തിരുമുഖം ധ്യാനിക്കുന്നതിലൂടെ യേശുവിനെ കൂടുതൽ നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യേശുവിൻറെ തിരുമുഖം പതിഞ്ഞ വേറോനിക്കയുടെ തൂവാല സ്ഥാപിച്ചിരിക്കുന്ന ഇറ്റലിയിലെ ചെറുഗ്രാമമായാ മാനോപ്പെല്ലോയിലെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിലാണ് പാപ്പ യേശുവിൻറെ തിരുമുഖം ധ്യാനിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവച്ചത്.
ബാഹ്യമായ കണ്ണുകൾകൊണ്ട് ധ്യാനിക്കുന്നതിനേക്കാൾ ഉപരിയായി ഹൃദയം കൊണ്ടാണ് യേശുവിനെ ധ്യാനിക്കേണ്ടതെന്ന് പാപ്പ പറഞ്ഞു.പരിശുദ്ധാന്മാവ് നമ്മെ നയിക്കാൻ അനുവദിക്കണം. യേശു ബലിയായിത്തീർന്ന കുഞ്ഞാടായ ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ മന്ത്രിക്കും. അവിടുന്ന് മാത്രമാണ് നമ്മുടെ ഒരോരുത്തരുടെയും പാപങ്ങൾക്ക് പരിഹാരമായി സഹിച്ചത്.
നമ്മുടെ പാപങ്ങൾ സ്വയം വഹിച്ചുകൊണ്ട് അവിടുന്ന് നമ്മെ തിന്മയുടെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രരാക്കി. ഇപ്പോഴും നമ്മൾ പാപികളാണെങ്കിലും നമ്മൾ അടിമകളല്ല, മറിച്ച് ദൈവത്തിൻറെ മക്കളാണ്. പാപ്പ വിശദീകരിച്ചു.
ലോകാരോഗ്യ സംഘടന 2020 നഴ്സുമാരുടെ വർഷമായി പ്രഖ്യാപിച്ച കാര്യം ത്രികാലജപത്തിനു ശേഷം പാപ്പ അനുസ്മരിച്ചു. നേഴ്സിംഗ് ശ്രേഷ്ഠമായ തൊഴിലാണെന്ന് പാപ്പ പറഞ്ഞു. അവരുടെ അമൂല്യമായ ജോലി ഏറ്റുവും മികച്ച രീതിയിൽ നിർവഹിക്കുവാൻ സാധിക്കുന്നതിനായി എല്ലാ നഴ്സുമാർക്കുംവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.