അമ്മയും പരിശുദ്ധ അമ്മയും

Fr Joseph Vattakalam
3 Min Read

വിശാലമായ മാതൃത്വത്തിന്റെ നൂതനമായ കാഴ്ചപ്പാടുകളിലേയ്ക്ക് അമ്മ ആനയിക്കപ്പെട്ടു. ഇതിന് മദറിനെ ഏറ്റവുമധികം സഹായിച്ചത് പരിശുദ്ധ അമ്മ തന്നെയാണ്. ജീവിതത്തിന്റെ അസ്വസ്ഥതകളിൽ സാന്ത്വനത്തിന്റെ വരപ്രസാദവുമായി ആ സ്വർഗ്ഗീയ അമ്മ തന്റെ അരുമ മകളെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. ആ മകളുടെ കണ്ണീർ നിലത്തുവീഴുവാൻ അമ്മ അനുവദിച്ചിട്ടില്ല. അതിനു മുമ്പേ അമ്മ കാര്യം നടത്തിക്കൊടുത്തിരുന്നു. ഒരിക്കലും വീഴാതിരിക്കാൻ അവിടുന്നു തന്റെ മകളെ കൈപിടിച്ചു നടത്തിയിരുന്നു. കാരുണ്യത്തിന്റെ കൊന്തമണികളിൽ മകളുടെ വിരൽത്തുമ്പുകൾ സ്പർശിച്ചപ്പോൾ ആ മകൾ അനുഭവിച്ചത് പരിശുദ്ധ അമ്മയുടെ തുടിക്കുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങളായിരുന്നു.

അമ്മയോടു പ്രാർത്ഥിച്ചതൊക്കെ ആ മകൾക്കു സാധിച്ചു കിട്ടിയിരുന്നു. മൊത്തീജിലെ വാടകമുറിയിലും സെന്റ് തെരേസാസിലും ഓരോ ഡിസ്‌പെൻസറി നടത്തുന്ന കാലത്ത് അവിടെ രോഗികൾക്ക് ആവശ്യത്തിന് മരുന്നുണ്ടായിരുന്നില്ല. മരുന്നു സംഘടിപ്പിക്കാൻ അമ്മ ഇറങ്ങിത്തിരിച്ചു. ഒരു വലിയ മരുന്നു കടയിലേയ്ക്ക് കയറിച്ചെന്നു. പാവങ്ങൾക്കുവേണ്ട മരുന്നിന്റെ ഒരു നീണ്ട ലിസ്റ്റ് അമ്മ സൂക്ഷിച്ചിരുന്നു. ആ ലിസ്റ്റ് മാനേജർക്കു നീട്ടി വിനയത്തോടെ അമ്മ പറഞ്ഞു. ഇത് പാവങ്ങൾക്കുപയോഗിക്കാനുള്ള മരുന്നിന്റെ ലിസ്റ്റാണ്. ദയവായി മരുന്നു തരണം. എന്റെ കൈവശം പണമൊന്നുമില്ല. പാവങ്ങൾക്ക് ആ മരുന്ന് വലിയ ഉപകാരമായിരിക്കും.

മാനേജർ ക്ഷുഭിതനായി, കോപത്തോടെ ആ ലിസ്റ്റ് മേശപ്പുറത്തേയ്ക്ക് എറിഞ്ഞു. അയാൾ അമ്മയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു: ”സ്ത്രീയേ നിങ്ങൾക്ക് സ്ഥലം തെറ്റിപ്പോയി. ഇത് മരുന്നു വെറുതെ കൊടുക്കുന്ന സ്ഥലമല്ല; മരുന്നു വിൽക്കുന്ന സ്ഥലമാണ് ദയവായി ആ ജോലി ചെയ്യാൻ എന്നെ അനുവദിക്കുമോ?”
മദർ ഒന്നും മിണ്ടിയില്ല. മനമുരുകി പ്രാർത്ഥിക്കാൻ തുടങ്ങി. തന്റെ പാവങ്ങൾക്ക് മരുന്നില്ലാതെ ഡിസ്‌പെൻസറിയിലേയ്ക്ക് ചെല്ലാനാവില്ല. അമ്മ തന്നെത്തന്നെ തന്റെ സ്വർഗ്ഗീയ കരങ്ങളിലേയ്ക്ക് വിട്ടുകൊടുത്തു. ജപമാല കയ്യിലെടുത്തു ഭക്തിപൂർവ്വം ജപിക്കാൻ തുടങ്ങി. ആ ജപമാല മനേജരുടെ മനസ്സിനെ അലിയിപ്പിച്ചു. അയാൾ സൗമ്യമായി അമ്മയോടു പറഞ്ഞു: മൂന്നു പാഴ്‌സലുകളുണ്ട്. ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന എല്ലാ മരുന്നുകളുമുണ്ട്. ഇവ പാവങ്ങൾക്ക് ഞങ്ങളുടെ കമ്പനി വകയായ സമ്മാനമാണ്. അമ്മ സന്തോഷത്തോടെ പാഴ്‌സലുകൾ സ്വീകരിച്ചു മാനേജർക്ക് നന്ദി പറഞ്ഞു. അദ്ദേഹത്തെയും ആ കമ്പനിയെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്തു.

