പതിനൊന്നാമദ്ധ്യായം
മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും കാരണഭൂതൻ ക്രിസ്തുവാണ്. വിശ്വത്തിന്റെ മുഴുവൻ വിധാതാവും അവിടുന്നുതന്നെ. സർവ്വവും സമ്പൂർണ്ണത പ്രാപിക്കുന്നതും അങ്ങിൽത്തന്നെ. സമയത്തിന്റെ സമാപ്തിയിൽ സമസ്തവും മിശിഹായിൽ നവീകരിക്കണമെന്നതാണ് ഈശ്വരഹിതം (എഫേ 1:10). ‘സർവ്വവും അവിടുത്തേയ്ക്കായും അവിടുന്നു വഴിയായും സൃഷ്ടിക്കപ്പെട്ടവയാണ്….. സകലവും അസ്തിത്വത്തിൽ തുടർന്നുകൊണ്ടുപോകുന്നതും അങ്ങു മുഖാന്തിരമാണ്’ (കൊളോ.1:16,17) മിശിഹായേയും അവിടുത്തെ വ്യാപാരങ്ങളേയും ഒരു പ്രാപഞ്ചിക വീക്ഷണത്തിലൂടെയാണു കൊളോസിയർക്കുള്ള ലേഖനത്തിൽ സെന്റ് പോൾ വിചിന്തനം ചെയ്യുക. പ്രപഞ്ചത്തിൽ അവിടുത്തേയ്ക്കു പരമോന്നതപദമുണ്ട്. ക്രിസ്തുവിലത്രെ പ്രപഞ്ചത്തിന്റെ പൂർണ്ണത, ദൈവമനുഷ്യനായ മിശിഹാ മനുഷ്യരെ മാത്രമല്ല പ്രപഞ്ചത്തെത്തന്നെയും ആശ്ലേഷിക്കുന്നു.
‘അഖില സൃഷ്ടിയും ഈശ്വരസുതരുടെ മഹത്വീകരണം ആകാംഷയോടെ കാത്തിരിക്കുന്നു…. എന്തെന്നാൽ സൃഷ്ടികൾ മർത്യതയുടെ കെട്ടുകളിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ച് ദൈവമക്കളുടെ മഹത്വവും മുക്തിയും പ്രാപിക്കാനുള്ളവയാണ്. സമസ്ത സൃഷ്ടികളും ഇന്നുവരെ നെടുവീർപ്പിടുകയും വേദനകൊണ്ടു ഞരങ്ങുകയുമായിരുന്നെന്നു നമുക്കറിയാമല്ലോ’ (റോമ .8:1923). അതെ, പ്രപഞ്ചം മുഴുവൻ മോചനവും പ്രതീക്ഷിച്ചിരിക്കയാണ്. സൃഷ്ടിയുടെ താഴിക്കുടങ്ങളായ മനുഷ്യരിലൂടെയാണ് മിശിഹായുടെ രക്ഷാകർമ്മം വിശ്വവ്യാപകമാവുക.
മാംസം ധരിച്ച വചനമാണ് സകല പ്രാപഞ്ചിക പ്രക്രിയകളുടേയും സർഗ്ഗാത്മകകാരണം (ൃമശേീ ൗെളളശരശലി)െ പ്രകൃതിനിയമങ്ങളുടെയെല്ലാം നിയമമാണവിടുന്ന്. ആഗോളവ്യാപകമായി, എന്നാൽ ലോകവുമായി താദാത്മ്യപ്പെടാതെ, അവിടുന്നു സർവത്തിന്റേയും അടിസ്ഥാനവും മൂലതത്വവുമായി നിലകൊള്ളുന്നു. പ്രപഞ്ചത്തിലെ ജീവാത്മകവും വൈയക്തികവും സാമൂഹികവുമായ എല്ലാ ഉദ്ഗ്രഥനങ്ങളുടെയും അസ്ഥിത്വഹേതു മനുഷ്യാവതാരമാണ്. വിശ്വം മുഴുവൻ ക്രിസ്തുവിലൂടെ സർവശക്തനുമായി സംയോജിച്ചിരിക്കുന്നു. അങ്ങനെ, മനുഷ്യാവതാരം പ്രാപഞ്ചിക തന്തുക്കളുടെ സ്വാഭാവിക സമ്മേളന കേന്ദ്രമാകുന്നു. സംക്ഷിപ്തമായി പറഞ്ഞാൽ, ക്രിസ്തുവിന്റെ രക്ഷാകരപ്രക്രിയയ്ക്ക് സാമൂഹികവും ഭൗമികവുമായൊരു മാനം കൂടിയുണ്ട്.
ഇനിമേൽ ഈശ്വരനെ ചലനാത്മക ലോകത്തിന്റെ സകല സ്പന്ദനങ്ങളിലും അനുഭവിക്കുന്നതിനും ദർശിക്കുന്നതിനും സാധിക്കും നമുക്ക്, സാധിക്കുകയും വേണം. ഭൗതികയാഥാർത്ഥ്യങ്ങളുൾപ്പടെ സമസ്തവും മിശിഹായിലൂടെ മഹേശ്വരനിലേയ്ക്കു മുന്നേറിക്കൊണ്ടിരിക്കയാണ്. പ്രപഞ്ചത്തിൽ അശുദ്ധമായി(ജൃീളമില) യാതൊന്നുമില്ല. എല്ലാം ഈശ്വരചൈതന്യത്താൽ നിറയപ്പെട്ടതും വിശുദ്ധീകൃതവുമാണ്. ഒരു ദിവ്യാമേഖലയത്രേ വിശ്വം. കുമാരനാശാന്റെ ശൈലിയിൽ:
‘ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു
ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാല-
കളർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ
വിളങ്ങുമീശനെ വാഴ്ത്തുവിൻ’
ലോകത്തിന്റെ നിജപ്രകൃതിയും മാഹാത്മ്യവും ശരിക്കു മനസ്സിലാക്കണമെങ്കിൽ അന്തിമമായ പൂർണ്ണതയിൽ കാലൂന്നി നിന്നുവേണം അതിനെ നാം വീക്ഷിക്കാൻ. അന്ത്യപ്രാപ്തിയിൽ നിന്നു മാത്രമല്ലേ ഒരു വസ്തുവിന്റെ യാഥാർത്ഥ്യത്തെ മനസ്സിലാക്കാനാവൂ? പെസഹാരഹസ്യത്തിലൂടെ ക്രിസ്തുനാഥൻ മനുഷ്യന്റെ പാപത്തിനു പരിഹാരം ചെയ്തു. ഒപ്പം സൃഷ്ടികളെയെല്ലാം അവയുടെ പരമാന്ത്യത്തിലേയ്ക്കു നയിച്ച് ഒരു പുതിയ ആകാശവും പുതിയഭൂമിയും സാക്ഷാത്ക്കരിച്ചു. ഒന്നാമത്തേതിന് എക്കാലവും നാം പ്രാമുഖ്യം നല്കിയിരുന്നു. എന്നാൽ, ഭാവാത്മകമായ രണ്ടാമത്തെ ഘടകത്തിൽ നാം വേണ്ടിടത്തോളം മനസ്സിരുത്തിയില്ല. പരിത്രാകർമ്മം പാപപ്പരിഹാരത്തിലും വീണ്ടെടുപ്പിലും മാത്രമല്ല അടങ്ങിയിരിക്കുക. പ്രത്യുത പ്രപഞ്ചത്തെ പൂർണ്ണതയിലേയ്ക്കു നയിക്കുന്നതിലും. മനുഷ്യാവതാരമെന്ന മഹാരഹസ്യത്തിലൂടെ വിശ്വാസത്തിന്റെ അച്ചാണിയായിത്തീർന്ന ക്രിസ്തു പ്രതിബന്ധങ്ങളെയെല്ലാം വിജയപൂർവ്വം നേരിട്ടുകൊണ്ടാണ് അതിനെ പൂർണ്ണതയിലേയ്ക്കു നയിക്കുക.
