സങ്കീ. 119:25-41
എന്റെ പ്രാണന് പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!
എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
ദുഃഖത്താല്‍ എന്റെ ഹൃദയം ഉരുകുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച്എന്നെ ശക്തിപ്പെടുത്തണമേ!
തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്അകറ്റണമേ! കാരുണ്യപൂര്‍വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ!
ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്റെ കണ്മുന്പില് ഉണ്ട്.
കര്‍ത്താവേ, അങ്ങയുടെ കല്പനകളോടു ഞാന്‍ ചേര്ന്നുനില്ക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ!
ഒരുക്കമുള്ള ഹൃദയം അങ്ങ് എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെ പ്രമാണങ്ങളുടെ പാതയില്‍ ഉത്സാഹത്തോടെ ചരിക്കും.
കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാന്‍ അതു പാലിക്കും.
ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്കണമേ!
അവിടുത്തെ കല്പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു.
ധനലാഭത്തിലേക്കല്ല, അങ്ങയുടെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ!
വ്യര്‍ഥതകളില്‍നിന്ന് എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍ എന്നെ ഉജ്ജീവിപ്പിക്കണമേ!
അങ്ങയുടെ ഭക്തര്‍ക്കു നല്കിയ വാഗ്ദാനം ഈ ദാസനു നിറവേറ്റിത്തരണമേ!
ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന് അകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്ടമാണല്ലോ.
ഇതാ, അങ്ങയുടെ പ്രമാണങ്ങളെ ഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍ പുതുജീവന്‍ പകരണമേ!
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ! അങ്ങ് വാഗ്ദാനം ചെയ്ത രക്ഷ എനിക്കു നല്കണമേ!
150 സങ്കീർത്തനങ്ങളിൽ ഏറ്റവും ദൈർഖ്യം ഉള്ളതാണ് 119. ഇതിലെ പൊതു പ്രമേയം കർത്താവിന്റെ നിയമമാണ്. കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാരാണ്. പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവരും അങ്ങനെതന്നെ. കർത്താവിന്റെ നിയമങ്ങൾ പഠിക്കുന്നവർ അവിടുത്തെ പുകഴ്ത്തും, പ്രഘോഷിക്കും. അവിടുത്തെ നിയമം സത്യസന്ധമായി പാലിക്കുന്നവർക്കു തങ്ങളുടെ മാർഗം നിര്‍മലമായി സൂക്ഷിക്കാനാവും. അവർ അനവരതം പൂര്‍ണഹൃദയത്തോടെ തേടുന്നത് കർത്താവിനെ ആയിരിക്കും. അവർ അവിടുത്തെ വചനമനുസരിച്ചു ജീവിക്കും. അവിടുത്തെ കൽപ്പനകൾ അനുസരിക്കുന്നതിൽ അവർ ആനന്ദിക്കും. അവയ്ക്കുവേണ്ടിയുള്ള അഭിനിവേശം അവരെ നിരന്തരം ദഹിപ്പിക്കും. പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവർ കർത്താവിന്റെ കല്പനകൾ ധ്യാനിക്കും.