പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക് വാക്കുകളുടെ ഉത്ഭവത്തെ കുറിച്ച് പഠിപ്പിക്കുകയായിരുന്നു.
ഡൊമിനിക് സാവിയോ അദ്ദേഹത്തോട് ‘ഡൊമിനിക് എന്ന പദം എന്താണ് അർത്ഥമാക്കുന്നത്?’ എന്ന് ചോദിച്ചു. അദ്ദേഹം വിശദീകരിച്ചു. “ഡൊമിനിക്ക്സ്’ എന്ന ലത്തീൻ പദത്തിൽ നിന്നാണ് ‘ഡൊമിനിക്’ എന്ന വാക്ക് ഉണ്ടായതു. അതിനർത്ഥം ‘കർത്താവിന്റേത്’ എന്നാണ്. വിശദീകരണം സാവിയോയെ അങ്ങേയറ്റം ആനന്ദഭരിതനാക്കി. അവൻ ഇങ്ങനെ പ്രതികരിച്ചു: ഹാ, പുണ്യവാനാകാൻ ഞാൻ ആഗ്രഹിക്കുന്നത് എത്രയോ ശരി. ഇതാ എന്റെ പേരിന്റെ അർഥം പോലും ‘കർത്താവിന്റേത്’ എന്നാണല്ലോ. ഞാൻ മുഴുവനായും ഈശോയുടെതായിരിക്കണം. ഒരു പുണ്യവാനാകുന്നത് വരെ ഞാൻ സൗഭാഗ്യവാനായിരിക്കുകയില്ല.
ഒരു ദിവസം ഡോൺ ബോസ്കോ സാവിയയോട് പറഞ്ഞു ‘ഞാൻ നിനക്കൊരു സമ്മാനം താരം ആഗ്രഹിക്കുന്നു. എന്തുവേണം?’ ഡൊമിനിക്കിന്റെ മറുപടി സത്വരവും സാകല്യവുമായിരുന്നു. ‘അങ്ങ് എന്നെ ഒരു പുണ്യവാനാക്കണമെന്നത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്ന സമ്മാനം.’
ഒരിക്കൽ സലേഷ്യൻ ഭവനത്തിലെ റെക്ടർ കുട്ടികളോട് അവർക്കു ആവശ്യമുള്ളതൊക്കെ എഴുതികൊടുക്കാൻ ആവശ്യപ്പെട്ടു. മിക്ക കുട്ടികളും ഭൗതികാവശ്യങ്ങൾ എഴുതി കൊടുത്തു. എന്നാൽ സാവിയോ ഒരു തുണ്ടു കടലാസ്സ് സമ്പാദിച്ചു അതിൽ ഇങ്ങനെ എഴുതി ‘അങ്ങ് എന്റെ ആത്മാവിനെ രക്ഷിക്കാൻ സഹായിക്കണമെന്നും അങ്ങ് എന്നെ ഒരു പുണ്യവാനാക്കണമെന്നും ഞാൻ യാചിക്കുന്നു.’