ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന് മോചനം സിദ്ധിച്ചു. ഈശോ നസ്രത്തിലും സ്നാപക യോഹന്നാൻ 110 കിലോമീറ്റര് അകലെ മലനാടിലും വളർന്നു. രക്ഷകനായ ഈശോയെ സ്വീകരിക്കുന്നതിന് ജനങ്ങളെ ഒരുക്കാനായി സ്നാപകൻ മരുഭൂമിയിൽ പ്രായശ്ചിത്തവും തപസുമായി ജീവിച്ചു. ‘കർത്താവിന്റെ വഴികൾ ഒരുക്കുക, അവിടുത്തെ ഉൾവഴികൾ ഒരുക്കുക എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്ന സ്വരമാണ്’ താനെന്നത്രെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രായശ്ചിത്തത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടിരിക്കെ ജോർദാനിൽവച്ചു യേശുക്രിസ്തുവിനെ ജ്ഞാനസ്നാനപെടുത്തുകയും തന്റെ ശിഷ്യന്മാർക്കു ഈശോയെ പരിചയപ്പെടുത്തുകയും ചെയ്തു.
അങ്ങനെയിരിക്കെ ഗലീലിയ ട്രെട്രാകയാ ഹേറോദോസ് തന്റെ സഹോദരൻ ഫിലിപ്പിന്റെ ഭാര്യ ഹെരോദ്യയെക്കൂടി സ്വന്തം ഭാര്യയായി താമസിപ്പിച്ചു. അത് ശരിയല്ലെന്ന് ഹേറോദോസിനെ ശാസിച്ചതിനു പ്രതികാരമായി യോഹന്നാനെ കാരാഗ്രഹത്തിലടച്ചു. ഹേറോദോസിന്റെ ജന്മദിനോത്സവത്തിൽ ഉദ്യോഗസ്ഥ പ്രമുഖന്മാർക്കും ഗലീലിയയിലെ പ്രമാണികൾക്കും അദ്ദേഹം ഒരു വിരുന്നു നൽകി. പ്രസ്തുത വിരുന്നിൽ സുന്ദരമായ നൃത്തം ചെയ്ത സലോമിയോട് ഹേറോദോസ് എന്ത് ചോദിച്ചാലും നൽകാമെന്ന് ഒരു വാഗ്ദാനം ഉണ്ടായി. ‘അമ്മ ഹെരോദ്യയുടെ ഉപദേശപ്രകാരം സലോമി ചോദിച്ചത് സ്നാപകന്റെ ശിരസാണ്. ഒരു പടയാളി കാരാഗൃഹത്തിൽ ചെന്ന് സ്നാപകന്റെ തലവെട്ടി ഒരു തലത്തിൽ വച്ച് സലോമിക്കു കൊടുത്തു (മാർക്കോ. 6:17-29).