സമുന്നത സുകൃതങ്ങളാലും അഗാധ വിജ്ഞാനത്തിലും തിരുസഭയെ അലങ്കരിച്ച ഒരു രക്തസാക്ഷിയാണ് വി. ജസ്റ്റിൻ. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സീക്കേം എന്ന പ്രദേശത്തു ഒരു സമരിറ്റൻ കുടുംബത്തിൽ അദ്ദേഹം ജനിച്ചു. പ്ലേറ്റോ മുതലായ തത്വശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങളെലാം ശ്രേദ്ധപൂർവം പഠിച്ചിട്ടും സൃഷ്ടാവിനെപ്പറ്റി ഒന്നും ഗ്രഹിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു ദിവ്യന്റെ നിർദേശപ്രകാരം പ്രാർത്ഥനാപൂർവ്വം അദ്ദേഹം വിശുദ്ധ ഗ്രന്ഥം വായിക്കാൻ തുടങ്ങി. 133 -ൽ മുപ്പതാമത്തെ വയസിൽ ജസ്റ്റിൻ ജ്ഞാനസ്നാനം സ്വീകരിച്ചു. രക്തസാക്ഷികളുടെ മാതൃകയാണ് ജസ്റ്റിൻ മനസാന്തരപ്പെടുത്തിയത്. തനിക്കു ലഭിച്ച വരം അപരർക്കും ലഭിക്കണമെന്ന് കരുതി അദ്ദേഹം റോമയിൽ പോയി ക്രിസ്തുമതം പഠിപ്പിച്ചു. അവിടെവച്ചു വിശ്വാസത്തിനുള്ള നീതികരണമായ ഒരു ഗ്രന്ഥമെഴുതി റോമൻ ചക്രവർത്തി അന്റോണിന്സിനും റോമൻ സെനറ്റിനും സമർപ്പിച്ചു.
ക്രിസ്ത്യാനികൾ തങ്ങളുടെ രഹസ്യയോഗങ്ങളിൽ ശിശുക്കളെ കൊന്നു തിന്നുകയാണെന്നു വിജാതിയരുടെ ഇടയിൽ ഒരു തെറ്റിദ്ധാരണയുണ്ടായി. വി. കുർബാനയുടെ സ്വഭാവം ഗ്രഹിക്കാതെ ഉണ്ടായ ഒരു പ്രചാരണമാണിത്. ഒരു വൈദികൻ അപ്പവും വീഞ്ഞുമെടുത്തു നിശ്ചിത പ്രാർത്ഥനകൾ ചൊല്ലി ജനങ്ങൾക്ക് ഭാഗിച്ചു കൊടുക്കുന്ന ഭക്ഷണം ദിവ്യവചസ്സുകളുടെ ശക്തിയാൽ അവതീര്ണനായ വചനത്തിന്റെ മാംസവും രക്തവുമായി തീരുന്നുവെന്നു ജസ്റ്റിൻ തന്റെ രണ്ടാമത്തെ വിശ്വാസ നീതീകരണ ഗ്രന്ഥത്തിൽ (apalogia) വിവരിച്ചു.
പാഷണ്ഡികളുടെ മാർസിയനെറ്റുകൾക്കും വലന്തീനിയർക്കുമെതിരായി എഴുതിയ ഗ്രന്ഥമാണ് “ട്രിഫോയോടുള്ള സംഭാഷണം.’ ഈ ഗ്രന്ഥങ്ങള്ലോനും മതപീഡനം നിർത്തുന്നതിനു ചക്രവർത്തിക്ക് പ്രേരണയായില്ല. പ്രീഫെക്ട് റസ്റ്റിക്കൂസു ജസ്റ്റിനോട് ചോദിച്ചു: “ഞാൻ നിന്നെ അടിപ്പിച്ചു കൊന്നതിനു ശേഷം നീ സ്വർഗത്തിലേക്ക് കയറിപോകുമെന്നു സങ്കല്പിക്കുന്നുണ്ടോ?” വിശുദ്ധൻ പ്രതിവചിച്ചു: “സങ്കല്പിക്കുകയല്ല, എനിക്കറിയാം; പൂർണമായ ഉറപ്പുണ്ട്.” “വിഗ്രഹങ്ങളെ പൂജിക്കാത്തവരെ ആദ്യം ചമ്മട്ടികൊണ്ടു അടിക്കുക; പിന്നീട് തല വെട്ടുക.” ജസ്റ്റിനും കൂട്ടുകാരും പറഞ്ഞു: “ഞങ്ങൾ ക്രിസ്ത്യാനികളാണ്. വിഗ്രഹങ്ങളെ പൂജിക്കുകയില്ല.” എല്ലാവരും രക്തസാക്ഷിത്വമകുടം ചൂടി. അഗാധമായ ജീവൽപ്രശനങ്ങളെ സംബന്ധിച്ച പഠനത്തിൽ മനുഷ്യന് തെറ്റുപറ്റാവുന്നതുകൊണ്ടു സ്വാഭാവിക ചിന്തകളെ മതതത്വങ്ങളുടെ വെളിച്ചത്തിൽ തിരുത്തേണ്ടതാണെന്നു തത്വശാസ്ത്രജ്ഞന്മാരുടെ മധ്യസ്ഥൻ എന്ന നിലയിൽ ജസ്റ്റിൻ നമ്മളെ പഠിപ്പിക്കുന്നു.