എത്രമാത്രം പണം ആണ് നമ്മൾ ഇന്ന് ചികിത്സകൾക്കായി ചിലവഴിക്കുന്നത്. രോഗപീഡകളാൽ നിസ്സഹായരാകുന്ന മനുഷ്യരെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് ഇന്നത്തെ പല ആധുനിക ചികിത്സാ സംവിധാനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്. പരിശോധനകൾക്കും ചികിത്സകൾക്കും ആയി ലക്ഷങ്ങൾ തന്നെ അവർ ഈടാക്കുന്നു. തെറ്റായ തരത്തിലുള്ള പരസ്യങ്ങൾ നൽകി രോഗികളെ ഭയത്തിലാക്കി അവരിലേക്ക് ആകർഷിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലമോ ജീവിതസാഹചര്യങ്ങൾ കൊണ്ടോ ഉണ്ടാവുന്ന ചെറിയ ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും മാരകരോഗങ്ങൾ ആയി അവർ പെരുപ്പിച്ചു കാണിക്കുന്നു. ഇന്ന് ആരോഗ്യ മാസികകൾ ധാരാളമായി പുറത്തിറങ്ങുന്നു. ആരോഗ്യത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകൾ കൂടിക്കൊണ്ടിരിക്കുന്നു.
വർഷങ്ങൾ നീണ്ട ചികിത്സകൾക്കൊന്നിനും യുവതിയായ മായയുടെ പുറം വേദനയ്ക്കും തലവേദനയ്ക്കും ആശ്വാസം പകരാൻ ആയില്ല. പലതരം ചികിത്സകൾ മാറിമാറി ചെയ്തിട്ടും രോഗത്തിന് ശമനം ലഭിച്ചില്ല. ഒടുവിൽ മൂന്നാമത്തെ ഒരു സ്കാനിങ്ങിലൂടെ ആണ് വായുക്ഷോഭത്തിന്റെ പരിണിതഫലമാണ് ഈ രോഗങ്ങൾ എന്ന് മനസ്സിലായത്. ഇതാകട്ടെ കുടുംബ സംബന്ധമായും ജോലി സംബന്ധമായും അവൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ പരിണിതഫലവും. വടക്കേ ഇന്ത്യയിലെ ഒരു സ്കൂളിൽ ജോലിചെയ്തിരുന്ന മായ ആരോടും പങ്കു വയ്ക്കാതെ അവളുടെ ഉള്ളിലൊതുക്കിവച്ച സംഘർഷങ്ങൾക്ക് അടിമയായിരുന്നു.
കാണപ്പെടുന്നവ കാണപ്പെടാത്ത വയിൽ നിന്നും ഉണ്ടാകുന്നു എന്ന് നമുക്കറിയാം. മുറ്റത്തിനരികിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന അമ്മച്ചിപ്ലാവ് പണ്ടെന്നോ മണ്ണിനടിയിൽ ആരും കാണാതെ കിടന്ന ചക്കക്കുരു വിൽ നിന്നും മുളച്ചു പൊന്തിയതാണല്ലോ. മായയുടെ ഉള്ളിൽ ആരാലും കാണപ്പെടാതെ കിടന്ന സംഘർഷങ്ങളെ വിത്തുകളാണ് മുളപൊട്ടി വളർന്ന് ശാരീരിക അസ്വസ്ഥതകൾ ആയി പുറത്തേക്ക് വന്നത്. ഏതാനും ദിവസത്തെ ധ്യാനത്തിനും കൗൺസലിങ്ങിനും ശേഷം ചിട്ടയായ ഒരു പ്രാർത്ഥന ജീവിതവുമായി മായ ഇന്ന് സന്തോഷവതിയായി കഴിയുന്നു.
ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഉള്ള പല പ്രമുഖ ആശുപത്രികളിലും രോഗികളെ ആദ്യം കൗൺസിലിങ്ങിന് വിധേയരാക്കുന്നു. പിന്നീട് ഏത് ഡോക്ടറെ കാണണം എന്ന് അവരാണ് തീരുമാനിക്കുന്നത്. ഒരു രോഗവും ശരീരത്തിന്റെ മാത്രം പ്രശ്നമല്ല എന്നുള്ള തിരിച്ചറിവാണതിനു പിന്നിൽ . ഇപ്രകാരമുള്ള ചികിത്സയാൽ രോഗികൾ വേഗത്തിൽ സൗഖ്യം പ്രാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഉത്കണ്ഠ പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴം എങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ? ( മത്തായി 6 :27 ).
നമ്മുടെ ഉള്ളിലുള്ള സംഘർഷങ്ങളെ, നിഷേധാത്മക വികാരങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക. അനുദിന ജീവിതത്തിൽ ലോകം തരുന്ന ദുഃഖങ്ങളും ഭാരങ്ങളും നമ്മൾ തന്നെ സൂക്ഷിച്ചു വയ്ക്കാതെ ഹൃദയം തുറന്ന് ദൈവത്തിനു സമർപ്പിക്കണം. അവയൊക്കെ ദൈവം സ്വീകരിച്ച് നമ്മെ ആശ്വസിപ്പിക്കും. പകരം അവിടുത്തെ സന്തോഷവും സമാധാനവും നമുക്ക് തരും. അതും നമുക്കായി മാത്രം മൂടി വെയ്ക്കാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കണം. ലോകം തരുന്നത് ദുഃഖങ്ങളും ദുരിതങ്ങളും ആയിരിക്കാം. അതേ ദൈവത്തിനും, ദൈവം തരുന്നത് ലോകത്തിനും കൊടുക്കുക. അപ്പോൾ ആകുലതകളും നമ്മെ വിട്ടകലുകയും ശരീരം പുതുജീവൻ പ്രാപിക്കുകയും ചെയ്യും.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം