തോമസ് പിറന്നത് ഒരു പ്രഭുകുടുംബത്തിലാണ്. ലോകസുഖങ്ങൾ പരിത്യജിച്ചു അവൻ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അദ്ദേഹം ഒരു ഭിക്ഷാടക സന്യാസിയായി. പ്രഭുക്കളായ കുടുംബാംഗങ്ങൾക്ക് ഇത് വലിയ അപമാനമായി തോന്നി. തിരിച്ചു വരൻ അവർ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ, സ്വമാതാവിന്റെ പ്രേരണയാൽത്തന്നെ സഹോദരന്മാർ അദ്ദേഹത്തെ ബലമായി കൊണ്ടുവന്നു രണ്ടു കൊല്ലം ഒരു മുറിയിൽ പൂട്ടിയിട്ടു.
അദ്ദേഹത്തിന്റെ ദൈവവിളി നഷ്ടപ്പെടുത്താൻ അവർ ഒരു കടുംകൈ ചെയ്തു. ഒരു വേശ്യസ്ത്രീയെ അവർ അദ്ദേഹത്തിന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. ഒരു തീകൊള്ളിയെടുത്തു അവളെ പേടിപ്പിച്ചു ഓടിച്ചു. അങ്ങനെയാണ് ആ മഹൻ തന്റെ ദൈവവിളിയിൽ ഉറച്ചുനിന്നത്.
വിശുദ്ധരിൽ വിജ്ഞനും എന്ന് പ്രഖ്യാപിതനായ മഹാ ദൈവശാസ്ത്രജ്ഞൻ തോമസ് അക്വിനാസിനെ കുറിച്ചാണ് നാം പരാമർശിക്കുന്നത്. ലോകോത്തരമായ ദൈവശാസ്ത്ര-തത്വശാസ്ത്ര ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ഒരിക്കൽ (നേപ്പിൾസിൽ വച്ച്) കുരിശുരൂപത്തിൽ നിന്ന് ഇറങ്ങിയ ഒരു സ്വരം അദ്ദേഹം ശ്രവിച്ചു. “തോമ നീ എന്നെക്കുറിച്ചു വളരെ നന്നായി എഴുതിയിട്ടുണ്ട്. പകരം നിനക്ക് എന്തുവേണം?” തോമസ് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “കർത്താവെ അങ്ങയെ ഒഴികെ മറ്റൊന്നും എനിക്ക് വേണ്ട.” സകല ഉപേക്ഷകളുടെയും പരിത്യാഗത്തിന്റെയും ലക്ഷ്യം ഈശോയെ സ്വന്തമാക്കുക എന്നതാകുമ്പോൾ മാത്രമാണ് ആത്മീയ വളർച്ച കൈവരുക.