തനിക്കു സമർപ്പിതരായവർക്കു വിശിഷ്ട വരങ്ങൾ തന്റെ തിരുസുതനിൽ നിന്ന് നേടിക്കൊടുക്കുന്നതിൽ പരിശുദ്ധ ‘അമ്മ അത്യുത്സുകയാണ്. സ്വർഗീയവരങ്ങളുടെ വിതരണക്കാരിയായി ‘അമ്മ വിരാജിക്കുന്നു. വിശുദ്ധിയിൽ വളരുന്നതിനും ദൈവവിളിയിൽ വിശ്വസ്തപൂർവം വ്യാപാരിക്കുന്നതിനും ആവശ്യമായ സവിശേഷപുണ്യങ്ങൾ കണ്ടെത്തി അവ പുത്രന്റെ പക്കൽനിന്നും പ്രാപിച്ചു നൽകുന്നതിൽ ‘അമ്മ അങ്ങേയറ്റം തല്പരയുമാണ്.
ഇപ്രകാരം പ്രത്യേക കൃപ പ്രാപിച്ച ആളാണ് സ്വീഡനിലെ വി. ബ്രിജിറ്റ്. മൂന്നു വയസുവരെ സംസാരശേഷിയില്ലാതിരുന്ന കുഞ്ഞിനെ മാതാപിതാക്കൾ സവിശേഷമാം വിധം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരുന്നു. 7 വയസ്സ് വരെ ഈ അവസ്ഥയിൽത്തന്നെ അവൾ ജീവിച്ചു. ഒരു ദിവസം അവളുട കിടക്കയ്ക്കു സമീപം അതിസുന്ദരിയായ ഒരു സ്ത്രീ കൈയിൽ ഒരു കിരീടവുമായി നിൽക്കുന്നു. വിലയേറിയയതും അതീവ സുന്ദരവുമായിരുന്നു ആ കിരീടം. വേണോ എന്ന് ആ സ്ത്രീ ചോദിക്കുന്നു, വേണമെന്നു അവൾ മറുപടിയും. തുടർന്ന്, ജീവനാന്തം ബ്രിജിറ്റിനു സ്വർഗീയ അമ്മയുടെ സവിശേഷ സംരക്ഷണവും സഹായവും ഉണ്ടായിരുന്നു.
പരിശുദ്ധ ‘അമ്മ ബ്രിജിറ്റിനു മറ്റൊരു പ്രത്യേക കൃപ നൽകി. അവളെകൂട്ടി ‘അമ്മ തന്റെ പുത്രന്റെ അടുത്തുചെന്നു ഇങ്ങനെ പറഞ്ഞു, “മകനെ, ഇവൾ നല്ല എളിമയുള്ളവളാണ്. നിന്റെ തിരുരക്തത്താൽ വീണ്ടെടുക്കപെട്ട ഇവൾ നിന്നോടുള്ള സ്നേഹത്താൽ നിറഞ്ഞവളുമാണ്. അതുകൊണ്ടു ഇവൾക്ക് നീ മൂന്ന് സമ്മാനങ്ങൾ നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. -സ്വർഗീയ വസ്ത്രം (ശുദ്ധത) നിന്റെ തിരുശരീരം (പരി. കുർബാന) ഉൾക്കൊളുന്നതുവഴി സവിശേഷ ശക്തിയും പ്രസാദവരവും ഒരിക്കലും കുറഞ്ഞുപോകാതെ ആത്മാവിൽ എരിയുന്ന തീക്ഷണത.’ അന്നുമുതൽ ഈ മൂന്നു വിശിഷ്ട ദാനങ്ങളും പ്രതീകമാംവിധം ബ്രിജിറ്റ് അനുഭവിച്ചിരുന്നു.