ജ്ഞാനം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അതുകൊണ്ട് ജ്ഞാനത്തിന്റെ വാക്ക് കേൾക്കുകയും അതിന്റെ നിയമം കാത്തുസൂക്ഷിക്കുകയും ചെയ്യുക അത്യാവശ്യമാണ്. കാരണം ജ്ഞാനത്തിന്റെ നിയമം ദൈവത്തിന്റെ നിയമം തന്നെയാണ്. നല്ല മനുഷ്യൻ, ദൈവഭക്തൻ, എപ്പോഴും ജ്ഞാനത്തിന് ചെവി കൊടുക്കുകയും അറിവിന്റെ നേരെ ഹൃദയം ചായിക്കുകയും ചെയ്യും. അവൻ കാര്യങ്ങളുടെ പൊരുൾ അറിയാൻ തീക്ഷണമായി പ്രാർത്ഥിക്കുകയും അറിവിനു വേണ്ടി വിളിച്ചപേക്ഷിക്കുകയും ചെയ്യും. ജ്ഞാനത്തെ സ്നേഹിക്കുന്നവൻ വെള്ളിയോ, സ്വർണമോ, എന്നപോലെ അതിനെ തേടുകയും നിഗൂഢനിധി എന്നപോലെ അതിനെ അന്വേഷിക്കുകയും ചെയ്യും. ദൈവഭക്തി എന്തെന്ന് അറിയാനും ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവ് തേടാനും ശ്രമിക്കും.
എന്തെന്നാൽ കർത്താവ് ജ്ഞാനം നൽകുന്നു. അവിടുത്തെ വദനത്തിൽ നിന്ന് അറിവും വിവേകവും പുറപ്പെടുന്നു. സത്യസന്ധർക്കായി അവിടുന്ന് അന്യൂനമായ ജ്ഞാനം കരുതി വെക്കുന്നു. ധർമ്മിഷ്ഠർക്ക് അവിടുന്ന് പരിചയയായി വർത്തിക്കുന്നു. അവിടുന്ന് നീതിയുടെ മാർഗ്ഗങ്ങൾ സംരക്ഷിക്കുന്നു. തന്റെ വിശുദ്ധരുടെ വഴി.
അവിടുന്ന് കാത്തുസൂക്ഷിക്കുന്നു യഥാർത്ഥ ജ്ഞാനം ഉള്ളവൻ നീതിയും ന്യായവും ധർമ്മവും മറ്റെല്ലാ നല്ല വഴികളും ഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോൾ ജ്ഞാനം ഭക്തന്റെ ഹൃദയത്തിൽ നിറയുകയും അറിവ് അവന്റെ ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.
വിവേചന ശക്തി വിശ്വാസിയെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നു. ദുർമാർഗ്ഗത്തിൽ നിന്നും ദുർഭാഷികളിൽ നിന്നും അത് അവനെ മോചിപ്പിക്കുന്നു. അവരോ ഇരുളിന്റെ വഴികളിൽ ചരിക്കാൻ സത്യത്തിന്റെ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. തിന്മ ചെയ്യുന്നതിനാണ് അവർ സന്തോഷം കണ്ടെത്തുക. അതിന്റെ വൈകൃതത്തിൽ അവർ ആഹ്ലാദിക്കുന്നു. കുടിലമാണ്,തിന്മ നിറഞ്ഞതാണ് അവരുടെ വഴികൾ. നേർവഴി വിട്ടു നടക്കുക അവരുടെ പതിവാണ്. ദുശ്ചരിതകളും സ്വൈരിണികളും ജീവന്റെ വഴികൾ കണ്ടെത്തുന്നില്ല.
രക്ഷപ്രാപിക്കാൻ, തെറ്റായ പാതയിൽ സഞ്ചരിക്കുന്നവർ അനുതപിച്ചു നന്മയെ ആഞ്ഞു പുൽകുക. സജ്ജനങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കുക. നീതിയുടെ പാതയിൽ സ്ഥിരതയോടെ മുന്നേറുക. സത്യസന്ധർ ദൈവരാജ്യത്തിൽ വസിക്കുകയും ധർമ്മിഷ്ഠർ അവിടെ നിലനിൽക്കുകയും ചെയ്യും. അനീതി പ്രവർത്തിക്കുന്നവർ ദൈവരാജ്യത്തുനിന്ന് വിച്ഛേദിക്കപ്പെടും. വഞ്ചകർ പിഴുതെറിയപ്പെടും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു.
അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍?
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
മത്തായി 25 : 34-40