നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി ജീവിച്ചിരുന്നു. ഇങ്ങനെയൊരു താപസനെക്കുറിച്ചു കേട്ട ജനം പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനുമായി അദ്ദേഹത്തെ സമീപിച്ചു തുടങ്ങി. ചുരുങ്ങിയ സമയത്തിനുളിൽ അദ്ദേഹത്തെ സന്ദർശിക്കുന്നവരുടെ എണ്ണം സീമാതീതമായി വർധിച്ചു. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ അനുഗ്രഹം ലഭിച്ചുകൊണ്ടിരുന്നു. സുദീർഘമായ ഒരു കാലഘട്ടം തന്നെ അദ്ദേഹം ആ ഗുഹയിൽ താമസിച്ചു ജനങ്ങൾക്ക് ആത്മീയ ശുശ്രൂക്ഷ ചെയ്തു. ഇപ്പോൾ അദ്ദേത്തിനു പ്രായാധിക്യമായി. രോഗിയായി. അതുകൊണ്ടു അദ്ദേഹം ഗുഹയിലെ വാസം ആശ്രമത്തിലേക്കു മാറ്റി.
ഏറെനാൾ ആ ഗുഹ അനാഥമായിരുന്നു. ഒരു ദിവസം ഒരു യുവ സന്ന്യാസി വയോവൃദ്ധനും രോഗിയുമായി നമ്മുടെ സന്യാസിയെ സമീപിച്ചു ‘അങ്ങ് തപസ്സനുഷ്ഠിച്ചിരുന്ന ഗുഹയിൽ തപസ്സിനും പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനുമായി ഞാൻ താമസിച്ചുകൊള്ളട്ടെ’ എന്ന് ചോദിച്ചു. മഹാസന്ന്യാസി അനുവദിച്ചു. യുവ സന്ന്യാസി തദനുസാരം ഗുഹയിൽ താമസമായി. വാർത്ത കേട്ടറിഞ്ഞ ജനം ആത്മീയ സഹായങ്ങൾക്ക് അദ്ദേഹത്തെയും സമീപിച്ചു തുടങ്ങി. അവർക്കു കൃപകൾ കിട്ടിക്കൊണ്ടിരുന്ന. യുവ സന്ന്യാസി ‘ജനകീയനായി’ എന്ന് മനസിലാക്കിയ മഹാ സന്യാസിയുടെ അഹം, സ്വാർത്ഥത, വെറുപ്പ് എല്ലാം സടകുടഞ്ഞേണീറ്റ്. അദ്ദേഹം യുവ സന്യാസിക്ക് ഒരു കത്ത് കൊടുത്തു വിട്ടു. ‘ഗുഹ എന്റേതാണ്. എത്രയും വേഗം നിങ്ങൾ ഗുഹ ഒഴിഞ്ഞു തരണം’ യുവ സന്യാസി അനുസരിച്ചു.
ഈശോ അസന്നിഗ്ധമായി പറയുന്നു: ‘എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ’ (മത്താ. 16:24). മഹാ സന്യാസിയുടെ മനോഭാവത്തിന് ദിവ്യനാഥന്റെ ആഹ്വനവുമായി പുലബന്ധം പോലുമില്ല. ഇത്തരം ആധ്യാത്മികത ഇന്നും സുലഭമാണ്. മുഖം മൂടികൾ മഹാമനസ്ക്കതയോടെ അഴിച്ചുമാറ്റി യഥാർത്ഥ ക്രൈസ്തവ ജീവിതം നയിക്കാൻ ഇനിയും വൈകുന്നത് ആത്മഹത്യാപരമായിരിക്കും.
മറ്റൊരു മനോഭാവം, അനന്യമായ ഒന്ന്, തിരുവചനം രേഖപ്പെടുത്തുന്നുണ്ട്. സ്നാപകന്റെ ശിഷ്യന്മാർ അവനെ സമീപിച്ചു പരാതി പറയുന്നു: ‘ഗുരോ, യോർദാന്റെ അക്കരെ, നിന്നോടുകൂടെ ഉണ്ടായിരുന്നവൻ, നീ ആരെപ്പറ്റി സാക്ഷ്യപെടുത്തിയോ അവൻ, ഇതാ ഇവിടെ സ്നാനം നൽകുന്നു. എല്ലാവരും അവന്റെ അടുത്തേയ്ക്കു പോകുകയാണ്.’ സ്നാപകൻ പ്രതിവചിച്ചു: ‘സ്വർഗത്തിൽ നിന്നും നല്കപ്പെടുന്നില്ലെങ്കിൽ ആർക്കും ഒന്നും സ്വയം സ്വീകരിക്കാൻ സാധിക്കുകയില്ല. ഞാൻ ക്രിസ്തുവല്ല, അവനു മുൻപേ അയക്കപെട്ടവനാണ് എന്ന് ഞാൻ പറഞ്ഞതിന് നിങ്ങൾതന്നെ സാക്ഷികളാണ്… അവൻ വളരുകയും ഞാൻ കുറയുകയും വേണം’ (യോഹ. 3:26-30). യാഥാർത്ഥവും സത്യസന്ധവുമായ ക്രൈസ്തവ ജീവിതത്തിന്റെ കാച്ചിക്കുറുക്കിയ സത്താണ് സ്നാപകന്റെ വാക്കുകൾ.അവിടുന്ന്, ഈശോ നാഥൻ, നമ്മിലും മറ്റുള്ളവരിലും വളരാൻ എത്രമാത്രം ചെറുതാകാമോ, അത്രയും ചെറുതാകാൻ, ഇടുങ്ങിയ വാതിലിലൂടെ നടന്നു സ്വർഗം പൂകാൻ, നമുക്കും ആത്മാർത്ഥമായി പരിശ്രമിക്കാം.