257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നത് ലോറൻസായിരുന്നതുകൊണ്ടു മാർപാപ്പയുടെ ആർച്ഡീക്കൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
വലേറിയൻ ചക്രവർത്തി 257 ൽ പ്രസിദ്ധം ചെയ്ത വിളംബരമനുസരിച്ചു 258 ൽ മാർപാപ്പ അറസ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കൊലകളത്തിലേക്കു മാർച്ച് ചെയ്യുമ്പോൾ ലോറൻസ് കരഞ്ഞു പിന്നാലെ ചെന്ന് അഭിവാദ്യം ചെയ്തു: ‘പിതാവേ, അങ്ങയുടെ മകനെക്കൂടാതെ അങ്ങ് എവിടേക്കാണ് പോകുന്നത്? പരിശുദ്ധനായ പുരോഹിതാ, അങ്ങയുടെ ഡീക്കനെക്കൂടാതെ അങ്ങ് എവിടേക്കു പോകുന്നു? അങ്ങയുടെ ശുശ്രൂഷകനെ കൂടാതെ അങ്ങ് ബലി ചെയ്തിട്ടില്ല. എന്തിലാണ് അങ്ങയെ ഞാൻ അതൃപ്തിപ്പെടുത്തിയത്? ഞാൻ കൃത്യവിലോപനായിരിന്നിട്ടുണ്ടോ? കർത്താവിന്റെ രക്തം കൈകാര്യം ചെയ്യുവാൻ അങ്ങ് തിരഞ്ഞെടുത്തവൻ അയോഗ്യനായിപ്പോയോ എന്ന് കാണുക.’
‘മകനെ, ഞാൻ നിന്നെ ഉപേക്ഷിക്കുന്നില്ല. മുന്ന് ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും. നിന്റെ കൈവശമുള്ള തിരുസഭയുടെ നിധിയെല്ലാം ദരിദ്രർക്ക് ഭാഗിച്ചുകൊടുക്കുക’ എന്ന് മാർപാപ്പ പ്രതിവചിച്ചു. ലോറൻസ് സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സമ്പത്തെല്ലാം ദരിദ്രർക്കും വിധവകൾക്കും ഭാഗിച്ചുകൊടുത്തു. പിന്നീട് റോമൻ പ്രീഫെക്ട് സഭയുടെ സ്വർണാഭരണങ്ങളും സ്വര്ണത്തിരിക്കാലുകളും മൂത്തകൂട്ടുകളും കാണിച്ചുകൊടുക്കാൻ ലോറന്സിന്നോടു ആവശ്യപ്പെട്ടു. ദരിദ്രരെയും വിധവകളെയും നിരനിരയായി നിർത്തിയശേഷം പ്രീഫെക്ടിനെ വിളിച്ചു ഇവരാണ് സഭയുടെ മുതൽക്കൂട്ട് എന്ന് പറഞ്ഞു. ‘നീ എന്നെ പരിഹസിക്കുകയാണല്ലേ’ പ്രീഫെക്ട് പ്രതിവചിച്ചു. ‘ഇഞ്ചിഞ്ചായി നിന്നെ ഞാൻ കൊല്ലും.’
അനന്തരം ലോറൻസിന്റെ വസ്ത്രം അഴിച്ചു അദ്ദേഹത്തെ ഒരു ഇരുമ്പു പലകയിൽ കിടത്തി തീയിട്ടു. അന്ഗ്നി ശരീരത്തെ എരിയിച്ചു. ദൈവസ്നേഹം അഗ്നിയെ അവഗണിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവസാനം ലോറൻസ് മരിച്ചു. റോമാ മുഴുവന്റെയും മനസാന്തരത്തിനു ലോറൻസ് കാരണമായി.