സമ്പത്തിനോടുള്ള അമിതമായ ഭ്രമം കുടുംബത്തെ നശിപ്പിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. പേപ്പൽ വസതിയായ “സാന്താമാർത്ത”യിലെ കപ്പേളയിൽ ദിവ്യബലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. ജീവിക്കുന്നതിന് സമ്പത്ത് ആവശ്യമാണ്. എന്നാൽ സമ്പത്താകരുത് ജീവിതലക്ഷ്യം. സമ്പത്തിനു പിന്നാലെ പോകുന്ന കുടുംബങ്ങൾ പിന്നീട് കണ്ണീരണിയുന്നത് ആധുനികനാളുകളിലെ കാഴ്‌ചയാണ്. ക്രിസ്തീയവിശ്വാസത്തിനും സമ്പത്തിനോടുള്ള ഭ്രമത്തിനും ഒന്നിച്ചുപോകാൻ സാധിക്കില്ല. സമ്പാദിക്കുന്നതിനപ്പുറം ആവശ്യക്കാർക്ക് കൈതുറന്ന് കൊടുക്കുന്നതിനും വിശ്വാസികൾ തയ്യാറാകണം. ആർക്കാണ് കൊടുക്കേണ്ടത്, എങ്ങനെയാണ് കൊടുക്കേണ്ടത്, എപ്പോഴാണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചും നാം അവബോധമുള്ളവരാകേണ്ടതുണ്ട്.
ധനികനായ ചെറുപ്പക്കാരൻറെ ഹൃദയം രണ്ടു യജമാനന്മാരായ ദൈവത്തിൻറെയും സമ്പത്തിന്റെയും നടുവിൽ വിഭജിതമായിരുന്നു. ഈശോയുടെ സ്നേഹപൂർവ്വമായ നോട്ടത്താൽ മാനസാന്തരപ്പെടാനായി വിട്ടുകൊടുക്കുന്നതിന് ഈ ചെറുപ്പക്കാരുനു സാധിച്ചില്ല. കർത്താവിൻറെ സ്നേഹം എളിമയോടും നന്ദിയോടും കൂടെ സ്വീകരിക്കുമ്പോൾ മാത്രമേ ഭൗതികതയുടെ വശീകരണത്തിൽ നിന്നും മിഥ്യാബോധത്തിൽ നിന്നുണ്ടാകുന്ന അന്ധതയിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ.
സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണഞ്ചിപ്പിക്കുമെങ്കിലും പിന്നീട് അവ നമ്മെ നിരാശപ്പെടുത്തുന്നു. അവ ജീവൻ വാഗ്‌ദാനം ചെയ്യുന്നെങ്കിലും മരണമാണു നമുക്കു നേടിത്തരുന്നത്. ഈശോ നമ്മോടാവശ്യപ്പെടുന്നത് സമ്പത്തിൽ നിന്നും വേർപെട്ട് നിൽക്കാനും നിത്യജീവനിലേക്കു പ്രവേശിക്കാനുമാണ്. നിത്യജീവൻ എന്നാൽ ആനന്ദം എന്നാണ് അർത്ഥമാക്കുന്നത്.
അതു മരണാനന്തരമുള്ള ജീവിതം മാത്രമല്ല, മറിച്ചു പൂർണ്ണവും പൂർത്തീകരിക്കപ്പെട്ടതും പരിമിതിയില്ലാത്തതും സത്യവും ആധികാരികവും പ്രകാശപൂർണ്ണവുമായ ജീവിതമാണ്. ഈശോ നൽകുന്ന സന്തോഷത്തോടെ പോകാനാണോ അതോ ലൗകികത നൽകുന്ന ദുഃഖത്തോടെ പോകാനാണോ ആഗ്രഹിക്കുന്നതെന്ന് ഓരോരുത്തരും സ്വയം ചോദിക്കണം എന്നു പാപ്പ പറഞ്ഞു.