നമ്മുടെ സഹനങ്ങൾ,പ്രതികൂല സാഹചര്യങ്ങൾ, എളിമപ്പെടുത്തലുകൾ, തിരസ്കരണങ്ങൾ, തകർച്ചകൾ, സംശയങ്ങൾ പോലും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിക്കുന്ന ചുള്ളികൾ ആവട്ടെ. നമ്മുടെ നല്ല പരിശ്രമങ്ങൾക്കും സത്പ്രവർത്തികൾക്കും പ്രതിഫലം ലഭിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക. ഈശോ മാത്രമായിരിക്കട്ടെ നമ്മുടെ ഏക പ്രതിഫലം. ” യേശു മതി,എനിക്ക് യേശു മതി “. “ഈശോയെ,എന്റെ ഹൃദയത്തിന്റെ അമൂല്യ നിക്ഷേപമേ,എന്റെ സഹനങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് മറ്റുള്ളവരുടെ സഹനത്തിൽ ഹൃദയാർദ്രതയോടെ പങ്കു ചേരാൻ എന്നെ അനുഗ്രഹിക്കണമേ!.”
സഹനം കൃപയുടെ നീർച്ചാലാണ്. സഹനത്തിലൂടെ ആത്മാവ് രക്ഷകനെ പോലെയാകും. സഹനത്തിലൂടെ സ്നേഹം സ്ഫടികം ആക്കപ്പെടുകയും ചെയ്യുന്നു. എത്രമാത്രം സഹിക്കുന്നുവോ അത്രമാത്രം സ്നേഹം പവിത്രമാകുന്നു..
ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന ആത്മാക്കൾ നിരവധിയാണ്. അവരുടെ മോചനത്തിനു വേണ്ടി നാം ബലിയർപ്പിക്കുകയും പ്രാർത്ഥിക്കുകയും വേണം. അവരുടെ സഹനം നമുക്കുവേണ്ടി ദൈവത്തിന് കാഴ്ചവയ്ക്കാൻ അവർക്ക് സാധിക്കും. അങ്ങനെ ചെയ്യാൻ അവരോട് അഭ്യർത്ഥിക്കുന്നതു നമുക്ക് അനുഗ്രഹപ്രദമായിരിക്കും.