പുണ്യമില്ലാത്ത ആത്മാവിനു ദൈവതിരുമുന്പിൽ പ്രത്യക്ഷപെടാനാവില്ല. സ്വർഗത്തിൽ നിക്ഷേപം നടത്താത്ത ഒരു വ്യക്തി ഈ ഭൂമിയിൽ എത്ര വലിയ ധനവാനും ഉന്നതിയിൽ കഴിയുന്നവനുമായിരുന്നാലും ദൈവസന്നിധിയിൽ പരമ ദരിദ്രനായിരിക്കും. പുണ്യസമ്പാദനത്തിലുള്ള പുരോഗതിയാണ് ആത്മീയജീവിതത്തിന്റെ വിജയരഹസ്യം.
സകല കാര്യങ്ങളും സകല അറിവും പുണ്യങ്ങൾക്കു താഴെ നിൽക്കുന്നു. ഈശോയുടെ വിശ്വവിഖ്യാതമായ, പരമ പ്രധാനമായ, വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാകുന്നു. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടപെടുത്തിയാൽ അവനു എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്ത് കൊടുക്കും?” (മത്താ. 16:26). തുടർന്ന് അവിടുന്ന് വ്യക്തമാക്കുന്നു, തന്റെ രണ്ടാം വരവിൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തിക്കനുസരിച്ചു പ്രതിഫലം നൽകും (മത്താ. 16:27).
സകല പഠനങ്ങളും പുണ്യങ്ങൾക്കു താഴെയാണ് നിൽക്കുക.യഥാർത്ഥ ജ്ഞാനം എപ്പോഴും പുണ്യത്തോടൊപ്പം നിൽക്കുന്നു. പുണ്യമില്ലാത്ത ആത്മാവിനു ദൈവസന്നിധിയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല. അസ്സീസിയിലെ വി. ഫ്രാൻസിസ് അന്തോണീസച്ചനെ ബോളിഞ്ഞോയിലെ വിദ്യാപീഠത്തിൽ ദൈവശാസ്ത്രം പഠിപ്പിക്കാൻ നിയോഗിച്ചു. നിയമനക്കത്തിൽ അദ്ദേഹം ഇങ്ങനെകൂടി കുറിച്ച്: “… താങ്കൾ നമ്മുടെ സഹോദരങ്ങളെ ദൈവശാസ്ത്രം പഠിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്… താങ്കൾ പകർന്നുനൽകുന്ന ജ്ഞാനം അവരുടെ പ്രാർത്ഥന ചൈതന്യം കെടുത്തികളയാൻ ഇടയാകരുതെ. പകരം ദൈവസ്നേഹത്തിലും ദാരിദ്ര്യാരൂപിയിലും ഇതര പുണ്യങ്ങളിലും വളരാൻ പ്രേരിപ്പിക്കുന്നതായിരിക്കണം.”
അറിവ് പലരിലും അഹന്ത ജനിപ്പിക്കുന്നു. എന്നാൽ യഥാർത്ഥ ജ്ഞാനം ഈശോയിലേക്കു എത്തിക്കുന്നു. പരി. ‘അമ്മ ഒരിക്കൽ വി. ഫൗസ്റ്റീനയോടു പറഞ്ഞു: “ആത്മാവിന്റെ യഥാർത്ഥ മഹത്വം ദൈവത്തെ സ്നേഹിക്കുന്നതിലും ദൈവസന്നിധിയിൽ സ്വയം എളിമപ്പെടുന്നതിലുമാണ്.”