ജ്ഞാനം,ബുദ്ധി, ആലോചന, ആത്മശക്തി,അറിവ്, ഭക്തി,ദൈവഭയം എന്നിവയാണല്ലോ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ. ഇവ വഴി പരിശുദ്ധാത്മാവ് വിശ്വാസികളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരുടെ സ്വാഭാവിക കഴിവുകൾക്ക് അതീതമായ സവിശേഷ സിദ്ധികളും കഴിവുകളും പരിശുദ്ധാത്മാവ് അവർക്ക് നൽകുന്നു. ഈ ലോകത്തിൽ ദൈവത്തിന്റെ പ്രത്യേക ഉപകരണങ്ങൾ ആകാൻ അവർക്ക് സാധിക്കുന്നു.
ഈ സവിശേഷ സിദ്ധികൾ വിശ്വാസികളെ അവിശ്വാസികളിൽ നിന്നും വ്യതിരിക്തരാക്കുന്നു. യഥാർത്ഥ വിശ്വാസിക്ക് ക്ഷമിക്കുക, വ്യവസ്ഥയില്ലാതെ ക്ഷമിക്കുക, എളുപ്പമാകുന്നതുപോലെ എളുപ്പമായിരിക്കുകയില്ല ഒരു അവിശ്വാസിക്ക്. അതുപോലെ ഇതര കാര്യങ്ങളിലും.
ഏഴു ദാനങ്ങളിൽ പ്രഥമവും മഹത്തമവും ആയി കണക്കാക്കപ്പെടുന്നത് ജ്ഞാനമാണ് വിശ്വാസിയുടെ ബുദ്ധിയും ഇച്ഛയും ആണ് ജ്ഞാനത്തിന്റെ പ്രവർത്തന മേഖല. സെന്റ് ബർണാഡിന്റെ അഭിപ്രായത്തിൽ ജ്ഞാനം മനസ്സിനെ പ്രകാശിപ്പിക്കുകയും ദൈവീകതയിലേക്ക് ഉള്ള മനസ്സിന്റെ ആകർഷണം വളർത്തുകയും ചെയ്യുന്നു. ജ്ഞാനം പ്രകാശമാണ്.വിവേകം ആ പ്രകാശത്തിൽ തീരുമാനങ്ങൾ എടുക്കാനും പ്രായോഗികമാക്കാനും സഹായിക്കുന്നു.
ഒരാളുടെ അമാനുഷിക ലക്ഷ്യവുമായി യാഥാർത്ഥ്യങ്ങളെ ബന്ധപ്പെടുത്തി,ഫലപ്രദമാക്കാൻ ബുദ്ധി സഹായിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള അറിവിനെ അതു കൂടുതൽ പ്രബുദ്ധമാക്കുന്നു. മതാചാരങ്ങളുടെ പ്രാധാന്യം ഗ്രഹിക്കാൻ അത് ഏറെ സഹായിക്കുന്നു. പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, ഇവയിലൂടെ വിശ്വാസിയുടെ ഉൾക്കാഴ്ച ശക്തിപ്പെടുന്നു. ദൈവപരിപാലനയിൽ ആഴമായ വിശ്വാസവും മതിപ്പും ഉളവാക്കുന്നു.
ഒരുതരം അമാനുഷിക അവബോധമുളവാക്കുന്നതാണ് ആലോചന. പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ വേഗത്തിലും ശരിയായും തീരുമാനമെടുക്കാൻ ഇത് വിശ്വാസിയെ പ്രാപ്തനാക്കുന്നു. ഇത് വിവേകത്തെ പൂർണ്ണമാക്കുന്നു. വിശ്വാസത്താൽ പ്രബുദ്ധമായ ബുദ്ധിക്ക് അനുസൃതമായി വിശ്വാസികൾ പ്രവർത്തിക്കുമ്പോൾ, ആലോചന എന്ന പരിശുദ്ധാത്മദാനം ദൈവഹിതം നിറവേറ്റുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.