പിതാവിനെ പൂർണമായി വെളിപ്പെടുത്താൻ കഴിവുള്ള ഒരേയൊരു വ്യക്തി അവിടുത്തെ പുത്രനായിരിക്കുന്ന താൻ മാത്രമാണെന്ന് ഈശോ അവകാശപ്പെടുന്നു. മത്താ 11:27ൽ അവിടുന്ന് വ്യക്തമാക്കുന്നു. “സർവ്വവും എന്റെ പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്നു.പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തി കൊടുക്കാൻ മനസ്സാ കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല “. വീണ്ടും അവിടുന്ന് യോഹ. 8 :38ൽ അരുളി ചെയ്യുന്നു :’ എന്റെ പിതാവിന്റെ സന്നിധിയിൽ കണ്ടവയെപ്പറ്റി ഞാൻ സംസാരിക്കുന്”..
അവിടുന്ന് ” പുത്രൻ” എന്ന് സ്വയം പരിചയപ്പെടുത്തുന്നതിലൂടെ തന്റെ പുത്രാവബോധം പ്രകടമാക്കുന്നു. തന്റെ ദൈവികത വെളിപ്പെടുത്തുന്ന ഒട്ടുമിക്ക അവസരങ്ങളിലും അവിടുന്ന് സ്വയം പരിചയപ്പെടുത്തുന്നത് ” പുത്രൻ” എന്ന പദം ഉപയോഗിച്ചാണ്. യോഹ. 3:17 വ്യക്തമായി പറയുന്നു:” ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല,പ്രത്യുത, അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.
യോഹ.5:19,20 കുറിച്ചു വച്ചിരിക്കുന്നു. ” എന്തെന്നാൽ പിതാവ് പുത്രനെ സ്നേഹിക്കുകയും താൻ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു “. പിതാവിന്റെ അതേ അധികാരമാണ് തനിക്കും ഉള്ളതെന്ന് പ്രഖ്യാപിക്കുന്ന വേളകളെല്ലാം ഈശോ ഉപയോഗിക്കുന്നത് ” പുത്രൻ” എന്ന പദം തന്നെയാണ്.
യോഹ.3:35,36ൽ ഈശോ വ്യക്തമാക്കുന്നു. ” പിതാവ് പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് ജീവൻ ലഭിക്കുന്നു. എന്നാൽ പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെമേലുണ്ട്”.
പിതാവ് മരിച്ചവരെ ഉയിർപ്പിച്ചു ജീവൻ നൽകുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു. (യോഹ. 21: 5 ). ” പിതാവ് ആരെയും വിധിക്കുന്നില്ല വിധി മുഴുവൻ അവിടുന്ന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു(യോഹ.5:22). ഇപ്രകാരം പിതാവ് വിധി മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നതു പിതാവിനെ ആദരിക്കുന്ന പോലെ എല്ലാവരും പുത്രനെ ആദരിക്കേണ്ടതിനാണ്. “പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല”( യോഹ.5:23)