ചോദിക്കുവിൻ, ലഭിക്കും

Fr Joseph Vattakalam
4 Min Read

അവൻ അവരോടു പറഞ്ഞു നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർധരാത്രി അവന്റെ അടുത്തുചെന്നു അവൻ പറയുന്നു: സ്നേഹിതാ, എനിക്ക് മൂന്നു അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ എന്റെ അടുക്കൽ  വന്നിരിക്കുന്നു അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത് കതകടച്ചു കഴിഞ്ഞു; എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ എന്റെ കിടക്കയിലാണ്. എഴുന്നേറ്റു നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവനു ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റു അവനു വേണ്ടത് നൽകും. ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്ക് തുറന്നു കിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്കു എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!”  (ലൂക്കാ. 11:5-13)

നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവ് പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തു തരും” (യോഹ. 14: 13-14)

ശിമയോൻ, ശിമയോൻ, ഇതാ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു . നീ തിരിച്ചു വന്നു നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തണം. ശിമയോൻ പറഞ്ഞു: കർത്താവേ,

നിന്റെകൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാൻതന്നെയും ഞാൻ തയ്യാറാണ്. അവൻ പറഞ്ഞു: പത്രോസേ, ഞാൻ നിന്നോട് പറയുന്നു. നീ എന്നെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്ന് കോഴി കൂവുകയില്ല” (ലൂക്കാ. 22:31-34)

ഈശോയാണ്  ഏകമധ്യസ്ഥൻ. അതുകൊണ്ടു മധ്യസ്ഥ പ്രാർത്ഥനയെല്ലാം നടത്തേണ്ടത് ഈശോയോടാണ്. യോഹ. 17  മുഴുവൻ തന്നെ ഈ ഈശോയുടെ മധ്യസ്ഥ പ്രാർത്ഥനയാണ്. മറ്റു പ്രാർത്ഥനകളാകാം. അവയെല്ലാം ഈശോയിലൂടെ, അവിടുത്തെ തിരുനാമത്തിലാണ് സമർപ്പിക്കപ്പെടുക. അങ്ങനെയായിരിക്കുകയും വേണം.

ശിമെയോന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഈശോ പിതാവിനോട് മാദ്ധ്യസ്ഥൈം യാചിച്ചു . ആ ജീവിതം ആദ്യന്തം മധ്യസ്ഥപ്രാർത്ഥനയുടേതായിരുന്നു. അതുകൊണ്ടുതന്നെ, നിരാശനാകാതെ, ഈശോയിലേക്ക് നോക്കി ആത്മരക്ഷയുൾപ്പെടെ സകലതും നേടിഎടുക്കാൻ വലിയ മുക്കുവന് കഴിഞ്ഞു. പഴയനിയമകാലം പരിശോധിച്ചാൽ, സോദോമിനും ഗോമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോട്  മാദ്ധ്യസ്ഥൈം യാചിക്കുന്നതും പട്ടണങ്ങളിൽ പത്തു നീതിമാന്മാർ അവശേഷിച്ചിട്ടുണ്ടെങ്കിൽ അവയുടെ മേലുള്ള ശിക്ഷ പിൻവലിക്കുമെന്ന വാഗ്ദാനവും ദൈവത്തിൽ നിന്ന് അവനു കിട്ടി. പത്തുപേർപോലും ഇല്ലായിരുന്നുവെന്നത് മഹാദുഃഖസത്യം.

മോശ കൈകൾ വിരിച്ചുപിടിച്ചു വലിയ വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോഴെല്ലാം ഇസ്രായേൽ ജനം വിജയം കൈവരിച്ചു. മോശയുടെ കൈകൾ തളർന്നപ്പോൾ രണ്ടു കല്ല് എടുത്തു അവയിന്മേൽ വച്ച് അദ്ദേഹം പ്രാർത്ഥന തുടർന്നു. അതിനും പിന്നാലെ, അഹരോനും നൂനും കൂടി ഇരുവശങ്ങളിലും നിന്ന്  കൈകൾ താങ്ങിക്കൊടുത്തു, മോശ മധ്യസ്ഥ പ്രാർത്ഥന തുടരുകയും ഇസ്രായേൽ സൈന്യം  ശത്രുവിന്റെമേൽ പൂർണ്ണവിജയം കൈവരിക്കുകയും ചെയ്തു (അമലേക്യർ).

മധ്യസ്ഥ പ്രാർത്ഥനയുടെ ഒരു വിഷയം പാപികളുടെ മനസാന്തരവും മറ്റൊന്ന്  ശുദ്ധീകരണസ്ഥലത്ത്  വേദനിക്കുന്നവരുടെ മോചനവുമായിരിക്കണം. ഏറെ പ്രാർത്ഥനകൾ അത്യാവശ്യമുള്ളവയാണ് ഇരുമേഖലകളും. മധ്യസ്ഥപ്രാർത്ഥന വഴി ദൈവത്തിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നത് ഇന്നും ദൈനംദിന സംഭവം തന്നെയല്ലേ?

മധ്യസ്ഥപ്രാർത്ഥന ആവശ്യമില്ലെന്നു കാതിൽ  ഓതുന്നത് പിശാചാണ്. ഇങ്ങനെ ഓതി ഓതി  നിരവധി മക്കളെ അവൻ നിത്യനാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലുക, നശിപ്പിക്കുക ഇവയാണ് അവന്റെ ലക്ഷ്യം. “മോഷ്ട്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” ( യോഹ. 10:10).”തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു” (ഹെബ്രാ. 7 :25 ) .

എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്നു ഞാൻ ആദ്യമേ ആഹ്വാനം  ചെയ്യുന്നു.  ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടിയും അപ്രകാരംതന്നെ ചെയേണ്ടതാണ്; ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യവുമത്രേ”( 1 തിമോ 2 :1 -3 ). “അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു, സഭ അവനുവേണ്ടി ദൈവത്തോട് തീക്ഷ്‌ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു” (അപ്പസ്‌തോ. 12 :5 ). “ദൈവം വചനത്തിന്റെ കവാടം  ഞങ്ങൾക്ക് തുറന്നുതരാനും ഞങ്ങൾ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാൻ ബന്ധനസ്ഥനായിരിക്കുന്നത്” കൊളോ.4 :3 )

നല്ലതും ആവശ്യവുമായ കാര്യമാണെങ്കിൽ ലഭിക്കുന്നതുവരെ, മടുപ്പില്ലാതെ പ്രാർത്ഥിക്കുക. മുപ്പത്തിമൂന്നു വർഷം മധ്യസ്ഥ പ്രാർത്ഥനയും തപസ്സും പ്രായശ്ചിത്തവും നടത്തിയ മോനിക്കാ പുണ്യവതിയാണ്  താന്തോന്നിയായ തന്റെ മകൻ അഗസ്റ്റിനെ വിശുദ്ധിയിലേക്ക് നയിച്ചത്.

Share This Article
error: Content is protected !!