പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം നല്ല വിദ്യാഭ്യാസത്തിനു ശേഷം വിൻസെന്റ് 1600 ൽ വൈദികനായി. ”ദൈവവര പ്രസാദത്തിലല്ലെങ്കിൽ ഞാൻ ആരോടും പടവെട്ടുന്ന ഒരു പ്രകൃതി ആയിത്തീരുമായിരുന്നു” എന്നാണ് വിൻസെന്റ് തന്നെ പറഞ്ഞിട്ടുള്ളത്. ദൈവശാസ്ത്രവും ആധ്യാത്മിക ശാസ്ത്രവും അദ്ധഹം പഠിച്ചിരുന്നു; അഭ്യസിച്ചിരുന്നു. എന്നാൽ വിശുദ്ധ കുരിശിന്റെ വിജ്ഞാനമായ എളിമ, ക്ഷമ, ശാന്തത, ഉപവി എന്നിവയെ സംബന്ധിച്ച് അദ്ദേഹത്തിന് അന്ന് അനുഭവജ്ഞാനമില്ലായിരുന്നു.
1605 ൽ വിശുദ്ധൻ മാര്സെയിലേക്കു പോകുംവഴി ആഫ്രിക്കൻ കടൽകള്ളന്മാർ അദ്ദേഹം യാത്ര ചെയ്തിരുന്ന കപ്പൽ കൊള്ള ചെയ്തു. വിന്സന്റിനെ ഒരു മീന്പിടുത്തക്കാരാണ് അടിമയായി വിറ്റു. വിന്സന്റിനു മീന്പിടുത്തതിനുള്ള വാസന ഇല്ലാഞ്ഞതിനാൽ അയാൾ അദ്ദേഹത്തെ ഒരു മുഹമ്മദീയ രസതന്ത്രഞ്ജന് വിറ്റു. ഒരു വര്ഷം അദ്ദേഹത്തോടുകൂടെ താമസിച്ചു. മുഹമ്മദുമതം ആശ്ലേഷിച്ചാൽ സ്വത്തും സ്വാതന്ത്ര്യവും നൽകാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. 1606 ഓഗസ്റ്റിൽ അയാൾ മരിച്ചു. അവകാശി മതത്യാഗിയായ ഒരു ക്രിസ്ത്യാനിക്ക് വിന്സന്റിനെ വിറ്റു. വിൻസെന്റ് അയാളെ മനസാന്തരപ്പെടുത്തി. 1607 ജൂൺ ഇരുപത്തെട്ടാം തീയതി മർസെയിൽ അദ്ദേഹത്തോടൊപ്പമെത്തി ഫ്രാൻസിലെ തടവുകാരുടെ ചാപ്ലിൻ ജനറലായി.
1616 ൽ ഫാദർ വിൻസെന്റ് പ്രസംഗിച്ച ഒരു ധ്യാനത്തിൽനിന്നു ചില കർഷകർ നടത്തിക്കൊണ്ടിരുന്ന കള്ളകുമ്പസാരങ്ങൾ അദ്ദേഹത്തിന്റെ അറിവിൽപെട്ടു. അന്ന് ഗോണ്ടി പ്രഭ്വിയുടെ ജ്ഞാനപിതാവായിരുന്നു ഫാദർ വിൻസെന്റ്. ധ്യാനത്തിന്റെ വിവരങ്ങൾ പ്രഭ്വി ഗ്രഹിച്ചപ്പോൾ അത്തരം ധ്യാനങ്ങൾ കൂടുതൽ നടത്താൻ പ്രഭ്വി പ്രോത്സാഹനം നടത്തിക്കൊണ്ടിരുന്നു. അങ്ങനെ 1626 ൽ മിഷൻ കോൺഗ്രിഗേഷൻ രൂപവൽകൃതമായി. വിൻസെൻഷ്യൻസ് എന്ന് അവർ അറിയപ്പെടുന്നു. വൃദ്ധരോടും ദരിദ്രരോടും അനാഥരോടും പരിത്യക്തരായ സമസ്ഥരോടും അദ്ദേഹത്തിന്റെ ഉപവി പ്രഖ്യാപിതമാണ്. അവർ മനുഷ്യരല്ല കൃമിയാണെന്നു പറയുന്നവരുടെ ചിത്രമാണ്; ചിത്രം മറച്ചുവയ്ക്കുക; യേശുക്രിസ്തുവിനെ കാണാം.
ഒരിക്കൽ തൻ ഒരു നിധി വഹിച്ചുകൊണ്ട് പോകയാണെന്നു കരുതി കവർച്ചക്കാർ അദ്ദേഹത്തിന്റെ പക്കൽ പാഞ്ഞുചെന്നു. വിറയ്ക്കുന്ന ഒരു ചോരകുഞ്ഞിനെയാണ് അവർ കണ്ടത്. കവർച്ചക്കാർ അദ്ദേഹത്തിന്റെ പദത്തിങ്കൽ വീണു മാപ്പു അപേക്ഷിച്ചു. ഫാദർ വിൻസെന്റ് ദരിദ്രരുടെ സഹായകൻ മാത്രമായിരുന്നില്ല. മനോഗുണപ്രവർത്തികൾ ചെയ്യാൻ ധനികർ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. ഓരോ ഇടവകയിലും ദരിദ്രരെയും രോഗികളെയും സഹായിക്കാൻ സംഘങ്ങൾ സ്ഥാപിച്ചു. വി. ലൂയി ദേ മാറിലാക്കിന്റെ സഹായത്തോടുകൂടി ഈ സംഘങ്ങൾ അദ്ദേഹം ഉപവിയുടെ സഹോദരി സഭയാക്കി. അവരുടെ വിശ്രമസങ്കേതം രോഗമുറിയും കപ്പേള ഇടവകപ്പള്ളിയും ആവൃതി തെരുവീഥിയുമാണ്. തന്റെ മിഷനറി പ്രവർത്തനങ്ങൾക്ക് പണം പിരിക്കാൻ സമ്പന്ന സ്ത്രീകളുടെ ഒരു സംഘടനയുണ്ടാക്കി.
1660 ൽ സമാധാനപൂർവം ഈ മനുഷ്യസ്നേഹി അന്തരിച്ചു. പതിമൂന്നാം ലിയോൺ മാർപാപ്പ അദ്ദേഹത്തെ എല്ലാ പരസ്നേഹ പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി നിയമിച്ചു. അവയിൽ പ്രധാനമായത് 1833 ൽ ഫ്രഡറിക്ക് ഒസ്നാനം സ്ഥാപിച്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി തന്നെ.