വി. ബ്രിജീത്ത

Fr Joseph Vattakalam
1 Min Read

അയർലണ്ടിന്റെ മധ്യസ്ഥയായ  വി. ബ്രിജീത്ത 450 –ൽ ഭൂജാതയായി. ചെറുപ്രായത്തിൽത്തന്നെ അവൾ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും അവൾക്കു സ്വന്തമായുണ്ടായിരുന്ന  സമസ്തവും ദരിദ്രർക്കായി മാറ്റി വയ്ക്കുകയുമുണ്ടായി. എത്രയും സൗന്ദര്യവതിയായ ബ്രിജീത്തിനെ കാമുകർ പൊതിയാൻ തുടങ്ങിയപ്പോൾ തന്റെ വ്രതത്തിന് ഭംഗം വരാതിരിക്കാൻ വേണ്ടി തന്നെ വിരൂപയാക്കണമെന്നു അവൾ പ്രാർത്ഥിച്ചു. അവളുടെ പ്രാർത്ഥന ദൈവം കേട്ടു. ഒരു കണ്ണിൽ നീരുവന്ന്. മുഖം വിരൂപമായി. കാമുകന്മാരെല്ലാംതന്നെ ഒഴിഞ്ഞുപോയി.

20 –ാമത്തെ  വയസ്സിൽ ബ്രിജീത്ത തന്റെ സമർപ്പണത്തെപ്പറ്റി വി.പാട്രിക്കിന്റെ സഹോദരപുത്രനായ വി. മെല്ലിനോട് സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ  ബിഷപ്പ് വി. പാട്രിക് സജ്ജമാക്കിയിരുന്ന ക്രമമനുസരിച്ച് വളരെയേറെ പ്രാർത്ഥനകൾ ചൊല്ലി  ബ്രിജീത്തയ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നൽകി. തത്സമയം അവളുടെ കണ്ണ് സുഖപ്പെട്ടു.  അവളുടെ സൗന്ദര്യം മുഴുവനും തിരിയെ വന്നു. ഇതുകണ്ട്  പല സ്ത്രീകളും മാതാപിതാക്കന്മാരുടെ അനുവാദത്തോടുകൂടെ ബ്രിജീത്തയുടെ ശിക്ഷണത്തിൽ ജീവിക്കാൻ തുടങ്ങി.അയർലന്റിലെ ഒന്നാമത്തെ മഠം അവൾ സ്ഥാപിച്ചു. താമസിയാതെ കിൽദാറിൽ വേറൊരു മഠം തുടങ്ങി .

ദരിദ്രരോടുള്ള അവളുടെ അനുകമ്പയെപ്പറ്റി ഐതിഹ്യങ്ങൾ പലതുണ്ട്. ചിലപ്പോൾ തിരുവസ്ത്രങ്ങൾ വിറ്റാണ് ദരിദ്രരെ സഹായിച്ചിട്ടുള്ളത്. കിൽദാറയിലേക്കു ജനങ്ങൾ തിങ്ങിക്കൂടി. ക്രമേണ അത് ഒരു നഗരമായി. ബ്രിജീത്തയുടെ അഭ്യർത്ഥനപ്രകാരം കിൽദാരെ ഒരു രൂപതാകേന്ദ്രമാക്കുകയും കോൺലാത്ത് എന്ന ഒരു വൈദികനെ  അവിടുത്തെ മെത്രാനായി നിയമിക്കുകയും ചെയ്തു.

ബ്രിജീത്തയുടെ അമ്പതുകൊല്ലത്തെ സമർപ്പിത ജീവിതം കൊണ്ട് അയർലണ്ട് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചുതുടങ്ങി.ദീർഘമായ അധ്വാനത്തിൽ ക്ഷീണിതയായ ബ്രിജീത്ത 523  ഫെബ്രുവരി 1 – ാം   തീയതി ദിവംഗതയായി.

വിചിന്തനം: ബ്രിജിത്തിന്റെ മുഖം ദൈവമാതാവിന്റേതുപോലെയായിരുന്നുവെന്നു ഐറിഷുകാർ പറയുന്നുണ്ട്. ബാഹ്യാകാരത്തിനു മാറ്റംവരുത്തുക നമുക്ക് സാധ്യമല്ല. അവളുടെ ആന്തരിക നൈർമല്യം നമുക്ക് അനുകരിക്കാം

Share This Article
error: Content is protected !!