പാരിസ്ഥിതിക പാപങ്ങൾ നിർവചിക്കണമെന്നും സമഗ്രമായ മാനസാന്തരത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നതടക്കമുള്ള നിർദേശങ്ങളുമായി ആമസോൺ സിനഡിന്റെ അവസാന രേഖ പ്രസിദ്ധീകരിച്ചു. ദൈവത്തിനും അയൽക്കാരനും സമൂഹത്തിനും പരിസ്ഥിതിക്കുമെതിരായി ചെയുന്ന പാപങ്ങളും ചെയാതിരിക്കുന്ന കടമകളും നിർവചിക്കണമെന്ന സിനഡിന്റെ അവസാന രേഖയിൽ പറയുന്നു. വരും തലമുറകൾക്കെതിരായുള്ള ഈ പാപങ്ങൾ പരിസ്ഥിതി നശീകരണത്തിലൂടെയും മലിനീകരണത്തിലൂടെയുമാണ് ഉണ്ടാകുന്നതെന്നും രേഖയിൽ വ്യക്തമാക്കുന്നു.
അജപാലനപരവും സാംസ്കാരികവും പരിസ്ഥിതികവുമായ മാറ്റങ്ങൾ ആവശ്യപ്പെടുന്ന അവസാന രേഖയിലെ ഓരോ ആർട്ടിക്കിളുകളും വോട്ടിനിട്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് അംഗീകരിച്ചത്. വോട്ടവകാശമുള്ള 181 അംഗങ്ങൾക്ക് പുറമെ ആമസോണിൽ തദ്ദേശീയരുടെ പ്രതിനിധികളും സന്യാസസഭകളുടെയും അൽമായ കൂട്ടായ്മയുടെയും പ്രതിനിധികളും സിനഡിൽ പങ്കെടുത്തിരുന്നു. സിനഡ് അംഗങ്ങൾ തയാറാക്കിയ 33 പേജുള്ള ശുപാർശകൾ ഫ്രാൻസിസ് പപ്പയ്ക്ക് കൈമാറി.
ആമസോൺ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു വിവാഹിതരായ പുരുഷന്മാർക്കും പൗരോഹിത്യം നൽകണം, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കണം എന്നീ ശുപാർശകളും സിനഡ് മുന്നോട്ടുവച്ചിട്ടുണ്ട്. 2.8 ദശലക്ഷം ജനങ്ങളുള്ള ആമസോൺ മേഖലയിൽ 9 രാജ്യങ്ങളിലായി (ബൊളീവിയ, പെറു, ഇക്വഡോർ, കൊളംബിയ, പെൻസുലിയ, ബ്രസീൽ, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഏകദേശം 400 ഗോത്രവംശങ്ങളുണ്ട്. 49 ഭാഷാകുടുംബത്തിൽ പെട്ട 240 ഭാഷകൾ നിലനിൽക്കുന്ന ഭൂപ്രദേശത്തു പൊതുവായ സഭാസംഘടനയിൽ നിന്നുകൊണ്ട് ശുശ്രൂക്ഷ ചെയ്യാനാകില്ല എന്ന നിലപാടാണ് ആമസോൺ മേഖലയിൽ നിന്നുള്ള സിനഡ് പിതാക്കന്മാർ സ്വീകരിച്ചത്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ദിവ്യബലി അർപ്പിക്കപ്പെടുന്ന പല പ്രദേശങ്ങളുമുള്ള സാഹചര്യത്തിലാണ് സിനഡിന്റെ പുതിയ നിർദ്ദേശങ്ങൾ. സിനഡ് നിർദ്ദേശിച്ച രേഖയിന്മേലുള്ള അന്തിമ തീരുമാനം മാർപാപ്പയുടേതാണ്. സിനഡിന്റെ അവസാന രേഖയ്ക്ക് അതിൽ തന്നെ പ്രബോധനപരമോ നിയമപരമോ ആയ സ്വഭാവമില്ല.