ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
ഏശയ്യാ 61 : 1-2
ലൂക്ക 18 :35- 43 അന്ധന് കാഴ്ച നൽകുന്നഈശോയെ നാം കാണുന്നു(ലൂക്ക4:18,7:22). അന്ധർക്ക് കാഴ്ച നൽകുന്നത് രക്ഷകനായ മിശിഹായുടെ ദൗത്യമാണ്. ഈശോയുടെ അടുത്തേക്ക് ആനയിക്കപ്പെട്ട ശിശുക്കളുമായി അന്ധന് പല സാമ്യങ്ങളും ഉണ്ട്. ശിശുക്കളെ പോലെ അവൻ നിസ്സഹായനാണ്. അവരെപ്പോലെ അവനും രക്ഷകസവിധത്തിലേക്ക് ആനയിക്കപ്പെട്ടു. ശിശുക്കളെ എന്നപോലെ അവനെയും അവർ ശകാരിച്ചു. അന്ധന്റെ വിശ്വാസം മൂലം ഈശോ അവനെ സ്വീകരിച്ച്, അവനു സൗഖ്യം നൽകി.
കഥാ പുരുഷന് ബാഹ്യന്ധതയേ ഉള്ളൂ. അവനെ ആന്തരികമായ അന്ധതയില്ല. എന്നാൽ ബാഹ്യാന്ധതയില്ലാത്ത പലരും ആന്തരികാന്ധരാണ്. ഇത് സുഖപ്പെടുത്തുന്നതിന് അനുതാപവും മാനസാന്തരവും അത്യന്താപേക്ഷിതമാണ്. ഇക്കൂട്ടത്തിൽ ആണോ താനെന്ന് ഓരോ വ്യക്തിയും ആത്മാർത്ഥമായി ആത്മശോധനം ചെയ്തു നോക്കണം. പ്രകൃതത്തിലെ അന്ധയാചകന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത അവനാണ് ആദ്യമായി ഈശോയെ “ദാവീദിന്റെ പുത്രാ” എന്ന് വിശേഷിപ്പിച്ചു വിളിക്കുന്നത്. അവൻ ഒന്നല്ല,രണ്ടുപ്രാവശ്യം,ഈശോയെ “ദാവീദിന്റെ പുത്രാ” എന്ന് വിളിക്കുന്നുണ്ട്.
അന്ധയാചകന്റെയും ക്രിസ്തു ശിഷ്യരുടെയും വിശ്വാസധിഷ്ഠിത ദർശനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. കാഴ്ച നൽകാൻ അധികാരമുള്ളവനും ദാവീദിന്റെ പുത്രനും കർത്താവുമായി അന്ധൻ ഈശോയെ കാണുന്നു, തിരിച്ചറിയുന്നു. അവൻ ഈശോയിൽ വിശ്വസിച്ചു. ഈശോ അന്ധനോട് വ്യക്തമായി പറയുന്നു:” നിനക്കു കാഴ്ച ഉണ്ടാവട്ടെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”(ലൂക്ക.18:42) ഈശോ വചനത്താൽ അവനു കാഴ്ച വീണ്ടെടുത്തു കൊടുക്കുന്നു. സൗഖ്യം പ്രധാനം ചെയ്യാൻ അവന്റെ അന്ധതയ്ക്ക് നിവാരണം വരുത്താൻ വചനത്തിന്റെ അത്ഭുത ശക്തി അവിടുന്ന് പ്രയോഗിക്കുന്നു. പാപിനിക്ക് മോചനം നൽകിയപ്പോഴും(ലൂക്ക 7:50) രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയപ്പോഴും(ലൂക്ക 18:49) കുഷ്ഠരോഗിയെ ശുദ്ധനാക്കിയപ്പോഴും ഈശോ ബന്ധപ്പെട്ടവരോട് പറയുന്നുണ്ട്:” നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”എന്ന്. വിശ്വാസവും രക്ഷയും (ഉദാ.സൗഖ്യം) മേൽപ്പറഞ്ഞവർക്കെല്ലാം കൈവന്നത് രക്ഷയാണ്. കാഴ്ച പ്രാപിക്കൽ രക്ഷ പ്രാപിക്കുന്നതിന്റെ അടയാളമാണ്. വിശ്വാസം കൂടാതെ ആർക്കും രക്ഷ കൈവരില്ല. അതേ, വിശ്വാസം രക്ഷിക്കും.
കാഴ്ച ലഭിക്കണമെന്ന് അന്ധന്റെ ആഗ്രഹവും വിശ്വാസവും മനസ്സിലാക്കിയ ഈശോ അവന് സൗഖ്യവും രക്ഷയും സമ്മാനിച്ചു. അവൻ ദൈവത്തെ മഹത്വപ്പെടുത്തി. ഈശോയെ അനുഗമിച്ചു(18:43) ഈശോമിശിഹായെ ശരിയായി കാണുന്ന, മനസ്സിലാക്കുന്ന അനേകരുണ്ട്. കാഴ്ച കിട്ടിയ മകൻ ഒരു മാതൃക ശിഷ്യനാണ്. രോഗവും രോഗശാന്തിയും സഹനവും സഹന വിമുക്തിയും ദൈവത്തെ മഹത്വപ്പെടുത്തി ഈശോയെ അനുഗമിക്കാനുള്ള അനുഗ്രഹങ്ങളായി വിലമതിക്കാം.