വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഈ രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ഇനി ഉണ്ടാവുകയും ചെയ്യും. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന പരമകാരുണികനായ പരാപരനിൽ പരിപൂർണമായി ആശ്രയിച്ച്, അവിടുത്തെ പരിശുദ്ധാത്മാവിന്റെ ഫല ധാനവരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച് സമചിത്തത നഷ്ടപ്പെടുത്താതെ, എല്ലാറ്റിനും നല്ല ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തി അനുനിമിഷം മുൻപോട്ടു പോവുകയെന്നതാണ് നമ്മുടെ ദൗത്യം.
അനുഭവങ്ങൾ നന്മനിറഞ്ഞ ഗുരുക്കന്മാരാണ്. അവയിൽ നിന്ന് പാഠം പഠിക്കണം. പ്രകൃതി, ഈ ലോകം ഏറ്റവും നല്ല കണ്ണാടിയാണ്. അതിൽ നോക്കി മന്ദസ്മിതം തൂകിയാൽ അത് നിങ്ങളെ (എങ്ങനെയും ) നോക്കി മന്ദസ്മിതം തൂകും. നേരെ മറിച്ചും. നാം കോപത്തോടെ പ്രകൃതിയെ നോക്കിയാൽ പ്രകൃതി മുഴുവൻ നമ്മെ നോക്കി കോപിക്കുന്നത് ആയിട്ട് നമുക്ക് തോന്നും. ചിരിക്കുന്നവരോടൊപ്പം ചിരിക്കുകയും കരയുന്നവരോടൊപ്പം കരയുന്നവനുമാണ് ദൈവം. പ്രകൃതിയും അതുപോലെതന്നെ.
” നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ” എന്നാൽ കവിവാക്യം ഓർമ്മയിൽ ഓടിയെത്തുന്നു!. നവവത്സരാശംസകളുടെ ഭാഗമായി എഫെസ്യ ലേഖനം4:26-32 ഇവിടെ തികച്ചും സാന്ദർഭികവും
സാർത്ഥകവും ആണ്.
” നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോകാതിരിക്കട്ടെ…എഫേസോസ് 4 : 26
സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.
എഫേസോസ് 4 : 27
മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന് ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ.
എഫേസോസ് 4 : 28
നിങ്ങളുടെ അധരങ്ങളില്‍നിന്ന് തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.
എഫേസോസ് 4 : 29
രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്.
എഫേസോസ് 4 : 30
സക ല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്മകളോടുംകൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍.
എഫേസോസ് 4 : 31
ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്.
എഫേസോസ് 4 : 32
ഏതൊരു മനുഷ്യനും ഏറ്റവുമധികം കാംക്ഷിക്കുന്നത് ശാന്തിയാണ്, സമാധാനമാണ്. ആർഷഭാരതത്തിന്റെ ആശംസ അതുതന്നെയാണ്. ” ഓം ശാന്തി, ശാന്തി….. ലോക സമസ്താ സുഖിനോ ഭവന്തു
മാലാഖമാർ പാടിയത് “സന്മനസ്സുള്ളവർക്ക് ശാന്തിയുമേ ” എന്നാണ്. അണയാത്ത കോപം വൈരാഗ്യം, പ്രതികാരം,വെറുപ്പ്,വിദ്വേഷം, പക, വിഭാഗീയ ചിന്ത,വ്യഭിചാരം,അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന,മദ്യം,മയക്കുമരുന്ന്, ഈ ദൃശമായ ഇതര ദുഷ്പ്രവർത്തികൾ ഹൃദയ സമാധാനത്തിന്റെ തായ്വേര് അറുത്തു മുറിച്ചു കളയും. നവവത്സരത്തിൽ ഇവയിൽനിന്നെല്ലാം ഏറ്റവും മാരകമായ വിഷപ്പാമ്പിൽ നിന്നെന്നതിനേക്കാൾ വേഗത്തിൽ ഓടി രക്ഷപ്പെടണം. നന്മ നിറഞ്ഞ ഹൃദയത്തിലാണ് സമാധാന രാജൻ എഴുന്നള്ളി വരിക.
അവിടുത്തോട് പ്രാർത്ഥിക്കാം.
വിനകളിൽ വീഴാതഖിലേശാ
കൈകൾ പിടിച്ചു നടത്തണമേ!
എന്നതായിരിക്കട്ടെ നവ വത്സരത്തിലെ നമ്മുടെ നിരന്തരമായ പ്രാർത്ഥന. നമ്മെ നന്മയിൽ വളർത്തുന്ന പരിശുദ്ധാത്മാവിന്റെ ഫലദാനവരങ്ങൾക്കായി സ്വാർത്ഥതയോടെ, വിശ്വാസത്തോടെ, പ്രത്യാശയോടെ, ഉപവിയോടെ (Charity’s covers a multitude of sins) ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.
” പിതാവായ ദൈവമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ കൊണ്ട് എന്നെ നവമായി അഭിഷേകം ചെയ്യണമേ!”
” പുത്രനായ ദൈവമേ അങ്ങയുടെ പരിശുദ്ധാത്മാവിൽ എന്നെ നവമായി സ്നാനപ്പെടുത്തേണമേ!”.
” പരിശുദ്ധത്മാവായ ദൈവമേ അങ്ങയുടെ ഫലദാന വരങ്ങൾ കൊണ്ട് എന്നെ നിറയ്ക്കണമേ”!
നന്മ ചെയ്തു മുന്നേറുന്നവർക്ക്,ചുറ്റി സഞ്ചരിക്കുന്നവർക്ക് ശാശ്വതമായ പ്രസാദം അവകാശം ആവും. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നായ ആനന്ദമാണ് വിവക്ഷ.
പ്രകാശം, പ്രസാദം, പ്രത്യാശ നവവത്സര ത്തിൽ നമ്മെ നയിക്കുന്ന നക്ഷത്ര ജ്യോതികൾ ആയിരിക്കണം ഇവ മൂന്നും.
” ഞാൻ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” എന്നു തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഈശോ, ഏതാണ്ട് അതേ ഗൗരവത്തിൽ പറയുന്നു :
” നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു. വഴിയും സത്യവും ജീവനും പ്രകാശവുമാകാൻ, അങ്ങനെ ജീവിക്കുന്ന ക്രിസ്തു ആകാൻ നിങ്ങളെ എല്ലാവരെയും സഹായിക്കട്ടെ.
നിറമനസ്സോടെ നിങ്ങൾക്ക് നവവത്സരാശംസകൾ!