സൃഷ്ടികർമ്മമാകുന്ന ഡിവൈൻ കോമേഡിയുടെ ഒന്നാം അങ്കം ഒന്നാം രംഗമാണ് നാം കഴിഞ്ഞ ദിവസം കണ്ടത്. മാലാഖമാരെ ശ്രിഷ്ട്ടിച്ചതിൽ പോലും മഹോന്നതനു മനസ്സുരുകി കരയേണ്ടിവന്നു. പക്ഷെ ദൈവത്തിന്റെ സ്നേഹവും കരുണയും അതിന്റെ രണ്ടാം രംഗത്തേക്കു പ്രേവേശിക്കുന്നു. അതാണ് പ്രപഞ്ച ശ്രിഷ്ട്ടി (cfr ഉല്പ. 1, 2, 3 അധ്യായങ്ങൾ)
ഈ രംഗത്ത് നാം കാണുന്നത് പ്രപഞ്ച സൃഷ്ടിയാണ്. ‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു’ (ഉല്പ. 1:1). വെളിച്ചം (പകൽ), ഇരുൾ (രാത്രി), ആകാശം (വിതാനം), ഭൂമി (കര), ജലസഞ്ചയം (കടൽ), ജലജീവികൾ (മത്സ്യ വിഭവം), ആകാശത്തിലെ പക്ഷികൾ, എല്ലാത്തരം ജീവജാലങ്ങളും മൃഗങ്ങളും നിറഞ്ഞ ഭൂമി; എല്ലാം ശ്രിഷ്ട്ടിക്കപെടുന്നത് ഈ ഒന്നാം രംഗത്ത് തന്നെ.
‘ഉണ്ടാകട്ടെ’ എന്ന ഒറ്റ വാക്ക് കൊണ്ടാണ് മേല്പറഞ്ഞവയെല്ലാം സൃഷ്ട്ടിച്ചത്. രണ്ടാം രംഗം പരമ പ്രധാനമാണ്. ഇവിടെയാണ് ദൈവം സൃഷ്ടപ്രപഞ്ചത്തിന്റെ മണിമുകുടവും ശ്രിഷ്ട്ടികളുടെയെല്ലാം അതിനാഥനുമായ മനുഷ്യനെ സൃഷ്ടിക്കുന്നത്. (ഉല്പ 1:26-31)
ദൈവത്തിന്റെ പ്രേമഭാജനങ്ങളായിരുന്നു ആദവും ഹവ്വയും. ഏദൻ തോട്ടം അവർക്കു വാസസ്ഥലവുമായി നൽകി. ഫലവൃക്ഷങ്ങളാൽ നിബിഢമായിരുന്നു ആ തോട്ടം. സ്വാദിഷ്ടമായ ഫലങ്ങൾ അവിടെ സുലഭം. തോട്ടത്തിന്റെ നടുവിൽ നിന്നിരുന്ന നന്മ തിന്മകളുടെ വൃക്ഷത്തിന്റെ ഫലം മാത്രം ദൈവം അവർക്കു വിലക്കിയിരുന്നു. ആ പഴയ സർപ്പം ദൈവത്തോട് പ്രതികാരം ചെയ്യാൻ അവൻ അവരെ കരുവാക്കി. വിലക്കപ്പെട്ട കനി അവർ ഇരുവരും ഭക്ഷിച്ചു. അത് തിന്നുന്ന ദിവസം അവർ (അവരിലെ ദൈവിക ജീവൻ) മരിക്കും എന്ന് അവർക്കു ദൈവം മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും അവർ അവിശ്വസ്തത കാണിച്ചു. ‘സ്വന്തവാളാൽ (സ്വാതന്ത്ര്യം) സ്വയം വെട്ടി മരിച്ചു.’ ആദിമ ദമ്പതികളുടെ സന്തതി പരമ്പര മുഴുവൻ ആനന്ദത്തിന്റെ പറുദീസയിൽ അനവരതം വാഴുവാനാണ് സർവവും കൈയാളുന്ന വല്ലഭൻ അവരെ സൃഷ്ട്ടിച്ചത്. എന്നാൽ അഹങ്കാരത്തള്ളലിൽ വലിച്ചുവച്ച അനുസരണക്കേടുമൂലം അവരുടെ വംശം മുഴുവൻ പിശാചിന്റെ ദാസ്യത്തിലായി. ലൂസിഫർ അവന്റെ സൃഷ്ട്ടാവിനോട് ചെയ്ത പ്രതികരമാണിത്. ഒപ്പം അവിടുത്തെ കഥനകഥയുടെ രണ്ടാമത്തെ രംഗവും. കദനസാഗരത്തിന്റെ നടുമധ്യത്തിൽ നിന്നുകൊണ്ട് മഹോന്നതൻ മാനവരാശിയെ രക്ഷിച്ചു, രക്ഷിക്കുന്നു. പിതാവിന്റെ അനന്തമായ കരുണയുടെ മുഖമാണ് മിശിഹാ, ലോകരക്ഷകൻ, ഏകരക്ഷകൻ!