സഹന സാഗരത്തിലും ദൈവമേ, സ്തുതി!
സങ്കീർത്തനം 56ന്റെ കൂടപ്പിറപ്പാണ് 57. വ്യക്തിഗതവിലാപവും പരാതിയും ഇതിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഉടയവനിൽ ഉള്ള പരിപൂർണ്ണ ശരണവും. സാവൂളിൽ നിന്ന് ഓടിപ്പോയി ഒരു ഗുഹയിൽ ഒളിച്ചപ്പോൾ ദാവീദ് പാടിയതായിരിക്കാം ഇത് (1സാമു.22:1). പക്ഷേ സാധകന്റെ വിലാപവും പരാതിയും ഒരു ഗണം ശത്രുക്കൾക്കെതിരായിട്ട് അവരുടെ കൊടുംദ്രോഹങ്ങളെക്കുറിച്ചാണ്.
ഈ വ്യക്തിഗത വിലാപഗീതത്തിൽ 11 വാക്യങ്ങൾ ആണുള്ളത്. ഇവയിൽ 1, 5 ന്റെ ആവർത്തനമാണ്. 1-5 പീഡിതനു സഹായമരുളുന്ന ദൈവത്തെ അവതരിപ്പിക്കുന്നു. പീഡകളുടെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും സർവ്വശക്തനെ സാകൂതം സ്തുതിക്കുന്ന ദൈവഭക്തനെ 6-11 വരച്ചുകാട്ടുന്നു.
പ്രാർത്ഥനയോടുകൂടി ആരംഭിച്ച്, ദൈവാശ്രയം വ്യക്തമാക്കി, പരാതി യിലൂടെ പരതി, അവസാനം ദൈവമഹത്വം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു ഒന്നാം ഭാഗം. തനിക്ക് തികഞ്ഞ തുണയാകുന്ന നല്ല തമ്പുരാനെയാണ് സാധകൻ ഇവിടെ ഉയർത്തിക്കാട്ടുക.
രണ്ടാംഭാഗവും പരാതിയിൽ നിന്നു തുടങ്ങുന്നു. തുടർന്ന് സർവ്വനന്മയായ സർവ്വേശ്വരനെ സർവ്വത്മനാ സ്തുതിക്കയും അവിടുത്തെ മഹാമഹിമ ഉറക്കെ പ്രഘോഷിക്കുകയും ചെയ്യുന്നു. ഭക്തന്റെ സത്യസന്ധമായ സർവ്വേശസ്തുതിയാണ് ഈ രണ്ടാം ഭാഗത്ത് മുഴങ്ങി കേൾക്കുന്നത്.
വിശദാംശങ്ങളിലേക്കു കടന്നാൽ, എന്നോട് കൃപയുണ്ടാകണമേ! ദൈവമേ എന്നോട് കൃപ തോന്നേണമേ! എന്ന പ്രാർത്ഥനയോടെയാണ് ( സങ്കീർത്തനം 56 പോലെ ) ഇതും തുടങ്ങുക. പൊടുന്നനെ ദൈവത്തിലുള്ള ആശ്രയത്വം അവൻ ഏറ്റുപറയുകയും ചെയ്യുന്നു. ദൈവത്തിന്റെ സംരക്ഷണത്തിന്റെ ഉറപ്പിൽ നിന്നുകൊണ്ടാണ് നായകൻ തന്റെ നിരവധിയായ പീഡകളെ വീക്ഷിക്കുക. അതുകൊണ്ടാവണം ശത്രുക്കൾക്കെതിരെയുള്ള അവന്റെ പരാതി ഒറ്റവാക്കിൽ പരിമിതപ്പെടുത്തുന്നത് (വാക്യം 4). സഹനങ്ങളും പീഡനങ്ങളും അല്ല ദൈവത്തിന്റെ സഹായവും സംരക്ഷണവും ആണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്ന സന്ദേശം ഇതിലൂടെ സാധകൻ നൽകുകയാണ് .
‘ അങ്ങയുടെ ചിറകിൻ കീഴിൽ’ എന്ന ശൈലി സങ്കീർത്തനങ്ങളിൽ സാധാരണമാണ്. ഇസ്രായേലിനെ സംരക്ഷിക്കുന്ന തള്ളപ്പക്ഷിയായി ദൈവത്തെ ചിത്രീകരിക്കുന്നത് പഴയനിയമത്തിൽ ഉടനീളം കാണാം. വാഗ്ദാന പേടകത്തിൽ ദൈവത്തിന്റെ പ്രത്യേക സാന്നിധ്യമുണ്ടായിരുന്നു. അതിന്മേൽ കെരൂബുകളുടെ ചിറകുകൾ ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ ചിറകുകളെ ദൈവത്തിന്റെ ചിറകുകൾ ആയി സങ്കൽപ്പിച്ചുകൊണ്ട് ഭക്തൻ പ്രാർത്ഥിച്ചിരുന്നെന്ന സൂചനയും ആകാം ഇവിടെയുള്ളത്. തന്മൂലം ഈ പ്രാർത്ഥനയുടെ പശ്ചാത്തലം ദൈവാലയവും ദൈവാരാധനയുമാണെന്നു കരുതുന്നതു യുക്തമെന്നു വരുന്നു.
