ഹുക്‌ബാൾഡ് എന്ന ജർമൻ പ്രഭുവിന്റെ മകനാണ് ഉൾറിക്ക അഥവാ ഉൾഡറിക്ക്. ബാല്യത്തിൽ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീഘായുഷ്മാനാക്കി. വി. ഗാലിന്റെ ആശ്രമത്തിലും ഓഗ്സ്ബർഗ് മെത്രാന്റെ സംരക്ഷണത്തിലും വിദ്യാഭ്യാസം നടത്തി. യഥാസമയം വൈദികനായി.924 ൽ ഓഗ്സ്ബർഗിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മെത്രാനായശേഷം ജനങ്ങളുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്ക മാത്രമല്ല, ലൗകികാവകാശങ്ങൾ നേടികൊടുക്കുന്നതിലും ഉത്സുകനായിരുന്നു. രാവിലെ മുന്ന് മണിക്ക് എഴുന്നേറ്റ് കത്തീഡ്രലിലെ കാനോന നാമസക്കാരത്തിൽ പങ്കെടുത്തുപോന്നു. അതിനുശേഷം സ്വന്തമായ പ്രാർത്ഥനകൾ ചൊല്ലുന്നു. രാവിലെ മരിച്ചവർക്കുവേണ്ടി ഒപ്പീസു ചൊറിയശേഷം പാട്ടുപൂജയ്ക്കു സന്നദ്ധനാകുന്നു. എല്ലാ പ്രാർത്ഥനകളും കഴിഞ്ഞാണ് പള്ളിയിൽനിന്ന് പോരുക. അവിടെനിന്നു ആശുപത്രിയിൽ പോയി രോഗികളെ ആശ്വസിപ്പിക്കുന്നു. ദിനംപ്രതി 12 പേരുടെ പാദങ്ങൾ കഴുകി സമൃദ്ധമായ ധർമം നൽകിയിരുന്നു. സന്ധ്യാസമയത്തിനു മുൻപാണ് തുച്ഛമായ ഭക്ഷണം കഴിച്ചിരുന്നത്. തൻ ഉപവസിക്കുമ്പോൾ അപരിചിതർക്കു മാംസം നൽകിയിരുന്നു. വൈക്കോലിലാണ് കിടന്നു ഉറങ്ങിയിരുന്നത്. ഈ പ്രാർത്ഥനയുടെയും പ്രായശ്ചിത്തങ്ങളുടെയും ഇടയ്ക്കു രൂപത ജോലികളൊന്നും മുടക്കിയിരുന്നില്ല. ഓരോ വർഷവും രൂപത മുഴുവൻ സന്ദർശിച്ചിരുന്നു.
വി. അംബ്രോസിന്റെ കത്തീഡ്രൽ അദ്ദേഹം യഥാവിധി പുനര്നിര്മിച്ചു. അതിനിശേഷം മെത്രാൻ സ്ഥാനം രാജിവയ്ക്കാൻ ശ്രമിച്ചെങ്കിലും മാർപാപ്പ സമ്മതിച്ചില്ല. അങ്ങനെ 50 കൊല്ലം രൂപതഭരണം നടത്തി; എൺപതാമത്തെ വയസ്സിൽ 973 ജൂലൈ 4 നു അദ്ദേഹം കർത്താവിൽ നിദ്രപ്രാപിച്ചു.