Life of Christ, Peace of Soul, Three to Get Married തുടങ്ങി നിരവധി ഈടുറ്റ ഗ്രന്ഥങ്ങളുടെ കർത്താവും സുപ്രസിദ്ധ വാഗ്മിയും അതുല്യനായ റേഡിയോ പ്രഭാഷകനും യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിന്റെ സൂക്ഷിപ്പുകാരനും സംരക്ഷകനും പരിശുദ്ധ കുർബ്ബാനയുടെ അഗാധഭക്തനും പരിശുദ്ധ അമ്മയുടെ പ്രിയ സുതനുമായ ഫുൾട്ടൻ ജെ. ഷീൻ തിരുമേനിയെ ലോകജനത അറിയും. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
തിരുമേനി ഒരിക്കൽ ഒരു സ്വപ്നം കണ്ടു. താൻ മരിച്ചു സ്വർഗ്ഗകവാടത്തിലെത്തിയിരിക്കുന്നു. പത്രോസ് ശ്ലീഹാ സ്വർഗ്ഗത്തിന്റെ താക്കോലുമായി കവാടത്തോടു തൊട്ടുള്ള തന്റെ സിംഹാസനത്തിൽ സർവ്വഗൗരവത്തോടെ ആരൂഢനായിരിക്കുന്നു. കവാടം അടച്ചുപൂട്ടിയിരിക്കുകയാണ്. ആവുന്നിടത്തോളം തിന്മയൊന്നും ചെയ്യാതെ, കുറച്ചെങ്കിലും നന്മചെയ്യാൻ പരിശ്രമിച്ച തനിക്കു വലിയ മുക്കവൻ അനായാസം, സസന്തോഷം, കവാടംതുറന്നു നല്കുമെന്നാണ് തിരുമേനി കരുതിയത്.
പക്ഷേ, പത്രോസ് ശ്ലീഹായുടെ പ്രതികരണം ആശാവഹമായിരുന്നില്ല. ഗൗരവം വിടാതെ അദ്ദേഹം ഷീൻ തിരുമേനിയോടു ചോദിക്കുന്നു. നിങ്ങൾ അരാണ്? അപ്പോൾ അദ്ദേഹം തന്നെക്കുറിച്ച് തികച്ചും ഹ്രസ്വവും വിനീതവുമായ ഒരു വിവരം നല്കുന്നു. അങ്ങനെ ഒരാളം തനിക്ക് അറിഞ്ഞുകൂടെന്നും ശ്ലീഹാ വെട്ടിമുറിച്ചുപറയുന്നു.
പിതാവു പരമസങ്കടത്തിലായി. അത്യാവശ്യമെന്നും സഹായകമായിരിക്കുമെന്നും അദ്ദേഹം കരുതിയ, താൻചെയ്ത ഏതാനും നല്ല കാര്യങ്ങൾകൂടി അദ്ദേഹം പത്രോസ് ശ്ലീഹായോടു പറഞ്ഞുനോക്കി. ഫലം നാസ്തി! തന്റെ യോഗ്യതകൾ കുറേക്കൂടി വിശദമായും വ്യക്തമായും സ്വരം അല്പം ഉയർത്തിയും തിരുമേനി അവതരിപ്പിക്കുകയായി. ശിഷ്യപ്രധാനന് തിരുമേനി പറഞ്ഞ കാര്യങ്ങളൊന്നും ബോധ്യമാവുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ സമനില അല്പം തെറ്റുകയും ചെയ്തിരിക്കുന്നു. അദ്ദേഹം കയർത്തു സംസാരിച്ചു തുടങ്ങുന്നു. ഇരുവരും തമ്മിൽ ഒരു വാദപ്രതിവാദംതന്നെ നടന്നുകൊണ്ടിരിക്കുകയാണ്!
പിതാവിന്റെ ഭാഗ്യത്തിന്, സംഗതി അതീവഗുരുതരമാകുന്നതിനു മുമ്പ് ഈശോ തമ്പുരാൻ അതിലെ വരുന്നു. വാദപ്രതിവാദം കേട്ടുകൊണ്ട് കടന്നുവന്ന തമ്പുരാൻ കാര്യമെന്തെന്ന് പത്രോസ് ശ്ലീഹായോടു ചോദിക്കുന്നു. തനിക്ക് തൊട്ടടുത്ത് ആകാംഷപൂർവ്വം നില്ക്കുന്നയാളെ അറിയില്ലെന്നും അയാളുടെ പേര് ഫുൾട്ടൻ ജെ. ഷീൻ എന്നാണെന്നും അദ്ദേഹത്തിന്റെ വാദമുഖങ്ങളിൽ കഴമ്പൊന്നുമില്ലെന്നും ശ്ലീഹാ ഈശോയോടു തറപ്പിച്ചു പറയുന്നു. അപ്പോൾ പുഞ്ചിരിയോടെ ഈശോ പത്രോസിനോടു പറയുന്നു: ഫുൾട്ടൺ ജെ. ഷീനെക്കുറിച്ച് എന്റെ അമ്മ പലപ്രാവശ്യം എന്നോട്, ഏറെ കാര്യമായി പറഞ്ഞിട്ടുണ്ട്.
പത്രോസ് ശ്ലീഹാ പടവും പത്തിയും മടക്കുന്നു. വേഗം തിരുമേനിയ്ക്കു സ്വർഗ്ഗകവാടം തുറന്നുകൊടുക്കുന്നു. ഈശോയോടൊപ്പം ആ ദിവ്യകാരുണ്യഭക്തൻ, ആ മാതൃഭക്തൻ നീതിയുടെ കിരീടമണിയിക്കപ്പെടുന്നു. തനിക്കായി മിശിഹാനാഥൻ, തന്റെ പെസഹാരഹസ്യത്തിലൂടെ ഒരുക്കിയിരുന്ന നിത്യഭാഗ്യത്തിലേയ്ക്ക് പിതാവു പ്രവേശിക്കുന്നു. മറിയത്തിന്റെ മകൻ സ്വർഗ്ഗത്തിന്റെ മകനാണ്. (A child of Mary is a child of Heaven).