തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും.
യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്.അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന് ഭാഗ്യവാന്; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 127 : 3-5.
കർത്താവിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും ആവിഷ്കാരമാണ് മക്കൾ. ഒരു കുട്ടി അതിന്റെ മാതാപിതാക്കൾക്ക് ദൈവത്തിന്റെ മഹാദാനവും സമ്മാനവുമാണ്. ഒരു സ്ത്രീയുടെയും അവരുടെ കുടുംബത്തിന്റെയും വിശേഷമാണ് അവളുടെ കുഞ്ഞ്. മാമോദിസ, സ്ഥൈര്യ ലേപനം,പരി. കുർബാന ഇവയിലൂടെയാണ് ആ കുഞ്ഞ് ദൈവത്തിന്റെ ദത്തു പുത്രനോ, പുത്രിയോ ആകുന്നു. കുടുംബബന്ധങ്ങളുടെ അടിത്തറയാണ് കുഞ്ഞുങ്ങൾ. കുട്ടികളുടെ എണ്ണം വർദ്ധിക്കും തോറും അവർ കുടുംബത്തിന്റെ കോട്ടയാകുന്നു; ശക്തിയാകുന്നു. അപ്പോൾ, അങ്ങനെ കുടുംബത്തിന്റെ ഭദ്രത ഉറപ്പാകുന്നു. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ സഭയും സമൂഹവും. അവർ ഭാവിയുടെ വാഗ്ദാനങ്ങളാണ്..
എങ്കിലും ഇന്ന് കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് വലിയ തിന്മകളുടെ വക്താക്കൾ പ്രവർത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ വിശ്വാസത്തെ തകർക്കാൻ, ആത്മീയതയെ നശിപ്പിക്കാൻ കച്ചുകെട്ടിയിറങ്ങിയിരിക്കുന്ന തിന്മ മയുടെ ശക്തികൾ ഒട്ടനവധിയാണ്. നമ്മുടെ കുട്ടികളെയും യുവതി യുവാക്കളെയും മദ്യത്തിനും മയക്കുമരുന്നിനും മ്ലേച്ഛതയ്ക്കും ( ലൈംഗിക വൈകൃതങ്ങൾ ) അവരെ വശംവദരാക്കുകയും ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്ന പല ഏജൻസികളും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. സ്കൂളുകളും കോളേജുകളും ഒക്കെ അക്കൂട്ടരുടെ വിഹാരവേദിയാണ്. മാതാപിതാക്കൾ അധ്യാപകരുംവൈദികരും സന്യസ്തരും സഭയും സടകുടഞ്ഞെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്രകാരം നശിപ്പിക്കപ്പെടുന്ന ബാലിക ബാലന്മാരും, യുവതി യുവാക്കളും, ആത്മഹത്യ, വീട് വിട്ടു പോകൽ, അവിഹിത ബന്ധങ്ങൾക്കും, വേഴ്ചകൾക്കു പോലും വഴങ്ങേണ്ടി വരുന്നുണ്ട്.
ഇവിടെ ഉപദേശം, ഭീഷണി,ശാസന, ഇവകൊണ്ടന്നും അവരെ നേടിയെടുക്കാൻ ആവില്ല. ശാശ്വതമായ പരിഹാരം പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവും മാതൃകാ ജീവിതവും ആണ്. മക്കളെ മാതാപിതാക്കൾ മാതാവിന്റെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുക. എല്ലാദിവസവും ദിവസത്തിൽ പല പ്രാവശ്യം ഇത് ആവർത്തിക്കുക. പരിശുദ്ധാത്മാവിന്റെ നവമായ അഭിഷേകത്തിനു വേണ്ടി പ്രാർത്ഥിക്കുക. മക്കളെയും അവർ നേരിടുന്ന വെല്ലുവിളിയെയും നിരന്തരമെന്നോണം അവരെ സമർപ്പിച്ചു പ്രാർത്ഥിക്കുക. നമ്മുടെയും അവരുടെയും കുറ്റങ്ങൾക്കും കുറവുകൾക്കും പരിഹാരം ചെയ്യുക.
ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക ; വാർദ്ധക്യത്തിലും അതിൽ നിന്നു വ്യതിചലിക്കുകയില്ല. സുഭാ 22:6.