ക്രിസ്തുകേന്ദ്രീകൃതമായ മനുഷ്യാസ്തിത്വത്തിനു രണ്ടു ലക്ഷ്യങ്ങളാണല്ലോ ഉള്ളത്. ഈ ലോകത്തിൽ ഈശ്വരനെ അറിയുക, സ്നേഹിക്കുക. സ്വർഗ്ഗത്തിൽ അവിടുത്തോടൊപ്പം നിത്യമായി ആനന്ദിക്കുക. അതെ, ഈ വിശ്വത്തിലാണ് ഈശ്വര ശുശ്രൂഷ നടത്തേണ്ടത്. അതിന്റെ ശരിയായ അർത്ഥത്തിൽ മതം വിശ്വോന്മുഖമായിരിക്കണം. ‘തന്റെ ഏകജാതനെ സമ്മാനിക്കത്തക്കവിധം അത്രയധികമായി ഈശ്വരൻ ഈ വിശ്വത്തെ സ്നേഹിച്ചു’ (യോഹ 3:16:1.യോഹ 4:9). ലോകത്തിന്റെ പ്രകാശമായാണു താൻ വന്നിരിക്കുന്നതെന്ന വസ്തുത ക്രിസ്തു ഒരു നാളും വിസ്മരിച്ചില്ല. (ലൂക്കാ 8:12). ദൈവരാജ്യത്തിന്റെ സമയത്തിലേയ്ക്കുള്ള പ്രവേശനമായോ (സിനോപ്റ്റിക്ക് സുവിശേഷങ്ങളിലെപ്പോലെ) അഥവാ മാനവരാശിക്കു ജീവൻ പകരുകയോ (യോഹന്നാൻ) എങ്ങനെയെങ്കിലും മിശിഹായുടെ ദൗത്യലക്ഷ്യത്തെ ചിത്രീകരിച്ചുകൊള്ളൂ. ഏതായാലും ഈ വിശ്വത്തിലും ഈ വിശ്വത്തോടുമുള്ളൊരു ദൗത്യമാണത്. വരും ലോകത്തിൽ ദാനങ്ങൾ നല്കുക പിതാവിന്റേതാണ്. എന്നാൽ സുതൻ മനുഷ്യനായവതരിച്ചത് ഈ ലോകത്തിലെ പ്രകാരം ധന്യമായൊരു ജീവിതം നയിക്കണമെന്നു കാണിച്ചുതരാനാണ്.
മാനവരുടെ മുകളിലേയ്ക്കു കയറ്റി പ്രതിഷ്ഠിക്കാനാണു മനുഷ്യപുത്രൻ മഹിയിലിറങ്ങിയത് (രളൃ. യോഹ. 8:13.16). വിശ്വവസ്തുക്കളെ ഉപകരണങ്ങളാക്കികൊണ്ടാണ് ഈ പ്രക്രിയ അവിടുന്നു പൂർണ്ണമാക്കുക. മനുഷ്യരെ സംബന്ധിച്ചിടത്തോളം ജലമായിരിക്കും ജീവന്റെ ഉറവിടം എന്നവിടുന്നു വ്യക്തമാക്കി (യോ.4:1314) അവരെ വിശുദ്ധീകരിക്കാനും പവിത്രാത്മാവിനെ പ്രദാനം ചെയ്യാനും ജലമാണ് പരിത്രാതാവായ ഈശോ ഉപാധിയാക്കുക. അവിടുത്തെ ഹൃദയം പൊട്ടി രക്തവും വെള്ളവും ഒലിച്ചൊഴുകുന്നതുവരെ പരിശുദ്ധാത്മാവ് നല്കപ്പെടുകയില്ല. ഉത്ഥിതനായ ക്രിസ്തുവിന്റെ ഉദാത്തസുന്ദരമായ സമ്മാനമാണു സത്യാത്മാവ്. ഈ മഹാദാനം ഒലിവെണ്ണയുടെ ഉടയാടയിലാണു നമുക്കു ലഭിക്കുക. കാലാകാലത്തോളം മാനവജനതയ്ക്കു നിത്യജീവന്റെ അപ്പം നല്കാൻ നാഥൻ ഉപയോഗിക്കുന്നത് വെറും അപ്പവും വീഞ്ഞും. ഒറ്റവാക്കിൽ, ഈ ലോകവസ്തുക്കളുടെ ‘ഏജൻസിയിലാണ്’ ഈശോ നമുക്കു നവജീവൻ നല്കിയിരുന്നത്. ക്രൈസ്തവാസ്ഥിത്വത്തിന്റെ ജീവരക്തങ്ങളായ ജ്ഞാനസ്നാനവും വി.കുർബാനയും മനുഷ്യാവതാരത്തിൽ മറഞ്ഞുകിടക്കുന്ന മഹാരഹസ്യങ്ങളുടെ വെളിപ്പെടുത്തൽ മാത്രമാണ്.
