സെബദിയുടെയും സലോമിന്റെയും മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയേക്കാൾ 12 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്. സെബദി ഒരു ഗലീലിയൻ മുക്കുവനാണ്. മത്സ്യപിടുത്തകാരനായ പത്രോസിനെയും അന്ത്രയോസിനെയും വിളിച്ചു മനുഷ്യപിടുത്തക്കാരാക്കിയശേഷം മുന്നോട്ടു നടന്നപ്പോഴാണ് സെബദിപുത്രന്മാരെ അപ്പോസ്തോലജോലിക്കു വിളിച്ചത്. (മത്താ. 4 : 22; ലുക്കാ 5 : 11) ഇടിനാദത്തിന്റെ മക്കളെന്നാണ് അവരെ വിളിച്ചിരുന്നത്.
പത്രോസിനോടൊപ്പം സെബദിപുത്രന്മാരെയും താബോറിലേക്കും ഗെത്സെമനിലേക്കും കൂട്ടികൊണ്ടുപോയിട്ടുണ്ട്. യായിരുസിന്റെ പുത്രിയെ ഉയിർപ്പിച്ചപ്പോഴും യാക്കോബുണ്ടായിരുന്നു. ക്രിസ്തു പ്രതാപവാനായി ഒരു രാജാവാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തത്സമയം തങ്ങൾക്കു രാജാവിന്റെ ഇരുവശത്തും ഇരിക്കാനുള്ള ഭാഗ്യം അനുവദിക്കണമെന്ന് അമ്മയെക്കൊണ്ട് അവർ ഈശോയുടെ ചോദിപ്പിച്ചു. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്നു ഈശോ വിശദമാക്കി. എന്നാൽ പിതാവാണ് ആ സ്ഥാനങ്ങൾ അരുളകയെന്ന് അവിടുന്ന് കൂട്ടിച്ചേർത്തു.
യാക്കോബ് ശ്ലീഹ യഹൂദന്മാരുടെ 12 ഗോത്രങ്ങളോടും സുവിശേഷം പ്രസംഗിക്കുന്നുണ്ട്. അതിനിടയ്ക്കു സ്പെയിൻ സന്ദർശിച്ചിട്ടുമുണ്ടാകാം.
ഹെറോഡ് അഗ്രിപ്പാ യഹൂദന്മാരെ പ്രീണിപ്പിക്കാൻവേണ്ടി ക്രിസ്ത്യാനികളുടെ നേരെ മർദ്ദനം ആരംഭിച്ചു. ആദ്യത്തെ ഇര വലിയ യാകോബ്ബായിരുന്നു. 63 ലെ ഉയിർപ്പു തിരുനാളിനു ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വലിയ യാക്കോബിന്റെ രക്തസാക്ഷിത്വം. ശ്ളീഹാ വിചാരണയിലും വിധിസമയത്തും പ്രക്ഷിപ്പിച്ച ധീരത കണ്ടിട്ട് ന്യായാധിപൻ മനസാന്തരപെട്ടു വിളിച്ചുപറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്”, യാക്കോബ് സ്ലീഹായൊടൊപ്പം ന്യാധിപനും മരണത്തിനു വിധിക്കപ്പെട്ടു. കൊലക്കളത്തിലേക്കു പോകുമ്പോൾ ന്യാധിപൻ ശ്ലീഹായോടു മാപ്പു ചോദിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കാത്ത ഒരുവനെ സഹോദരനായി സ്വീകരിക്കുമോ എന്ന് അൽപനേരം ചിന്തിച്ചു. രക്തസാക്ഷിത്വം ജ്ഞാനസ്നാനത്തിനു മതിയാകുമെന്ന തിരുസഭയുടെ വിശ്വാസം അപ്പോൾ ഓർമയിൽ വന്നു. ഉടനടി ന്യാധിപനെ ആശ്ലേഷിച്ചുകൊണ്ടു അദ്ദേഹത്തോട് പറഞ്ഞു: “അങ്ങേയ്ക്കു സമാധാനം”, രണ്ടുപേരുടെയും ശിരസ്സ് ഒപ്പം ഛേദിക്കപ്പെട്ടു.