കാരുണ്യവാനായ ഈശോയുടെ ഛായാചിത്രം
പൊട്സ്കിലെ മഠത്തിലെ തന്റെ കൊച്ചു മുറിയിൽ വെച്ച് 1931 ഫെബ്രുവരി 22നാണ് വിശുദ്ധ ഫൗസ്റ്റീനയ്ക്കു ഈ ചിത്രത്തിന്റെ മാതൃക നമ്മുടെ കർത്താവീശോമിശിഹാ വെളിപ്പെടുത്തി കൊടുത്തത്.
അവൾ തന്റെ ഡയറിയിൽ എഴുതി, “സായാഹ്നത്തിൽ എന്റെ കൊച്ചു മുറിയിൽ ആയിരുന്നപ്പോൾ, കർത്താവീശോമിശിഹാ ധവളവസ്ത്രധാരിയായി ഞാൻ ദർശിച്ചു. ഒരു കരം ആശീർവദിക്കുന്ന രൂപത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കരം ഉടുപ്പിൽ
സ്പർശിക്കുന്ന രീതിയിൽ നെഞ്ചോട് ചേർത്താണ് പിടിച്ചിരുന്നത്. നെഞ്ചിന്റെ ഭാഗത്തെ ഉടുപ്പ് അല്പം ഒരു വശത്തേക്ക് മാറി, അതിനുള്ളിൽ നിന്ന് ചുവപ്പും, വെളുപ്പും നിറത്തിൽ രണ്ടു വലിയ പ്രകാശകിരണങ്ങൾ പ്രസരിച്ചിരുന്നു… അല്പസമയത്തിനുശേഷം ഈശോ അരുളി ചെയ്തു, “ഈശോയെ, അങ്ങിൽ ഞാൻ ശരണപ്പെടുന്നു” എന്ന കൈയ്യൊപ്പു കൂടി, നീ ഇപ്പോൾ എന്നെ കാണുന്ന മാതൃകയിൽ ഒരു ചിത്രം പെയിന്റ് ചെയ്യണം”. ” ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ഈ ഛായ ചിത്രം പെയിന്റ് ചെയ്യണം. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ഈ ചായ ചിത്രം സാഘോഷം വണങ്ങപ്പെടണമെന്നു ഞാൻ അഭിലക്ഷിക്കുന്നു.ആ ഞായറാഴ്ച ദൈവകരുണയുടെ തിരുനാൾ ദിനം ആയിരിക്കും.
ഇതുകൂടാതെ, ആ ദിവസത്തെ ആരാധനാക്രമങ്ങൾ ഈ ഛായചിത്രത്തോട് വളരെയധികം സാധർമ്യം പുലർത്തുന്നതാണ്. ആ ദിവസം തിരുസഭാ മാതാവ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ സെഹിയോൻ ഊട്ടു ശാലയിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും, അനുരഞ്ജനത്തിന്റെ കൂദാശ സ്ഥാപിക്കുന്നതമായ സുവിശേഷ ഭാഗം ആണ് ആരാധനാ ക്രമത്തിൽ വായിക്കുന്നത് (യോഹന്നാൻ 20: 19- 29). അതുപോലെതന്നെ തന്റെ പീഡാനുഭവവും കുരിശുമരണവും വഴി, മനുഷ്യരാശിക്ക് ദൈവവുമായുള്ള അനുരഞ്ജനം വഴി, സമാധാനം നേടിക്കൊടുത്തു മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേറ്റ ഈശോയെയാണ് ഈഛായ ചിത്രം പ്രതിനിധീകരിക്കുന്നത്.
കുന്തത്താൽ (ഛായ ചിത്രത്തിൽ അദൃശ്യമാണ്) കുത്തി തുറക്കപ്പെട്ട, തിരുഹൃദയത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ തിരുരക്തതിന്റെയും, തിരുജലത്തിന്റെയും കിരണങ്ങളും, കുരിശിൽ തറക്കപ്പെട്ടതിന്റെ ആണി പഴുതുകളും, ദുഃഖവെള്ളിയാഴ്ചത്തെ സംഭവങ്ങൾ നമ്മുടെ ഓർമയിലേക്ക് കൊണ്ടുവരുന്നു. ( യോഹന്നാൻ 19:17 -18; 33- 37). അതിനാൽ ഈ ഛായ ചിത്രം, മനുഷ്യവർഗ്ഗത്തോടുള്ള ദൈവസ്നേഹത്തെ പ്രകാശിപ്പിക്കുന്ന ഏറ്റവും ഉന്നതമായ രണ്ട് സുവിശേഷ സംഭവങ്ങളെ ഒന്നിച്ചു ചേർക്കുന്നു.