പ്രാർത്ഥനയ്ക്ക് മനസ്സുകളെ ഉരുക്കാൻ കഴിയുമെന്ന് അന്ന് മദർ തെരേസായ്ക്ക് മനസ്സിലായി. പരി. അമ്മയോട് അപേക്ഷിച്ചാൽ, ആ കരങ്ങളിലേയ്ക്കു സാവധാനം ഒന്നെത്തിപ്പിടിക്കാൻ ശ്രമിച്ചാൽ, ആ അമ്മ വാരിയെടുത്ത് ചോദിക്കുന്നതെന്തും സ്‌നേഹത്തോടെ നൽകും. മക്കളുടെ നീതിപൂർവകമായ യാചനകൾക്കു മുമ്പിൽ ഒരിക്കലും കണ്ണടയ്ക്കാത്ത സ്‌നേഹസാഗരമാണ് പരി. അമ്മ.

പരി. അമ്മ കാരുണ്യത്തിന്റെ ഒരായിരം കഥകൾ പറയാനുണ്ടു മദറിന്. ഒരിക്കൽ ശിശുഭവനിലെ കുഞ്ഞുങ്ങൾക്കുള്ള മരുന്നുകളുമായി റോമിൽ നിന്നു മദർ കൽക്കട്ടായിലേയ്ക്കു തിരിച്ചു. വിമാനം ഡൽഹിയിലെത്തിയപ്പോൾ 15 മിനിറ്റു വൈകി. 8 മണിക്കു തന്നെ കൽക്കട്ടാ വിമാനം പറന്നുയരും. അമ്മയുടെ 6 പെട്ടികളും എയർ ഇന്ത്യാ വിമാനത്തിലായിരുന്നു. അവയിൽ 5 എണ്ണത്തിലും കുഞ്ഞുങ്ങൾക്കുള്ള മരുന്നുകൾ ആയിരുന്നു. അവയിലെ ഏതോ ഒരു പെട്ടിയിൽ മരണാസന്നയായ ഒരു കുഞ്ഞിനുള്ള മരുന്നും ഉണ്ടായിരുന്നു. ആ മരുന്നു കിട്ടാതെ കുഞ്ഞു മരിച്ചുപോകുമോ എന്നതായിരുന്നു അമ്മയുടെ ഭയം.

തന്റെ നിസ്സഹായാവസ്ഥ അമ്മ പലരെയും അറിയിച്ചു. ആ വാർത്ത വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചെവികളിലെത്തി. എപ്പോഴും തന്റെ കൂടെയുണ്ടായിരുന്ന പരി. അമ്മയിലേയ്ക്കു പാവങ്ങളുടെ അമ്മ കണ്ണുകൾ തിരിച്ചു. അമ്മ കൊന്ത കൈയിലെടുത്തു. ആ കുഞ്ഞിന്റെ ജീവൻ കാത്തുകൊള്ളണമേ എന്നു പ്രാർത്ഥിച്ചു. ഒരു രഹസ്യം ചൊല്ലിക്കഴിഞ്ഞപ്പോൾ അമ്മ കണ്ടത് പരി. അമ്മ എയർപോർട്ട് ഉദ്യോഗസ്ഥന്മാരിയുടെ പ്രവർത്തിക്കുന്നതാണ്.

റൺവേയിലേയ്ക്കു നീങ്ങാൻ തുടങ്ങിയ കൽക്കട്ടാ വിമാനം നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിമാനത്തിന്റെ വാതിൽ തുറന്നു. അമ്മയുടെ ആറു പെട്ടികളും വിമാനത്തിനുള്ളിലായി. ആ സമയം കൊണ്ടു ജപമാല മുഴുവൻ അമ്മ ചൊല്ലിക്കഴിഞ്ഞിരുന്നു. ആരോ അമ്മയെ ഒരു കാറിൽ വിമാനത്തിനരുകിൽ എത്തിച്ചു. അമ്മ കയറിയ ക്ഷണത്തിൽ വിമാനം കൽക്കായിലേയ്ക്കു പറന്നു. വളരെവേഗം അമ്മ ശിശുഭവനിലെത്തി. മരണാസന്നയായിരുന്ന കുഞ്ഞിനു മരുന്നു ലഭിച്ചു. ദൈവാനുഗ്രഹത്താൽ കുഞ്ഞു രക്ഷപെട്ടു. അമ്മ അന്ന് ഒരു സത്യം മനസ്സിലാക്കി; പരി. അമ്മ തകരാത്ത കോട്ടയാണെന്ന്, ആ ഹൃദയത്തിൽ അഭയം തേടുന്നവർ ഒരിക്കലും നശിക്കില്ലെന്ന്.

പരി. അമ്മയോടുള്ള അതിരറ്റ സ്‌നേഹം നിമിത്തം മദർ എപ്പോഴും അവിടുത്തെ കാശുരൂപം സംവഹിക്കുക പതിവായിരുന്നു. അസാദ്ധ്യകാര്യങ്ങൾ സാധിക്കാതെ അറ്റ കൈയ്ക്ക് അമ്മയതു പ്രയോഗിക്കും. ഒരു ദിവസം പ്രാർത്ഥിച്ചിരുന്ന സമയത്ത് പരി. അമ്മ തന്നോട് ഇപ്രകാരം മന്ത്രിക്കുന്നതുപോലെ അമ്മയ്ക്കു തോന്നി. മകളേ, അഗതിമന്ദിരങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുമ്പോൾ ഒരിക്കലും നടക്കില്ലെന്നു നിനക്കുറപ്പു തോന്നിയാൽ എന്റെ കാശുരൂപം ആ മണ്ണിൽ വിതച്ചോളൂ. പാവങ്ങളെ പ്രതി ഞാനതു കിളിർപ്പിക്കും.

Share This Article
error: Content is protected !!