ഉത്ഭവപാപം ദൈവിക മനുഷ്യനെ ജഡികമനുഷ്യനാക്കി. അനവരതം ദൈവത്തിന്റെ ഹിതം അത്യുത്സാഹത്തോടെ നിറവേറ്റുന്നവനാണ് ദൈവികമനുഷ്യൻ. അധഃപതനത്തിനു (the fall) മുൻപ് ആദിമാതാപിതാക്കൾ അങ്ങനെയായിരുന്നു. “ഇതാ കർത്താവിന്റെ ദാസർ. അവിടുത്തെ തിരുഹിതം നിറവേറ്റുന്നതാണ് ഞങ്ങളുടെ ആനന്ദം!” സാത്താന് വശംവദരായി “വിലക്കപ്പെട്ട കനി” ഭക്ഷിച്ചു കഴിഞ്ഞ നിമിഷം മുതൽ അവർ ജഡികമനുഷ്യരായി. അവരുടെ വികാരവിചാരങ്ങൾ ജഡികമായി. ദൈവഹിതത്തിനെതിരായി പ്രവർത്തിക്കുന്നതിലായി അവരുടെ വലിയ താത്പര്യം. ജഡികതയിൽ നിന്നുയർന്നു ദൈവികതയിൽ അടിയുറച്ചു, വേരുപാകി വളരുകയെന്നതാണ് നമ്മുടെ ദൗത്യം.
റോമാ 12:1-2ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
റോമാ 12:9-21നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍.നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്.തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്.വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്കാരത്തില്‍ തത്പരരാകുവിന്‍.നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്ധിമാന്മാരാണെന്നു നിങ്ങള്‍ നടിക്കരുത്.തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില് ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍.സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില്‍ തീക്കനലുകള്‍ കൂനകൂട്ടും.തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍.