പ്രപഞ്ച സൃഷ്ടിയുടെ സമാപനരംഗത്ത് പ്രകൃതിനാഥൻ പാടിയ ഹൃദ്യമായ പ്രേമസംഗീതമാണ് ആദം. പ്രഥമമനുഷ്യൻ! ഏകമനുഷ്യൻ! മറ്റൊരുമനുഷ്യനെയും അറിഞ്ഞിട്ടില്ലാത്തവൻ! ശിശുത്വം അനുഭവിച്ചിട്ടില്ല! മാതാപിതാക്കൾ ഉണ്ടായിരുന്നില്ല! കുടുംബമില്ല! സുഹൃത്തുക്കളില്ല! എല്ലാം സ്വയം പഠിക്കേണ്ട അവസ്ഥ! നല്ല ദൈവം തക്ക സമയത്ത് അവനു ചേർന്ന ഒരു ഇണയെ കൊടുക്കുന്നു-ഹവ്വാ! അവൾ അവനു അനുയോജ്യമായ പങ്കാളിത്തന്നെ! അവർക്ക് ഒരു മനസ്സ്, ഒരു ഹൃദയം, ഒരു മനോഭാവം! അവർ നിഷ്ക്കളങ്കർ! പരിപൂർണ്ണ പരസ്പര തുറവിയുള്ളവർ!
തോട്ടത്തിലെ നിയമസംഹിതയെക്കുറിച്ചായിരിക്കണം ആദം ആദ്യം തന്റെ പ്രിയതമയോട് പറഞ്ഞത്. ദൈവം ആദത്തിനു നൽകിയ അനുപമ സമ്മാനമാണ് പൂർണ്ണസ്വാതന്ത്ര്യം. എല്ലാറ്റിനെയും സ്നേഹപൂർവ്വം പരിചരിക്കാൻ മാത്രം അവനു നിർദേശമുണ്ടായിരുന്നു. എങ്കിലും ഒന്നുണ്ടായിരുന്നു. നന്മതിന്മകളുടെ വൃക്ഷം അവന്റെ അധീനതയിലായിരുന്നില്ല. ഈ വസ്തുതയും ആദം ഹവ്വായോട് വിശദീകരിച്ചു പറഞ്ഞിരിക്കണം. നിർദ്ദിഷ്ടവൃക്ഷത്തിന്റെ കനി അവർക്കു വിലക്കപ്പെട്ടതും നിഷിദ്ധമായിരുന്നു.
വിലക്കപ്പെട്ടതിനു ആകർഷണം കൂടും. ഹവ്വാ ആയിരുന്നു ഇക്കാര്യത്തിൽ വിരുത! ദൈവത്തിന്റെ ശത്രുവായ സാത്താൻ അവളുടെ ‘ചബലത’യെ ചൂഷണം ചെയ്തു. പ്രലോഭകന്റെ ഉന്നം ശരിയായി. ഹവ്വാ വിലക്കപ്പെട്ട കനി ആർത്തിയോടെ ഭക്ഷിച്ചു. ആദത്തിനും നൽകി. സൃഷ്ടപ്രപഞ്ചത്തിന്റെ താളം തെറ്റി. ദൈവത്തെപ്പോലെ ആകാമെന്ന് ഹവ്വാ വ്യാമോഹിച്ചു. ആദമെങ്കിലും തന്റെ സുബോധം പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ മാനവചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു!
ഏദൻ തോട്ടത്തിൽ ആദ്യവിപ്ലവും അരങ്ങേറി. നിഷ്ക്കളങ്കത നിഷേധത്തിനു വഴിമാറി ! സർവ്വതന്ത്രസ്വതന്ത്രമായിരുന്ന അവസ്ഥ . ‘സ്വന്തവാളാൽ സ്വയം വെട്ടി’ തകർത്തു ഹവ്വ. എല്ലാം കീഴ്മേൽ ,മറിഞ്ഞു! ദൈവത്തെ ആരാധിച്ചു വാഴ്ത്തി അനുസരിക്കുന്നതിനുപകരം മനുഷ്യൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പൂവിട്ടു പൂജിച്ചു തുടങ്ങി. അഹങ്കാരത്തിൽ നിന്നു ഉരുത്തിരിഞ്ഞ. അനുസരണക്കേടു മൂലം ആദിമമനുഷ്യൻ ദൈവത്തിൽനിന്നു തന്റെ സ്രഷ്ടാവിൽനിന്നു അകന്നു. അവന്റെ തുറവി എന്നേക്കുമായി നഷ്ടപ്പെട്ടു . ഒരു ചെറിയ പാറക്കഷ്ണം കൊണ്ട് ഒരു ഗ്ലാസ്സിനിട്ടെറിഞ്ഞാലും വലിയൊരു പാറക്കല്ലുകൊണ്ട് ഗ്ലാസ് പീസിലേക്കെറിഞ്ഞാലും ഗ്ലാസിന്റെ അനുഭവം വലിയ വലിയ നഷ്ടത്തിൽ കലാശിക്കും . ചിന്നഭിന്നമായ ആയിരമായിരം ഗ്ളാസ്സ്കഷണങ്ങൾ പുനഃസ്ഥാപിച്ചു പൂർവ്വസ്ഥിതിയിലാക്കാൻ ഒരു ഭൗതികശക്തിക്കും ആവില്ല. ആദിമമതാപിതാക്കളുടെ കാര്യത്തിൽ ഒരു അപവാദം തന്നെ സംഭവിച്ചെന്ന് പറയാം. തന്റെ ശത്രുവാണ് വില്ലനെന്നറിഞ്ഞ വല്ലഭന്റെ കരുണാർദ്രസ്നേഹം ഉയിർത്തെഴുനേൽക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തലതകർക്കും. നീ അവന്റെ കുതികാലിനു പരുക്കേൽപ്പിക്കും” (ഉല്പ. 3 :15 ). സത്യവേദപുസ്തകം ആദ്യന്തം അവതരിപ്പിക്കുന്നത് ഈ പുതു സൃഷ്ടിയെയാണ്”. “അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ മോചനദ്രവ്യമായി മാനവരാശിക്ക് നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു” (യോഹ. 3 : 16 ). പാപം വരുത്തിവച്ച ശാപവും നാശനഷ്ടങ്ങളും മിശിഹാ തന്റെ പെസഹാരഹസ്യത്തിലൂടെ എന്നേക്കുമായി മായ്ച്ചുകളഞ്ഞിരിക്കുന്നു.
ബഹുമതികൾ
(1 ) മാനവരാശിയുടെ പിതാവ്
(2 ) ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട പ്രഥമമനുഷ്യൻ
(3 ) ദൈവവുമായി ഗാഢബന്ധം
പുലർത്തിയ മനുഷ്യൻ
(4 ) പ്രഥമ ലാൻഡ്സ്കേപ് ആർക്കിടെക്ട് (landscape architect )
(5 ) പ്രഥമ ഭൂപാലകൻ
ബലഹീനതകൾ
കടമകളിൽ നിന്നു ഒഴിഞ്ഞു മാറുകയും- സ്വന്തം തെറ്റിന് കാരണക്കാർ അന്യരാണെന്നു സമർത്ഥിക്കുന്നു.
തെറ്റ് ഏറ്റുപറയാതെ ദൈവത്തിൽനിന്നു ഒഴിഞ്ഞു മാറുന്നു. ഹവ്വയോടൊപ്പം മാനവരാശിയുടെ മേൽ ഉത്ഭവപാപം ചുമത്തി.
താക്കോൽ വാക്യങ്ങൾ
“അവൻ പറഞ്ഞു: അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്ക് തന്നു;ഞാൻ അത് തിന്നു”(ഉല്പ. 3 :12 ).
“ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജ്ജീവിക്കും”(1 കോറി 15 :22 )
ആദത്തിന്റെ കഥ:”ദൈവം വീണ്ടും അരുളിച്ചെയ്തു: നമ്മുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ്വ ജീവികളുടെയുംമേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ” (ഉല്പ. 1 : 26 ), “ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പതു വർഷമാണ്. അതിനുശേഷം അവൻ മരിച്ചു”( 5 :5 )
“ആദം, സേത്, എനോഷ്, കെനാൻ, മഹലേൽ , യാർഡ്, ഹെനോക് മെത്തൂസെലാഹ്, ലാമെക്, നോഹ, ഷേം, ഹാം, യാഫെത് “(1 ദിന. 1 :1 ) ; “കെനാൻ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത്
ആദാമിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റേതുമായിരുന്നു “(ലൂക്ക 3 : 38 );”ആദത്തിന്റെ പാപത്തിനു സദൃശ്യമായ പാപം ചെയ്യാതിരുന്നവരുടെമേൽപ്പോലും ആദത്തിന്റെ കാലം മുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ് ” (റോമാ 5 :14 ) ; “ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീർന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീർന്നു “(1 കൊറീ . 15 : 45 ) ; “എന്തെന്നാൽ, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമും; പിന്നീട് ഹവ്വായും. ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാൽ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഖിക്കുകയും ചെയ്തു( 1 തിമോ 2 : 13 ,14 )