ഒന്നാം പ്രണാമജപം കഴിഞ്ഞ് സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം ഭക്തിപൂർവ്വം ചുംബിച്ചതിനുശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചിന്മേൽ ചേർത്തുവച്ചുകൊണ്ട് ദൈവത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിച്ചതിനു ശേഷം, ഇപ്പോഴും എപ്പോഴും എന്നേക്കും എന്നുപറഞ്ഞു തന്റെ മേൽ കുരിശടയാളം വരച്ചാണ് വൈദികൻ സ്വയം ആശീർവദിക്കുന്നത്.
അനന്തരം ജനങ്ങളുടെ നേരെ തിരിഞ്ഞ് സമാധാനം + നിങ്ങളോടുകൂടെ എന്ന് പറഞ്ഞു അവരെയും ആശീർവദിക്കുന്നു.
ചിന്തയും മനനവും പഠനവും നമ്മെ ബോധ്യപ്പെടുത്തും, ഈ സമാധാനം ഈശോ തന്നെയാണ്, പരിശുദ്ധാത്മാവ് തന്നെയാണ് എന്ന്. ഈശോ പറഞ്ഞില്ലേ,” എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ തരുന്നു” വെന്ന്. ഇത് ലോകം തരുന്ന സമാധാനം പോലെയല്ല. ഈശോയും പരിശുദ്ധാത്മാവും ഉള്ളിടത്ത് പിതാവും ഉണ്ടായിരിക്കും. ” ഞാനും പിതാവും ഒന്നാകുന്നു”. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പിതാവിന്റെയും പുത്രന്റെയും ആത്മാവാണ് പരിശുദ്ധാത്മാവ്. അതുകൊണ്ട് പരമശ്രേഷ്ഠദിവ്യബലിയിൽ സമാധാനം ആശംസിക്കപ്പെടുമ്പോൾ (മൂന്ന് പ്രാവശ്യമാണ് സമാധാനം ആശംസിക്കപ്പെടുന്നത്) പരിശുദ്ധത്രിത്വം നമ്മിലേക്ക്, നമ്മിൽ ഇടമുണ്ടെങ്കിൽ, വരുമെന്നുള്ളത് ഒരു നഗ്നസത്യമാണ്.
യോഗ്യതയോടെ മാത്രം
പരിശുദ്ധത്രിത്വം നമ്മിലേക്ക് എഴുന്നള്ളി വരുന്നുവെന്ന സത്യത്തിൽ നിന്ന് ഒരു കാര്യം വ്യക്തം. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി മാത്രമേ ബലിയർപ്പിക്കാവൂ. പൗലോസ് ശ്ലീഹായുടെ മുന്നറിയിപ്പ് അതിശക്തമാണ്.’ തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു . അതിനാൽ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ( ഗൗരവമായ പാപങ്ങൾ ഉണ്ടെങ്കിൽ നല്ല കുമ്പസാരം നടത്തിയതിനുശേഷം ) ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും “(1കൊറീ 11:27-29).