പരീക്ഷണവും സഹനവുമില്ലാത്ത ആത്മീയ ജീവിതം വെറും മരീചികയാണ്. വിശുദ്ധർ ഇവയിലൂടെ കടന്നാണ് പുണ്യസോപാനത്തിലെത്തിയത്. പുണ്യപൂർണതയായിരുന്നു വിശുദ്ധർ ലക്ഷ്യം വച്ചിരുന്നത്. തന്മൂലമാണ് അവർ വിശുദ്ധരായത്. ഒരു സഹനം പോലും അവർ പാഴാക്കിയിരുന്നില്ല. പുണ്യത്തിനുള്ള ഓരോ അവസരവും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയിരുന്നു. അവർ കൂടുതൽ വിശ്വസിച്ചു, കൂടുതൽ പ്രത്യാശിച്ചു, കൂടുതൽ സ്നേഹിച്ചു; സഹനം സ്നേഹമാക്കി. “ഞാൻ സഹിക്കുകയല്ല സ്നേഹിക്കുകയാണ് പിതാവേ” എന്ന് നമ്മുടെ വിശുദ്ധ അൽഫോൻസാമ്മ കാളാശേരി പിതാവിനോട് പറഞ്ഞത് ഓർക്കുക. കൂടുതൽ കൂടുതൽ എളിമപ്പെടുക വിശുദ്ധരുടെ രാജപാതയായിരുന്നു. വി. കൊച്ചു ത്രേസിയാ തറപ്പിച്ചു പറയുന്നു “സ്നേഹം എന്നിൽ പ്രവേശിച്ചത് മുതൽ ഞാൻ ഒന്നും നഷ്ട്ടപെടുത്തിയില്ല.”
പുണ്യപൂര്ണതയ്ക്കു വേണ്ടി ദാഹിക്കുന്നവർ ഓർത്തിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്; കഠിന തപസ്സിനേക്കാൾ, ഉപവാസത്തെക്കാൾ, ഭക്തനുഷ്ട്ടാനങ്ങളെക്കാൾ വിശുദ്ധിയിൽ വളരുന്നതിന് കൂടുതൽ സഹായകം സ്വന്തമായ ഒരു ആസക്തിയെ, അതെത്ര നിസ്സാരമെന്നു തോന്നിയാൽ പോലും അതിജീവിക്കുന്നതാണ്. ഈ വസ്തുത വ്യക്തമാക്കുന്ന ഒരു അനുഭവം വി. ഡോൺ ബോസ്കോ വിവരിച്ചിട്ടുണ്ട്. “കാർഡ് കളിയിൽ ഞാൻ വിദഗ്ധനായിരുന്നില്ല. പക്ഷെ പലപ്പോഴും വിജയിച്ചിരുന്നു. കളിയുടെ അവസാനം കൈനിറയെ പണവുമായി കൂട്ടുകാരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്ത് പ്രത്യേക്ഷപ്പെട്ടിരുന്ന ദുഃഖം എന്നെയും ദുഖിപ്പിച്ചു. കളിയിൽ മനസ് വച്ചതുമൂലം അപകടം സംഭവിച്ചു. പഠിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോൾ പോലും ആ ചിഹ്നങ്ങളും രൂപങ്ങളും എന്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. രണ്ടാം വർഷ തത്വ ശാസ്ത്ര പഠനകാലത്തു എനിക്ക് ഏറ്റം ഇഷ്ട്ടമായിരുന്നു ചീട്ടുകളി ഞാൻ എന്നേക്കുമായി ഉപേക്ഷിച്ചു… എന്റെ ഈശോയെ സ്വന്തമാക്കാൻ എനിക്ക് ഇഷ്ടമുള്ളവയൊക്കെയും ഞാൻ ബലികഴിച്ചുകൊണ്ടിരുന്നു.