ആർമീനിയായിൽ സെബാസ്റ്റ നഗരത്തിൽ 320 ൽ നാൽപതു പടയാളികൾ രക്തസാക്ഷിത്വം വരിച്ചത്. വിവിധ രജ്യങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ചുറുചുറുപ്പുള്ള സുമുഖരായ ഒരു ഗണമായിരുന്നു ഇവരുടേത്. ഇടിമുഴക്കുന്ന ലീജിയനെന്നാണ് ഇവരെ വി. ഗ്രിഗറി നിസ്സായും പ്രോകോപ്പിയോസും സംബോധന ചെയ്തിട്ടുള്ളത്. ആർമീനിയായിൽ പാളയമടിച്ചിരുന്ന പന്ത്രണ്ടാമത്തെ ലീജിയനാണിത്. സൈന്യാധിപൻ ലിസിയാസും ഗവർണർ ആഗ്രാകോളയുമായിരുന്നു. ചക്രവർത്തി ലിസീനിയോസിന്റെ ആജ്ഞപ്രകാരം എല്ലാ പടയാളികളും ദേവന്മാർക്ക് ബലിചെയ്യണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു. പന്ത്രണ്ടാം ലീജിയനിലെ നാല്പതുപേരും ഒരുമിച്ചു ഗവർണറുടെ അടുക്കൽ ചെന്ന് പറഞ്ഞു: “ഞങ്ങൾ ക്രിസ്ത്യാനികളാണ്. യാതൊരു മർദ്ദനവും ഞങ്ങളുടെ പരിശുദ്ധ മതം ഉപേക്ഷിക്കുവാൻ പോരുകയില്ല.” ഗവർണ്ണർ അവരെ ചമ്മട്ടികൊണ്ടടിച്ചു; പള്ളകീറി അനന്തരം അവരെയെല്ലാം ചങ്ങലകൊണ്ടു ബന്ധിച്ചു ജയിലിലാക്കി.
ഏതാനും ദിവസങ്ങൾക്കുശേഷം സൈന്യാധിപൻ ലിസിയാസ് സെബാസ്റ്റയിലെത്തിയപ്പോൾ തടവുകാരെ രണ്ടാമതും വിചാരണ ചെയ്തു. വാഗ്ദാനങ്ങൾ ഉദാരമായി പൊഴിഞ്ഞിട്ടും അവർ ദൃഢമാനസരാണെന്നു കണ്ടപ്പോൾ ഈ വിമതരെ നഗ്നരാക്കി മഞ്ഞിൽ കിടത്തി. അവർ ഏകസ്വരത്തിൽ പ്രാർത്ഥിച്ചു. “നാല്പതു പേരാണ് ഞങ്ങൾ സമരത്തിന് വന്നിട്ടുള്ളത്. നാല്പതുപേരും മകുടമണിയുവാൻ കൃപ ചെയ്യണമേ.” ക്രിസ്തുവിനെ നിഷേധിക്കുന്നവരെ രക്ഷിക്കാനായി അരികെത്തന്നെ ഒരു കുളത്തിൽ ചൂടുവെള്ളം ശേഖരിച്ചിരുന്നു. മാലാഖമാർ 39 കിരീടങ്ങളുമായി ഇറങ്ങിവരുന്നത് കാവൽഭടന്മാർ കണ്ടു അപ്പോളിതാ നഷ്ടധൈര്യനായി ഒരാൾ കൂട്ടം വിട്ടു ആശ്വാസംതേടിപ്പോയി . ഇത് കണ്ടുനിന്നിരുന്ന കാവൽഭടന്മാരിലൊരാൾ ഭീരുവായി ഓടിപ്പോയവന്റെ സ്ഥലം പിടിച്ചു. അങ്ങനെ വീണ്ടും നാല്പതു തികഞ്ഞു.
തണുത്തുവിറങ്ങലിച്ചവരുടെ മൃതദേഹം ചിതയിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥന്മാരെത്തിയപ്പോൾ ഒരാൾ ശ്വസിക്കുന്നതായി കണ്ടു. അയാളെ മോചിപ്പിക്കണമെന്ന് ഉദ്യോഗസ്ഥൻ പ്രസ്താവിച്ചപ്പോൾ അദ്ദേഹത്തിന്റെ ധീരയായ ‘അമ്മ രക്തസാക്ഷിത്വകിരീടം നഷ്ടപ്പെടുത്തേണ്ടെന്ന് ഉദ്ബോധിപ്പിച്ചു.
സഹോദരന്മാരുടെ ശരീരത്തോടൊപ്പം അദ്ദേഹത്തിന്റെ ശരീരവും തീയിലിട്ടു.
വിചിന്തനം: പ്രസാദവരാജീവനോടെ ജീവിക്കുന്നവർ ക്രിസ്തുവിലൊന്നാണ്. സമൂഹജീവിതവും നമ്മളെ ഐക്യപ്പെടുത്തുന്നുണ്ട്. ഒരുമിച്ചുനിന്ന സെബാസ്റ്റയിലെ നാൽപതു രക്തസാക്ഷികളെപ്പോലെ ക്രിസ്തുവിനു നമുക്ക് സാക്ഷ്യം വഹിക്കാം.