ശത്രുക്കളെ ദുഷ്ടമൃഗങ്ങളായി കണ്ടു കൊണ്ട് അവയുടെ ക്രൂരത വർണിക്കാൻ സിംഹത്തിന്റെ ചിത്രം സഹായിക്കുന്നു. അഞ്ചാം വാക്യത്തിലൂടെ ‘ആകാശം, ‘ഉയർന്നു നിൽക്കുക’, ‘മഹത്വം’ എന്നീ പദങ്ങൾ ദൈവത്തിന്റെ അധീശത്വത്തെയും ശക്തിയെയും സൂചിപ്പിക്കുന്നു.
രണ്ടാം ഭാഗം 6-11 ആരംഭിക്കുന്നത് സങ്കീർത്തകന്റെ പരാതിയോടുകൂടിയാണ്. അതും ഒറ്റവാക്കിൽ ഒതുങ്ങിനിൽക്കുന്നു. ‘വല വിരിച്ചു’, ‘ കുഴി കുഴിച്ചു’ എന്ന് പ്രയോഗങ്ങളിലൂടെ ശത്രുക്കളുടെ ചതിയെയാണ് വിവക്ഷിക്കുക. ഈ പരാതിയിൽ നിന്നും നായകൻ ധൃതഗതിയിൽ പുറത്ത് കടക്കുന്നു. അനന്തരം ദൈവത്തിലുള്ള തന്റെ ഉറച്ച വിശ്വാസവും അവിടുത്തെ സ്തുതിക്കുമെന്നുള്ള പ്രതിജ്ഞയുമായി പ്രോക്താവ് പെട്ടന്ന് അവസാനിപ്പിക്കുന്നു.
ദൈവത്തിലുള്ള തന്റെ പ്രത്യാശ (ശരണം )യും അവിടുത്തെ അനവരതം സ്തുതിക്കുമെന്നുള്ള തീരുമാനവും എടുക്കുന്ന ദൈവഭക്തനെയാണ് തുടർന്നുള്ള വാക്യങ്ങളിൽ കാണുക. ഇവയിൽ ഒന്നിലും സ്വയം നീതികരണമില്ല എന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ഏവർക്കും അനുകരണാർഹമായ മനോഭാവം! അവൻ വാചാലനാവുന്നത് എവിടെ എന്ന് ശ്രദ്ധിക്കുക.
” അങ്ങയുടെ കാരുണ്യം ആകാശത്തോളം അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും വലുതാണ് (വാ.10). അതേ, എന്നും എപ്പോഴും സ്തുതിക്കപ്പെടേണ്ടത് ദൈവമാണ്. അവിടുത്തേക്ക് മാത്രമാണ് അതിനർഹത. വിശ്വം മുഴുവൻ, ആകാശത്തിൽ ഏറ്റം ഉയർന്നും ഭൂമിയിൽ നിറഞ്ഞും നിൽക്കേണ്ടത് അവിടുത്തെ മഹത്വമാണ്. ഇത് നന്നായി അറിയുന്ന ദൈവഭക്തൻ അവിടുത്തേക്ക് ഹൃദയപൂർവം സ്തുതി പാടാൻ ഉറയ്ക്കുന്നു.
ശത്രുവിന്റെ ദുഷ്ടതയെ കുറിച്ചുള്ള പരാതി ഉരുവിട്ടു കൊണ്ടല്ല, നീതിമാന്റെ ജീവിതം തുടരുന്നതും അവസാനിക്കുന്നതും. അവന്റെ ആദ്യവാക്കും അവസാന വാക്കും ദൈവസ്തുതിയാണ്. സങ്കീർത്തനത്തിന്റെ സന്ദേശം സ്പഷ്ടമാണ്. ഏതൊരു പ്രതിസന്ധിയിലും പരാപരന്റെ ചിറകിൻ കീഴിൽ അഭയം തേടാനുള്ള തിടുക്കമാണ് ആവശ്യം. തനിക്കു വേണ്ടതെല്ലാം തമ്പുരാൻ ക്രമീകരിക്കും എന്ന് വിശ്വസിക്കാനും അവിടുത്തെ വിളിച്ചപേക്ഷിക്കാനും അവിടുത്തെ സ്തുതിച്ച് മഹത്വപ്പെടുത്താനുമുള്ള ദൈവഭക്തന്റെ ഉറച്ചതീരുമാനം അനന്യവും അന്യാദൃശവുമാണ്. അദൃശ്യനായ ദൈവത്തിന്റെ അഭയമരുളുന്ന ദൃശ്യ ചിറകുകളായി കടന്നുവന്ന ഈശോമിശിഹായിൽ നമ്മുടെ പ്രത്യാശയത്രയും അർപ്പിക്കാൻ ഈ കീർത്തനം നമ്മെ സഹായിക്കട്ടെ!.