സോളമൻ ദൈവാലയ പ്രതിഷ്ഠ(ജെറുസലേം) നടത്തുന്നതാണ് പശ്ചാത്തലം. സുദീർഘമായ ഒരു പ്രാർത്ഥനയോടെ ആരംഭിക്കുന്നു. ഈ ആരംഭവും അവസാനവും ഒരു വസ്തുത വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ കരുണാർദ്ര സ്നേഹം ഇസ്രായേൽ ജനത്തിന് ലഭിക്കുവാനാണ് പ്രധാനമായി പ്രാർത്ഥിക്കുന്നത്.
മുട്ടുകുത്തി കരങ്ങളുയർത്തി, സ്വർഗ്ഗത്തിലേക്ക് നോക്കി അവൻ പ്രാർത്ഥിക്കുന്നു: “ഇസ്രായേലിന്റെ ദൈവമായ കർത്താവേ, പൂർണ്ണഹൃദയത്തോടെ, അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും കരുണാർദ്ര സ്നേഹം അവരുടെ മേൽ ചൊരിയുകയും ചെയ്യുന്ന, അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല”( രാജാ 8:23). പ്രാർത്ഥന അവസാനിപ്പിക്കുന്നത്, “അങ്ങേയ്ക്ക് എതിരായി പാപം ചെയ്തവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിച്ച്…. അവരോടു കാരുണ്യം കാണിക്കുന്നതിന്, കൃപയുണ്ടാകണമേ”(8:50.
‘ഹെസദ് എന്ന hiibrew പദമാണ് പ്രകൃതത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനു ദയ, അനുകമ്പ, വാത്സല്യം, കരുണാർദ്ര സ്നേഹം, അചഞ്ചല സ്നേഹം എന്നൊക്കെ അർത്ഥമുണ്ട്. ഇവയെല്ലാം ദൈവത്തിന്റെ സവിശേഷ സ്നേഹത്തിന്റെ ലക്ഷണങ്ങളാണ്. ഈ സ്നേഹം പ്രതിസ്നേഹം ആവശ്യപ്പെടുന്നു. പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണഹൃദയത്തോടും ജീവശനെ സ്നേഹിച്ചു അവിടുത്തെ മാർഗത്തിലൂടെ മാത്രം ചരിക്കുന്നവർക്ക് അവിടുത്തെ അനന്ത സ്നേഹത്തിന് കൂടുതൽ അർഹതയുണ്ട്. ഇത് ദൈവനീതി മാത്രമാണ്. അധികം നൽകുന്നവനു അധികം ലഭിക്കും.
ഏതൊരു പാപത്തിനും അർഹമായ ശിക്ഷ നൽകാൻ, തന്റെ നീതി ദൈവത്തെ നിർബന്ധിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾക്ക് പുറമേ, ശത്രുക്കളുടെ ആക്രമണം, സാംക്രമിക രോഗങ്ങൾ മുതലായവയും പാപത്തിന്റെ ശിക്ഷയായി വരും എന്ന സോളമൻ സമ്മതിക്കുന്നു. ജനത്തിന് പാപം ഭൂമിയുടെ മേൽ അനർത്ഥങ്ങൾ വരുത്തുമെന്ന്, സോളമൻ തന്റെ പ്രാർത്ഥനയിൽ നിരവധിതവണ ആവർത്തിക്കുന്നു.
ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിനു , അർഹനാകാൻ ഒരുവൻ മൂന്ന് കാര്യങ്ങൾ ചെയ്യണമെന്ന് സോളമൻ രാജാവ് നിർദേശിക്കുന്നു.
1. പാപത്തിൽ നിന്ന്, പൂർണ്ണ മനസ്സോടെ, പിന്തിരിയുക.
- കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക, ഏറ്റുപറയുക.
- ദൈവാലയത്തിൽ പോയി ദൈവത്തോട് പ്രാർത്ഥിക്കുക.
ഇവ ചെയ്യുന്നവർക്കു, കരുണാമയന്റെ കരുണാർദ്ര സ്നേഹം ഉറപ്പ്! പരിശുദ്ധാത്മാവിനെ നിറവ്, അവിടുത്തെ അഭിഷേകം, സ്തുത്യർഹമായ എളിമ(മകുടോദാഹരണം പരിശുദ്ധ അമ്മ തന്നെ) ഇവയുള്ളവർക്ക് ഈ സ്നേഹം വേഗത്തിലും ആഴത്തിലും അനുഭവപ്പെടും.