” ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? “
(ജെറെ 32:27)
ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം നൽകുകയാണ്. ഉടമ്പടി ലംഘനമെന്ന അതീവഗുരുതരമായ, അക്ഷന്തവ്യമായ അവിശ്വസ്ഥതയ്ക്ക് തക്കശിക്ഷയാണ് ഇസ്രായേലിനു ലഭിച്ചത് എന്ന് സത്യമാണ് അവിടുന്ന് ഇവിടെ വെളിപ്പെടുത്തുക. എങ്കിലും യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാതിരുന്നിട്ടും ശിക്ഷ അനുഭവിച്ചു തുടങ്ങും മുമ്പേ ഭാസുരമായ ഒരു ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്നതു തന്നെ ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ അടയാളമാണ്. അജയ്യരായ ബാബിലോണിയൻ സൈന്യത്തെ, പ്രവാസത്തിനൊടുവിൽ, ഇസ്രായേൽ പരാജയപ്പെടുത്തുമെന്ന് മഹോന്നതന്റെ പ്രഖ്യാപനം അവിടത്തെ അനുപമായ ശക്തിയുടെയും പ്രകടനമാണ്.
ഈ ലോകം മുഴുവൻ തിന്മയുടെ സ്വാധീനത്തിലാണ്. ” വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ അത്ഭുത ശക്തിയോ അറിയാത്തതുകൊണ്ടാണ് മനുഷ്യനു തെറ്റ് പറ്റുന്നത് ( മർക്കോ 12: 24).
വചനം വലിയ വിശ്വാസത്തോടെ പ്രാർത്ഥനാപൂർവ്വം വായിച്ചറിയണം, മനസ്സിലാക്കി പഠിക്കണം, ധ്യാനിക്കണം. അങ്ങനെ നമ്മൾ വചനത്താൽ അഭിഷേചിതരാവണം. ആദിയിലെ വചനം ഉണ്ട്. ഈ വചനം എപ്പോഴും ദൈവത്തോട് കൂടെയാണ് ( യോഹ 1: 1)ഈ സത്യദൈവം ആണ്. ഈ വചനമാണ് മാംസമായി നമ്മുടെ ഇടയിൽ വസിച്ചത്. ഇപ്രകാരം മനുഷ്യനായി അവതരിച്ച ദൈവമാണ് ഈശോ (യോഹ 1: 15).
വചനത്തെ പുച്ഛിച്ച് തള്ളുന്നവർ ഈശോയെ തന്നെയാണ്, ദൈവത്തെ തന്നെയാണ് തള്ളിപ്പറയുന്നത്.
” തങ്ങൾക്ക് ലഭിച്ച ശിക്ഷയിലൂടെ നീതിമാന്മാർക്ക് നന്മ ലഭിച്ചു എന്ന് കേട്ടപ്പോൾ അത് കർത്താവിന്റെ പ്രവർത്തിയാണെന്ന് അവർ അറിഞ്ഞു” (ജ്ഞാനം 11:13). ദൈവത്തിന്റെ വിശ്വസ്തതയും ശക്തിയും കരുണയും ധ്യാനിക്കാനും പഠിക്കാനും ഇസ്രായേലിന്റെ (നീതിമാന്മാരുടെ) സഹനം അവർക്ക് അവസരമൊരുക്കി. ദൈവശിക്ഷണമാണ് അവർക്ക് സഹനം നൽകിയത്. സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നത് പോലെയാണത് (ജ്ഞാനം 3:4-6)