ദൈവം അവരെ( ആദം – ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ”( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ മേഖലയിലും അത്യന്താപേക്ഷിതമാണ്. ഇത് ദൈവം അത്യധികം ആഗ്രഹിക്കുന്നതും ആണ്. ഭൗമിക പ്രചോദനയാലല്ല, ഉന്നതങ്ങളിൽ നിന്നുള്ള അനുഗ്രഹവർഷം വഴിയാണ് ആത്മീയോദ്പാദനം സംഭവിക്കുക. ദിവ്യമായ ഒരു പിന്തുടർച്ച തന്നെയാണത്.
ഞാൻ പ്രസവത്തോളം എത്തിച്ചിട്ട് പ്രസവം ഉണ്ടാകാതെയിരിക്കുമോ? ജന്മം നൽകുന്ന ഞാൻ ഗർഭ പാത്രം അടച്ചു കളയുമോ? – നിന്റെ ദൈവം ചോദിക്കുന്നു (ഏശയ്യ 66:9).
പുനരുല്പാദനം എന്നത് ജഡികം മാത്രമല്ല. കുഞ്ഞിന് ജന്മം നൽകുന്ന അമ്മയുടെ അതേ ഭാവതലംമായാണു ഒരു പുതിയ ആശയം നാമ്പെടുക്കുമ്പോഴുള്ള മനുഷ്യമനസ്സിന്റെ ഭാവവും. ദൈവവിളി ലഭിച്ച ഒരു വ്യക്തിയെ പുരോഹിതനായി അഭിഷേകം ചെയ്യുമ്പോൾ മെത്രാന്റെ ഭാവതലവും വ്യത്യസ്തമല്ല. നിത്യമായ പുനർജനനത്തിനു സമമാണിത്; സമമാവണം.
” വിശ്വാസത്തിൽ എന്റെ സ്വന്തം സന്താനമായ തീമോത്തേയോസ്” എന്നാണ് പൗലോസ് പ്രേഷ്ഠ ശിഷ്യനെ വിശേഷിപ്പിക്കുക. (1 തിമോ :1-2).
2തിമോ 1:1ൽ “പ്രേഷ്ഠ പുത്രൻ” എന്ന് തിമോത്തിയെ വിശുദ്ധൻ അഭിസംബോധന ചെയ്തിരുന്നു. ” സത്യത്തിന്റെ വചനത്താൽ നമുക്ക് ജന്മം നൽകാൻ ദൈവം തീരുമനസായി” എന്ന് യാക്കോബും സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ തന്റെ സുവിശേഷം 1 :12, 13 ൽ വ്യക്തമാക്കുന്നു:” തന്നെ സ്വീകരിച്ചവർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവ മക്കളാകാൻ അവിടുന്ന് കഴിവു നൽകി. അവർ ജനിച്ചത് ( ജനിക്കുന്നത്) രക്തത്തിൽ നിന്നോ, പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നത്രേ”.
ഒരു പുരോഹിതന്റെ പരമപ്രധാന ചുമതലയാണ് “പുതുജീവൻ” പുറപ്പെടുവിക്കുക എന്നത്. ഇത് മാമ്മോദീസായിലൂടെയും കുമ്പസാരത്തിലൂടെയും ഒക്കെ ആവാം. എല്ലാ കൂദാശകളിലുമുണ്ട് ഒരുതരം ജീവൻ പകരൽ.
അസത്യത്തിൽ നിന്ന് സത്യത്തിലേക്ക്, ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക്, നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക്, രോഗത്തിൽനിന്ന് സൗഖ്യത്തിലേക്ക് നയിക്കുന്നതുമെല്ലാം പുതുജീവൻ പകരൽ തന്നെ.