ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവിധിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ അന്തിയുറങ്ങാൻ ഇടമില്ലാതെ ഫാ. ഫെർണാണ്ടോയുടെ ആശ്രമത്തിൽ എത്തി. അദ്ദേഹം അവരെ സഹർഷം സ്വീകരിച്ചു. അസിസിയിലെ വി. ഫ്രാൻസിസിൻറെ ദാരിദ്രയോപാസനയെ കുറിച്ച് അദ്ദേഹം നന്നായി മനസിലാക്കി. അവരുടെ സ്നേഹഭാരവും ഹൃദ്യവുമായ ഇടപെടൽ, ഭിക്ഷ യാചിച്ചുള്ള ജീവിതം ഇവയൊക്കെ ഫെർണാണ്ടോയെ ഇരുത്തി ചിന്തിപ്പിച്ചു. ഈ സംഭവം അദ്ദേഹത്തിൻറെ ചിന്തകളെ ആകമാനം ഉലച്ചു. താനും സന്യാസിയാണ്. ഈ സന്യാസജീവിതം തന്നിൽ എന്ത് മാറ്റമുണ്ടാക്കി. അദ്ദേഹം തന്നോടുതന്നെ ചോദിച്ചു.
സുഖലോലുപതയും ആഡംബരഭ്രമവും പൂർണമായും ഉപേക്ഷിച്ചോ? പ്രഭു കുടുംബത്തിലെ രാജകീയ വസ്ത്രത്തിനു പകരം അഗസ്റ്റീനിയൻ സഭാസമൂഹത്തിലെ തൂവെള്ള കുപ്പായം ഞാൻ ധരിക്കുന്നു. പ്രഭുകുടുംബത്തിലെ സൗകര്യങ്ങൾ പോലെ തന്നെയുള്ള സൗകര്യങ്ങൾ ആശ്രമത്തിലും! ഒരു പ്രൗഢ വസ്ത്രത്തിനു പകരം മറ്റൊരു പ്രൗഢ വേഷം! ഒരു കൊട്ടാരത്തിനു പകരം മറ്റൊരു കൊട്ടാരം. ആയിരകണക്കിന് ഏക്കർ കൃഷിഭൂമിയും നൂറുകണക്കിന് പണിക്കരും ഇവിടെയും.
ഈ യഥാർത്ഥ സന്യാസിമാർ, അവിശ്വാസികളോട് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ മൊളോക്കോവിലേക്കു പോകുകയാണ്. രക്തസാക്ഷികളാകണമെന്നാണ് അവരുടെ ജീവിതാഭിലാഷം. ഫാ. ഫെര്ണാണ്ടോയിൽ നിദ്രയിലാണ്ടു കിടന്നിരുന്ന പ്രേഷിത തീക്ഷ്ണതയും രക്തസാക്ഷിത്വം വരിക്കുന്നതിനുള്ള ആഗ്രഹവും സടകുടഞ്ഞെണീറ്റു. “ഈശോയ്ക്കുവേണ്ടി മരിക്കുന്നതു മഹാഭാഗ്യമല്ലേ?” അദ്ദേഹം സ്വയം ചിന്തിച്ചു. ഫ്രാൻസിസിന്റെ മാതൃക അദ്ദേഹത്തിൽ അടിമുടി ഒരു മാറ്റം ഉളവാക്കി. അദ്ദേഹം തന്നോടുതന്നെ മന്ത്രിച്ചു: എനിക്ക് മറ്റൊരു ഫ്രാൻസിസാകണം.’
കുറച്ചു നാളുകൾക്കുള്ളിൽ ഫാ, ഫെർണാണ്ടോയുടെ അതിഥികളായിരുന്ന 5 ഫ്രാൻസിസ്ക്കൻ സന്യാസികളും രക്തസക്തിത്വ മകുടം ചൂടി. പോർച്ചുഗൽ രാജാവിന്റെ സഹോദരൻ ഡോൺ പെദ്രോ സമ്പൂർണ സൈനിക സന്നാഹങ്ങളോടെ പോയി മൃതശരീരങ്ങൾ ഏറ്റുവാങ്ങി, പേടകത്തിലാക്കി, കഴുതപ്പുറത്തു കയറ്റി സ്നേഹബഹുമാനാദരവുകളോടെ ഫ്രാൻസിസ്ക്കൻ സന്യാസാശ്രമത്തിലേക്കു കൊണ്ടുപോകുകയാണ്. വിലാപയാത്ര ഹോളി ക്രോസ്സ് ആശ്രമകവാടത്തിലെത്തിയപ്പോൾ കഴുത അവിടെ നിശ്ചലനായി നിൽക്കുകയായി. തള്ളിയിട്ടും തല്ലിയിട്ടും അത് മുന്നോട്ടില്ല. അനന്തരം അത് ആശ്രമത്തിനുള്ളിലേക്കു സ്വയം പ്രവേശിച്ചു. അത് നിസ്സങ്കോചം നടന്നു ആശ്രമത്തിന്റെ ചാപ്പലിനുള്ളിൽ പ്രവേശിക്കുന്നു. സാവകാശം മുൻപോട്ടു നീങ്ങി അൾത്താരയുടെ മുൻപിൽ ചെന്ന് ഭാരമിറക്കാൻ പാകത്തിൽ അത് മുട്ടുമടക്കി നിലം പറ്റികിടന്നു. അവിടുത്തെ സന്യാസിമാർ ദൈവതിരുമനസു തിരിച്ചറിഞ്ഞു. ആ പഞ്ച രക്തസാക്ഷികളുടെ പൂജാവശിഷ്ടങ്ങൾ പ്രസ്തുത ദേവാലയത്തിൽ അടക്കം ചെയ്തു.
ഇവയെല്ലാം ഫാ. ഫെർണാണ്ടോയിൽ വലിയ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉളവാക്കി. സഭാധികാരികളുടെ അംഗീകാര അനുവദ സമതങ്ങളോടെ അദ്ദേഹം അഗസ്റ്റീനിയൻ സഭ വിട്ടു. പുതുതായി ആരംഭിച്ച ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. വെള്ള കുപ്പായം മാറ്റി പരുക്കൻ തവിട്ടു കുപ്പായമണിഞ്ഞു. താൻ രൂപാന്തരപ്പെട്ടതിന്റെ സൂചനയായി അദ്ദേഹം പുതിയൊരു പേരും സ്വീകരിച്ചു. ഫാ. ആന്റണി. ഇദ്ദേഹമാണ് സഭയിലെ അതിപ്രശസ്ത അത്ഭുതപ്രവർത്തകനായ വി. അന്തോനീസ്.
ഈശോയെ കയ്യിലെടുത്തു ലാളിക്കാനുള്ള അസുലഭ ഭാഗ്യം കിട്ടിയ ഈ മഹാ വിശുദ്ധനെ ഈശോ തന്റെ സ്വന്തമാക്കിയ അത്ഭുതാവഹവും തികച്ചും അശാസ്യവുമായ വഴികൾ എത്ര സുന്ദര സുന്ദരം!.