ആദിമ സഭയുടെ (1 C) കുര്ബാനയെക്കുറിച്ചു അപ്പോസ്തോല പ്രവർത്തനങ്ങളിൽ ആദ്യം കാണുന്ന പരാമർശം 2:46 ലാണ്. “അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.” കുർബാനയ്ക്കു ആദിമ സഭ നൽകിയിരുന്ന പേര് “അപ്പം മുറിക്കൽ’ എന്നായിരുന്നു. ‘ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കു ചേർന്നു’ എന്നത് വി. കുർബാനസ്വീകരണത്തെ സൂചിപ്പിക്കുന്നു എന്നുവേണം കരുതാൻ. ‘ഹൃദയലാളിത്യം’ എന്ന പ്രയോഗം കമ്മ്യൂണിയനുള്ള ഹൃദയവിശുദ്ധിയെ ആയിരിക്കണം അര്ഥമാക്കുക.
കുർബാനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചു രക്തസാക്ഷിയായ വി. ജസ്റ്റിൻ നമുക്ക് സാക്ഷ്യം നൽകുന്നുണ്ട്. ഈ രൂപരേഖ എല്ലാ ആരാധനാക്രമങ്ങളിലും ഇന്നും നിലനിൽക്കുന്നുണ്ടുതാനും. അന്തോണിയസ് പിയൂസ് (AD 138-161) എന്ന വിജാതീയ ചക്രവർത്തിക്ക് കുര്ബാനയെക്കുറിച്ചു ജസ്റ്റിൻ ഇങ്ങനെ എഴുതി:
എല്ലാവരുടെയും ദിവസമെന്നു വിളിക്കുന്ന സൂര്യന്റെ ദിവസം (Sunday) നഗരത്തിലോ ഗ്രാമത്തിലോ വസിക്കുന്നവർ ഒരു സ്ഥലത്തു ഒന്നിച്ചുകൂടുന്നു. അപ്പോസ്തോലന്മാരുടെ വ്യഖ്യാനങ്ങളും പ്രവാചകന്മാരുടെ ലിഖിതങ്ങളും സമയം അനുവദിക്കുന്ന ക്രമത്തിൽ വായിക്കുന്നു.
തുടർന്ന് സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ആൾ മഹനീയങ്ങളായ പ്രസ്തുത കാര്യങ്ങൾ അനുകരിക്കാൻ ഉപദേശിക്കുകയും പ്രചോദിപ്പിക്കുകയും ചെയുന്നു. അതിനുശേഷം ഞങ്ങൾ എല്ലാവരും എഴുനേറ്റു ഞങ്ങൾക്കും എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ജീവിതം കൊണ്ടും പ്രവർത്തികൾ കൊണ്ടും ഞങ്ങൾ നീതിമാന്മാരായിരിക്കുന്നതിനും നിത്യരക്ഷ പ്രാപിക്കുന്നതിനും അത്യന്താപേക്ഷിതമായ പ്രമാണങ്ങളോട് വിശ്വസ്തതയുള്ളവരായിരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനകൾ തീരുമ്പോൾ ഞങ്ങൾ പരസ്പരം സ്നേഹചുംബനം നൽകുന്നു.
അപ്പോൾ അപ്പവും വെള്ളം കലർത്തിയ വീഞ്ഞുമുള്ള പാനപാത്രവും സഹോദരങ്ങളുടെ മേലധ്യക്ഷനായിരിക്കുന്ന വ്യക്തിയുടെ അടുത്തേയ്ക്കു കൊണ്ടുവരുന്നു.
അദ്ദേഹം അവ എടുത്തു പ്രപഞ്ചത്തിന്റെ പിതാവിനും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്തുതിയും മഹത്വവും സമർപ്പിക്കുന്നു. (ഈ സ്തോത്രയാഗ പ്രാർത്ഥനയിലാണ് കൂദാശ വചനങ്ങൾ ഉച്ചരിക്കുക.) ഞങ്ങൾ ഈ ദാനങ്ങൾക്കു (ദിവ്യകാരുണ്യം) യോഗ്യരായി പരിഗണിക്കപ്പെട്ടതിനു കുറെ സമയം അദ്ദേഹം കൃതജ്ഞത അർപ്പിക്കുന്നു. (ഗ്രീക്ക് ഭാഷയിൽ eucharistia ഇംഗ്ലീഷിൽ eucharist) അദ്ദേഹം പ്രാർത്ഥനകളും കൃതജ്ഞത പ്രകാശനങ്ങളും ഉപസംഹരിച്ചു കഴിയുമ്പോൾ സന്നിഹിതരായ എല്ലാവരും ‘ആമ്മേൻ’ എന്ന് പറഞ്ഞു ഉത്‌ഘോഷിക്കുന്നു.
അധ്യക്ഷൻ നന്ദി പറയുകയും ജനങ്ങൾ പ്രത്യുത്തരം നൽകുകയും ചെയ്തുകഴിയുമ്പോൾ ഡീക്കന്മാർ എന്ന് ഞങ്ങൾ വിളിക്കുന്നവർ ‘കൃതജ്ഞത സ്തോത്രം ചെയ്യപ്പെട്ട’ (വാഴ്ത്തപ്പെട്ട -consecrated) കൂദാശ ചെയ്യപ്പെട്ട അപ്പവും വീഞ്ഞും (തിരു ശരീര രക്തങ്ങൾ) സന്നിഹിതരായിട്ടുള്ള എല്ലാവര്ക്കും പങ്കുപറ്റാൻ നൽകുന്നു. സന്നിഹിതരല്ലാത്തവർക്കു വേണ്ടി കൊണ്ടുപോകുകയും ചെയുന്നു.
(St. Justin, Apologia I, 65-67; CCC 1345)