അനന്യമായ ഈ രീതിയിൽ (ദിവ്യകാരുണ്യത്തിൽ ) തന്റെ സഭയിൽ സന്നിഹിതനായിരിക്കാൻ ക്രിസ്തു ആഗ്രഹിച്ചു എന്ന് ചിന്തിക്കുന്നത് സമുചിതമാണ്. ക്രിസ്തു തന്റെ ദൃശ്യരൂപം വിട്ടു തനിക്കു സ്വന്തമായിട്ടുള്ളവരിൽനിന്നു പിരിഞ്ഞുപോകാറായപ്പോൾ തന്റെ കൗദാശിക സാന്നിധ്യം നമ്മുക്ക് നല്കാൻ ആഗ്രഹിച്ചു. അവിടുന്ന് നമ്മെ രക്ഷിക്കാൻ തന്നെത്തന്നെ കുരിശിൽ സമർപ്പിക്കാൻ തുടങ്ങുകയായിരുന്നു. അതുകൊണ്ട് ‘അവസാനം വരെ’, തന്റെ ജീവൻ നൽകുവോളം നമ്മെ സ്‌നേഹിച്ച അവിടുന്ന്, നമ്മെ രക്ഷിക്കാൻ തന്നെത്തന്നെ കുരിശിൽ സമർപ്പിക്കാറായപ്പോൾ, ആ സ്‌നേഹത്തിന്റെ സ്മാരകം നമുക്കു നല്കണമെന്ന് ആഗ്രഹിച്ചു. നമ്മെ സ്‌നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നൽകുകയും ചെയ്തവൻ എന്ന നിലയിൽ ക്രിസ്തു തന്റെ ദിവ്യകാരുണ്യ സാന്നിധ്യത്തിലൂടെ തന്റെ സ്‌നേഹത്തെ പ്രകടമാക്കുകയും പകർന്നുനല്കുകയും ചെയുന്ന സാദൃശ്യങ്ങളുടെ (അപ്പവും വീഞ്ഞും ) കീഴിൽ നിഗൂഢമായവിധത്തിൽ നമ്മുടെ മദ്ധ്യേ വസിക്കുന്നു. സഭയ്ക്കും ലോകത്തിനും ദിവ്യകാരുണ്യാരാധനയുടെ വലിയ ആവശ്യമുണ്ട് യേശു സ്‌നേഹത്തിന്റെ ഈ കൂദാശയിൽ നമ്മെ കാത്തിരിക്കുന്നു.
പൂർണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്റെ ഗൗരവപൂർണങ്ങളായ നിയമലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പരിഹാരം ചെയ്യാനുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുത്. നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.
വി. തോമസ് അക്വീനാസ് പറയുന്നു: ഈ കൂദാശയിൽ ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും യഥാർത്ഥ രക്തവും ഉണ്ട് എന്നത് ‘ഇന്ദ്രിയങ്ങൾകൊണ്ടല്ല , ‘ ദൈവികമായ ആധികാരികതയിലുറച്ച വിശ്വാസംകൊണ്ടു മാത്രമേ’ ഗ്രഹിക്കാൻ കഴിയൂ. ഇക്കാരണത്താൽ, ലൂക്ക 22 :19 ന്റെ (ഇത് നിങ്ങൾക്കായി നൽകപ്പെടുന്ന എന്റെ ശരീരമാണ്) വ്യാഖ്യാനത്തിൽ വി. സിറിൽ പറയുന്നു: ‘ഇത് സത്യമാണോ എന്ന് സംശയിക്കരുത് . പിന്നെയോ, രക്ഷകന്റെ വാക്കുകളെ വിശ്വാസത്തിൽ സ്വീകരിക്കുക. അവിടുന്ന് സത്യമാകയാൽ, വ്യാജം പറയുന്നില്ല’.
മറഞ്ഞിരിക്കുന്ന ദൈവികതയാകുന്ന അങ്ങയെ,
ഈ സാദൃശ്യങ്ങളുടെ കീഴിൽ യഥാർത്ഥത്തിൽ മറഞ്ഞിരിക്കുന്ന അങ്ങയെ ,
ഞാൻ ഭക്തിപൂർവം, ആരാധിക്കുന്നു.
എന്റെ ഹൃദയത്തെ മുഴുവൻ ഞാൻ അങ്ങേക്ക് അടിയറ വയ്ക്കുന്നു.
എന്തെന്നാൽ അങ്ങയെപ്പറ്റി ചിന്തിക്കുമ്പോൾ
സകലതും അപര്യാപ്തമായിത്തീരുന്നു.
അങ്ങയെ സംബന്ധിച്ചു കാഴ്ച ശക്തിക്കും
സ്പർശനശക്തിക്കും രുചിക്കും തെറ്റുപറ്റുന്നു
(കാഴ്ചയിലൂടെ സ്പർശനത്തിലൂടെ രുചിച്ചുനോക്കി ഈശോയുടെ സാന്നിധ്യം നമുക്കു മനസ്സിലാക്കാൻ സാധ്യമല്ല)
കേൾവിശക്തിയെ മാത്രം പൂർണമായി വിശ്വസിക്കാം
ദൈവപുത്രൻ പറഞ്ഞതെല്ലാം ഞാൻ വിശ്വസിക്കുന്നു.
സത്യമൊഴിയെക്കാൾ സത്യമായിട്ടൊന്നുമില്ല ( അവിടുന്ന് വഴിയും സത്യവും ജീവനുമാണല്ലോ)