അൽഭുതകരമായ മീൻപിടുത്തം കണ്ടമാത്രയിൽ “ഈശോ സ്നേഹിക്കുന്ന ശിഷ്യൻ” പത്രോസിനോട് പറയുന്നു: അത് കർത്താവാണ് (21:7). അൽഭുതം കണ്ട് മറ്റു ശിഷ്യന്മാരും അത്ഭുതംകൂറി വിസ്മയിച്ചിരിക്കണം. സ്നേഹം വിശ്വാസത്തെ ത്വരിതപ്പെടുത്തുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. അത് കർത്താവാണെന്ന് കേട്ടപ്പോൾ പത്രോസ് പുറം കുപ്പായം എടുത്ത് ധരിച്ചു് കടലിൽ ചാടി. മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ട് വള്ളത്തിൽ തന്നെ വന്നു. (21:7,8). പത്രോസിന്റെ നേതൃത്വത്തിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഭാഷണത്തിലൂടെ രൂപംകൊള്ളുന്ന സഭയെ സൂചിപ്പിക്കുന്ന വിധത്തിലാണ് ഈ വിവരണം. അത്ഭുതകരമായ മീൻപിടുത്തത്തോട് ബന്ധപ്പെടുത്തി ആണല്ലോ പത്രോസിന് മനുഷ്യരെ പിടിക്കുന്ന ദൗത്യം ഏൽപ്പിക്കപ്പെടുക. ഈശോ ശിമയോനോട് പറയുന്നു: ” “പേടിക്കേണ്ട നീ ഇപ്പോൾ മുതൽ മനുഷ്യരെ പിടിക്കുന്നവനാകും”.(ലൂക്ക 5:10). മീൻ നിറഞ്ഞ വല സഭയുടെ പ്രതീകമാണ്. വല വലിച്ചു കയറ്റുന്നത് പത്രോസ് ആണ്.
“ഉടൻ പത്രോസ് വള്ളത്തിൽ കയറി. വലിയ മത്സ്യങ്ങൾ കൊണ്ട് നിറഞ്ഞ വല വലിച്ചു കരയിൽ കയറ്റി. അതിൽ 153 മത്സ്യങ്ങൾ ഉണ്ടായിരുന്നു. ഇത്രയധികം (മീൻ) ഉണ്ടായിരുന്നിട്ടും വല കീറിയില്ല”(21:11). വലയിൽ ഉണ്ടായിരുന്ന 153 മത്സ്യങ്ങൾ ലോകത്തിലുള്ള സകല ജനപദങ്ങളെയും പ്രതിനിധീകരിക്കുന്നു. സകല ജനപദങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ സഭയിലുണ്ട് “വല കീറി ഇല്ല” എന്ന വസ്തുത സഭയുടെ ഐക്യത്തെ സൂചിപ്പിക്കുന്നതാണ്(Unity and Oneness). യഥാർത്ഥത്തിൽ ഉത്ഥിതനായ മിശിഹായിൽ ഒന്നായി ശ്ലൈഹീക അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന സഭയെയാണ് ഈ രംഗം അവതരിപ്പിക്കുന്നത്.
ഈശോ മിശിഹായിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ സ്നേഹമാണ് സഭയെ ദൈവജനമായി രൂപപ്പെടുത്തുക. ഉത്ഥിതനായ മിശിഹായുടെ കരുണാർദ്ര സ്നേഹം ശ്ലീഹന്മാരുടെ അവിടുന്നിലേക്ക് ആകർഷിക്കുകയും ആനയിക്കുകമാണ്. അവിടുത്തെ മഹത്വീകരണം പീഡാനുഭവം മരണവും ഉത്ഥാനവും ദൈവത്തിന്റെ രക്ഷാകര സ്നേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പൂർത്തീകരണമായിരുന്നു. ഇതിലൂടെയാണ് എല്ലാ മനുഷ്യരും ദൈവത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. മഹത്വീകരണം പ്രഖ്യാപിച്ചുകൊണ്ട് ഈശോ പറഞ്ഞ വാക്കുകൾ ഇവിടെ അന്വർഥം ആവുകയാണ്.
” ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” ( യോഹന്നാൻ 12: 32). അവിടുത്തെ മഹത്വീകരണമാണ് പാപത്താൽ ചിന്നഭിന്നമാക്കപ്പെട്ട മാനവരാശിയെ സഭയിലൂടെ ഒന്നിപ്പിക്കുന്നതും. ഈശോ മരണത്തിന് വിധിക്കപ്പെട്ടപ്പോൾ പ്രധാന ആചാര്യന്റെ പ്രവചനമായി യോഹന്നാൻ അവതരിപ്പിക്കുന്നത് ഈ യാഥാർഥ്യമാണ് ; അവൻ ഇത് സ്വമേധയാ പറഞ്ഞതല്ല, പ്രത്യുത, അവൻ തന്നെ പ്രധാന ആചാര്യൻ എന്ന നിലയിൽ ജനത്തിനുവേണ്ടി ഈശോ മരിക്കേണ്ടി ഇരിക്കുന്നു എന്ന് പ്രവചിക്കുകയായിരുന്നു. ജനത്തിനു വേണ്ടി മാത്രമല്ല ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടിയും. ( യോഹന്നാൻ 21: 51, 52).
പാപത്താൽ ശിഥിലമായ ദൈവ-മനുഷ്യ ബന്ധങ്ങൾ മിശിഹാ യിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ സ്നേഹത്താൽ പുനസ്ഥാപിക്കപ്പെടുന്നു എന്നും ഇത് സൂചിപ്പിക്കുന്നു.
കുർബാന അനുഭവത്തിലൂടെ ആണ് ശിഷ്യത്വ പുനരുദ്ധാരണം സംഭവിക്കുക. “ഈശോ പറയുന്നു: വന്ന് പ്രാതൽ കഴിക്കുവീൻ”. ശിഷ്യന്മാരിൽ ആരും അവിടുത്തോട് നീ ആരാണെന്ന് ചോദിക്കുവാൻ മുതിർന്നില്ല. അത് കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു. “ഈശോ വന്ന് അപ്പം എടുത്ത് അവർക്ക് കൊടുത്തു. അതുപോലെതന്നെ മത്സ്യവും” (21:12,13). യോഹന്നാന്റെ സുവിശേഷത്തിലെ ഈ രംഗം പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തിയാണ് പല ബൈബിൾ വ്യാഖ്യാതാക്കളും വിശദീകരിക്കുക. ഉത്ഥിതനായ മിശിഹാ ഭക്ഷണമേശയോട് ബന്ധപ്പെടുത്തി ശിഷ്യർക്ക് സ്വയം വെളിപ്പെടുത്തുന്നത് പുതിയനിയമ പശ്ചാത്തലത്തിൽ ഈ വിശദീകരണം അർത്ഥവത്താണ്. മാത്രമല്ല അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിൽ ഈശോ ചെയ്തതിനോട് സദൃശ്യമായ ഒരു വിശദീകരണം ആണ് ഇവിടെയും അവിടുത്തെ പ്രവർത്തിക്കു നൽകിയിരിക്കുന്നത്. അപ്പം എടുത്ത് അവർക്ക് കൊടുത്തു. അതുപോലെതന്നെ മത്സ്യവും”( യോഹന്നാൻ 6 :11).
അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിൽ പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ പരിശുദ്ധ കുർബാനയോട് ബന്ധപ്പെട്ട പല സൂചനകളുണ്ട്. അതുകൊണ്ട് ഇവിടെയും അവതരിപ്പിക്കുന്ന ഈ രംഗം ഒരു കുർബാന അനുഭവമായി സംശയലേശമെന്യേ കരുതാവുന്നതാണ്. ഉത്ഥിനായ മിശിഹായുടെ സാന്നിധ്യത്തിലേക്ക് വിശ്വാസികളുടെ കണ്ണുകൾ തുറക്കപ്പെടുന്ന പരമ പ്രധാനവേദി പരിശുദ്ധ കുർബാന ആഘോഷം ആണല്ലോ.
പരമ പരിശുദ്ധ കുർബാനയിൽ ആശ്രയം അർപ്പിച്ച്, കുർബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ഫലദാനവരങ്ങൾ സമൃദ്ധിയായി ലഭിക്കുകയും, ജീവിതം സുഗമമാകുകയും ചെയ്യും. Love the Mass and to live the Mass എന്നൊരു പ്രബോധനം ഉണ്ട്. ഇത് നിങ്ങളുടെ പുത്തൻ കുർബാന ആണ്. ഇത് നിങ്ങളുടെ അവസാനത്തെ കുർബാനയാണ്. ഇത് നിങ്ങളുടെ ഏക കുർബാന ആണ് എന്ന ചിന്തയിൽ ദിവ്യബലി അർപ്പിച്ചിരുന്ന മഹാ വിശുദ്ധനായ ജോൺ മരിയ വിയാനി പുണ്യവാന്റെ പരിശുദ്ധ കുർബാനയോടുള്ള ഏറ്റം അഭിലഷണീയമായ മനോഭാവം ബലിയർപ്പിക്കുന്ന എനിക്ക് നിങ്ങൾക്കും ഉണ്ടാവട്ടെ!.