“വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.
മത്തായി 7 : 1-5
അന്യരെ വിധിക്കാനുള്ള പ്രവണത എല്ലാ മനുഷ്യരിലും ഉണ്ട്. പ്രകൃതത്തിലെ “നിങ്ങളും വിധിക്കപ്പെടും” എന്ന പ്രയോഗം ദൈവം എല്ലാവരെയും വിധിക്കും എന്നാണ് സൂചിപ്പിക്കുക. അവിടുത്തേക്ക് മാത്രമേ കൃത്യമായ നീതി അനുസരിച്ച് വിധിക്കാനാവൂ. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈശോ ശിഷ്യരോട് പറയുന്നത്. ” മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ തെറ്റുകൾ നിങ്ങളോടും ക്ഷമിക്കുകയില്ല”(മത്താ.6:14-15). മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നവരോട് ദൈവം നീതിക്കുപരിയായ കാരുണ്യം കാണിക്കുന്നു. ഇപ്രകാരം ചെയ്യാൻ അവിടുത്തെ പ്രേരിപ്പിക്കുന്നത് അവിടുത്തെ കാരുണ്യം കൊണ്ടാണ്. ദൈവത്തിന്റെ കാരുണ്യം യഥാർത്ഥത്തിൽ മനുഷ്യന് അവകാശപ്പെട്ടതല്ല, അവിടുത്തെ വലിയ ഔദാര്യമാണ് . ക്ഷമിക്കാത്തവന് ഈ കാരുണ്യം( ക്ഷമ) ലഭിക്കുകയില്ല.
മറ്റുള്ളവരെ നിർദയമായി വിധിക്കുന്നവനിൽ കരുണയുടെ കണിക പോലുമില്ല. അവർക്ക് ദൈവത്തിന്റെ കരുണ ലഭിക്കാതെ പോകുന്നു.മത്തായി 5 :7 വ്യക്തമായി പറയുന്നത്,” “കരുണയുള്ളവർ ഭാഗ്യവാന്മാർ. അവർക്ക് കരുണ ലഭിക്കും എന്നാണല്ലോ ഓരോ മനുഷ്യനും മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് തന്നിലേക്ക് തന്നെ തിരിക്കേണ്ടിയിരിക്കുന്നു, സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. “തടിക്കഷണം” എന്നത് ഒരു അതിശയോക്തി പ്രയോഗമാണ്. എങ്കിലും അത് കാര്യത്തിന്റെ പൊരുൾ മനസ്സിലാക്കാൻ സഹായിക്കുന്നു. യഥാർത്ഥ അവസ്ഥയിലേക്ക് നമ്മെ നയിക്കുന്നു. ഓരോരുത്തരും ആദ്യമേ സ്വന്തം കണ്ണിലെ തടിക്കഷണം കാണേണ്ടിയിരിക്കുന്നു. നമ്മുടെ ചൂണ്ടുവിരൽ നാം മറ്റുള്ളവരുടെ നേർക്ക് നീട്ടുമ്പോൾ, നമ്മുടെ മറ്റ് നാല് വിരലുകളും നമ്മുടെ ചങ്കിന്റെ നേരെയാണ് തിരിയുക.നാം ആത്മാർത്ഥമായും സത്യസന്ധമായും ആത്മ ശോധന ചെയ്തു നോക്കുമ്പോൾ നമ്മുടെ തന്നെ പാപാവസ്ഥ, ഒരുപക്ഷേ വളരെ ഗുരുതരമായ പാപാവസ്ഥ നമുക്ക് നന്നായി ബോധ്യപ്പെടും. അങ്ങനെ വന്നാൽ മറ്റുള്ളവരെ വിധിക്കുന്നതിന് പകരം നാം ആത്മാർത്ഥമായി അനുതപിക്കും. മാനസാന്തരത്തിലേക്ക് നീങ്ങും. ക്ഷമിക്കുന്ന ദൈവത്തിന്റെ കൃപയും കാരുണ്യം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.
മാത്രമല്ല മറ്റുള്ളവരോട് അനുകമ്പാർദ്ര ഹൃദയത്തോടെ സമീപിക്കാനും സഹതാപപൂർവം പെരുമാറാനും നമുക്കാവും. അപ്പോൾ മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ ഹൃദയപൂർവ്വം ക്ഷമിക്കാനും നാം ശക്തരാകും. മറ്റുള്ളവരെ വിധിക്കുന്നത് ഒരുതരം കപടനാട്യമാണെന്നാണ് ഈശോ വിലയിരുത്തുക. ഞാനും നിങ്ങളും കൂടുതൽ ഗൗരവമായ വിധിയെ നേരിടേണ്ടിയിരിക്കെ മറ്റുള്ളവരുടെ നേർക്ക് കാർക്കശ്യവും അസഹിഷ്ണതയും കാണിക്കുന്നതിനെയാണ് ഈശോ ഇവിടെ വിമർശിക്കുക. മറ്റുള്ളവരുമായി ഇടപെടുമ്പോൾ നാം ഏറെ സഹിഷ്ണുതയോടും അങ്ങേയറ്റം കാരുണ്യത്തോടും ആയിരിക്കാൻ നല്ല ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.