെക്കുറിച്ച് സഹന പുത്രിയായ വിശുദ്ധ അൽഫോൻസാമ്മ വിശ്വസിച്ചിരുന്നത് താൻ “സഹിക്കുകയല്ല, സ്നേഹിക്കുകയാണ്” എന്നാണ്. ആത്മാക്കളുടെ രക്ഷയ്ക്കും പാപിയുടെ മാനസാന്തരത്തിനു മൊക്കെയായി സസന്തോഷം ഈശോയുടെ സഹനത്തോട് ചേർത്തുവച്ച് ഇവർ സഹിക്കുന്നു.
ദൈവകൃപയാൽ, യൗസേപ്പിതാവിന്റെ വിവേകം അതിസ്വാഭാവികവും വീരോചിതവുമാണ് കുരിശിലെ ജ്ഞാനം. ലോകത്തിന് വെളിപ്പെടുന്നതിനും മുമ്പ് തന്നെ പിതാവ് സ്വതസിദ്ധമായും സ്വമനസ്സോടെയും മറ്റുള്ളവരുടെ (വിശിഷ്യ ഈശോയുടെയും മാതാവിന്റെയും) നന്മയ്ക്കുവേണ്ടി സഹനങ്ങളെല്ലാം സാമോദം സ്വീകരിച്ചു . ‘സഹരക്ഷകാത്മ’ സഹനമായിരുന്നു അദ്ദേഹത്തിന്റെത്. ഈ അതി സ്വാഭാവിക പുണ്യം നമ്മിൽ വർധിപ്പിക്കാൻ കെൽപ്പുറ്റവനാണ് യൗസേപ്പിതാവ്. അദ്ദേഹത്തെ വിനയാന്വിതം സമീപിച്ചാൽ മാത്രം മതി; അദ്ദേഹം നമ്മെ പഠിപ്പിക്കും. എല്ലാ സാഹചര്യങ്ങളിലും വിവേകത്തെ സാരഥിയാക്കാനും ദൈവത്തോടും സഹോദരങ്ങളോടും എല്ലായ്പ്പോഴും നന്മയായിട്ടുള്ളവ ചെയ്യാൻ യൗസേപ്പിതാവ് നമ്മെ പരിശീലിപ്പിക്കും. സഹനം സ്നേഹമാക്കുക വിശുദ്ധിയിൽ വളരാം.
പ്രതിഷ്ഠ
അനുനിമിഷം, ഏതാണ്ട് അന്ധമായി, ദൈവഹിതത്തിനു കീഴ്വഴങ്ങി,ധാർമിക മൂല്യങ്ങൾക്ക് അനുസൃതം നന്മ നിറഞ്ഞ ജീവിതം നയിച്ച, എല്ലാറ്റിലും അതീവ ജാഗ്രത പുലർത്തിയ സ്നേഹമയിയായ, തികഞ്ഞ വിവേകിയായ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. പുണ്യങ്ങളിൽ (ദാനങ്ങളിൽ ) പ്രമുഖ സ്ഥാനം വഹിക്കുന്ന വിവേകത്തിന്റെ ആൾരൂപമായ യൗസേപ്പിതാവേ, അതി സ്വാഭാവിക വിവേകം എന്നെ പഠിപ്പിക്കണമേ! എല്ലാറ്റിനും മദ്ധ്യമാർഗം അവലംബിക്കാനും സമചിത്തത നഷ്ടപ്പെടുത്താതിരിക്കാനും എന്നെ സഹായിക്കണമേ! അതി സ്വാഭാവിക വിവേകത്തെ വഴികാട്ടിയായും സാരഥിയുമായി സ്വീകരിച്ച് അംഗീകരിച്ച് ആത്മീയ ജീവിതം സുഗമമാക്കാൻ എന്നെ സഹായിക്കണമേ ! സഹനങ്ങളെ രക്ഷാകരമാക്കാൻ എന്നെ പരിശീലിപ്പിക്കണമേ! ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.