അപ്പോൾ, ക്രൈസ്തവരായ നാം നമ്മുടെ നാഥനെപ്പോലെ ഈ ലോകവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ഈ വിശ്വാസത്തിൽനിന്നകന്നുനിന്നു ക്രിസ്തുവിനെ കണ്ടെത്താനാർക്കും കഴിയില്ല! യഥാർത്ഥമായ ലോകം ക്രിസ്തുവിനു പുറമേ കണ്ടെത്താനും ആർക്കും സാദ്ധ്യമല്ല. മനുഷ്യാവതാരം ലോകത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തിയിരിക്കുന്നുവെന്നുള്ളതാണ് ഇതിനു ഹേതു. വിശ്വയാഥാർത്ഥ്യം ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ടു ഈശ്വരനെ ആവശ്യപ്പെടുന്നു. എന്നത്തേതിലുമേറെ ഇന്നു നാം ക്രിസ്തുവിനു ലോകത്തിലുള്ള സ്ഥാനം വ്യക്തമാക്കാൻ പരിശ്രമിക്കണം. ഇതു ക്രിസ്തുവിന്റെ ലോകമാണെന്ന സത്യം സ്പഷ്ടമാക്കുമാറ് വിശ്വകന്യകയുടെ കണ്ണുകൾ നാം തുറക്കണം, ക്രിസ്തുവിനെ പ്രസരിപ്പിക്കുന്ന നമ്മുടെ ജീവിതത്തിലൂടെ മനുഷ്യാസ്ഥിത്വത്തിന്റെ സുപ്രധാനമായൊരു വശമാണ് ഈ ലോകജീവിതം. വെറുമൊരു പരീക്ഷണമായി അതിനെതള്ളിക്കളയുക തികച്ചും ആത്മഹത്യാപരമാണ്. ഇതു ശരിയല്ലെങ്കിൽ, വചനം മാംസം ധരിക്കുമായിരുന്നില്ല; ദൈവം ലോകത്തെ സ്നേഹിക്കുമായിരുന്നില്ല. മനുഷ്യരക്ഷയെന്നു പറയുന്നതു ക്രിസ്തുവിലൂടെ ഈശ്വരനെ സ്വീകരിച്ചു സേവിക്കുന്ന ധന്യമായൊരു ജീവിതത്തിന്റെ പരിണിതഫലമാണ്. ഈ ലോകത്തിൽനിന്നു പാലായനം ചെയ്തിട്ടല്ല വരാനിരിക്കുന്ന ലോകം എത്തിപ്പിടിക്കേണ്ടത്. അതു സാദ്ധ്യവുമല്ല. ഇവിടെത്തുടങ്ങിയ ക്രൈസ്തവജീവിതത്തിന്റെ തുടർച്ചമാത്രമാണത്. ഇവിടെ തുടക്കമില്ലെങ്കിൽ അവിടെ ഇവസാനവുമില്ല. അതുകൊണ്ടാണ് വിശ്വസിക്കുന്നവൻ അനുഭവിക്കുന്നുവെന്നു സെന്റ് ജോൺ തീർത്തു പറയുന്നത് (5:24) ഈ ലോക ജീവിതത്തിന്റെ അവകാശവാദങ്ങളെ നേരിടാതെ സ്വർഗ്ഗരാജ്യം കൈവശപ്പെടുത്താമെന്നു വിചാരിക്കുക വെറും വ്യാമോഹമാണ്. ഭൗതിക ജീവിതവും സ്വർഗ്ഗീയജീവിതവും ഒരു സാകല്യമായതുകൊണ്ടാണ് വിധിയുടെ അപ്പപ്പോഴുള്ള വശം ഊന്നിപ്പറയാൻ അദ്ദേഹത്തിനു കഴിയുക. മറു ലോകത്തെന്നപോലെ തന്നെ ഈ ലോകത്തും മാനവരാശി ഈശ്വരസ്തുതി ചെയ്യണം. അങ്ങനെ ദൈവഹിതം സ്വർഗ്ഗത്തിലും ഭൂമിയിലും നിറവേറണം. ഇതിനു പറ്റിയ ഉപകരണമാവുകയാണ് ഓരോ ക്രൈസ്തവന്റേയും സുപ്രധാന ദൗത്യം.