കുർബാനയ്ക്കു നൽകപ്പെടുന്ന വിവിധ സംജ്ഞകളിൽ കൃതജ്ഞത സ്തോത്രം, കർത്താവിന്റെ അത്താഴം, അപ്പം മുറിക്കൽ ഇവ നാം പരാമർശിച്ചു. ഇനി മറ്റു നാമങ്ങളിലേക്ക്. ‘സ്തോത്ര യാഗ സമ്മേളനം’ എന്നതാണ് ഒന്ന്. കാരണം, സഭയുടെ ദൃശ്യാവിഷ്ക്കരമായ വിശ്വാസികളുടെ സമ്മേളനത്തിലാണ് സ്തോത്രയാഗം (കുർബാന) ആഘോഷിക്കപ്പെടുന്നത്. കൃതജ്ഞത സ്തോത്രം എന്ന നാമവുമായി ഇതിനു സാമ്യമുണ്ട്. വാസ്തവത്തിൽ ദൈവത്തിന്റെ സ്നേഹത്തിനും കരുതലിനും കരുണയ്ക്കും വിശ്വാസികൾ സാഘോഷം നന്ദി പറയുക.കുർബാനയുടെ കാതലായ വശമാണ്.
കർത്താവിന്റെ പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മാരകം എന്നും കുർബാനയെ വിശേഷിപ്പിക്കാറുണ്ട്. ഇവ രണ്ടിന്റെയും മാത്രമല്ല, തന്റെ മനുഷ്യാവതാരം, കുരിശുമരണം, സ്വർഗാരോഹണം ഇവയുടെയും അനുസ്മരണം കുര്ബാനയിലുണ്ട്. പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം, കുർബാന അനുസ്മരണം മാത്രമല്ല, ആവർത്തനവുമാണ് എന്ന സത്യമാണ്. മേല്പറഞ്ഞവയെല്ലാം കുർബാനയിൽ ആവർത്തിക്കപ്പെടുന്നു എന്ന വലിയ സത്യം ബോധ്യപ്പെട്ടും ഉൾക്കൊണ്ടും വേണം നാം ബലിയർപ്പിക്കാൻ.
കുർബാനയുടെ വേറൊരു സംജ്ഞയാണ് ‘വിശുദ്ധ ബലി’. ബന്ധപ്പെടുത്തി ദിവ്യപൂജ, ദിവ്യപൂജയെന്ന ബലി, സ്തോത്ര ബലി, ആധ്യാത്മിക ബലി, പാവനവും വിശുദ്ധവുമായ ബലി എന്നീ പേരുകളും ഉപയോഗിക്കാറുണ്ട്. ലോകരക്ഷകനും ഏക രക്ഷകനുമായ ഈശോയുടെ ഏക യാഗം (കാൽവരി യാഗം) പുനരാവിഷ്ക്കരിച്ചു സന്നിഹിതമാകുന്നതുകൊണ്ടു സഭയുടെയും സഭാതനയരുടെയും ആത്മാർപ്പണവും കുർബാനയിൽ സംഭവിക്കുന്നുണ്ട് എന്നതാണ് പരാമർശിക്കപ്പെട്ട നാമങ്ങളുടെ വലിയ പ്രസക്തി. ഈ സംജ്ഞകളെല്ലാം പഴയനിയമത്തിലെ സകല ബലികളെയും പൂർത്തിയാക്കി അവയ്ക്കെല്ലാം അതീതമായി ഏക അനന്യ ബലിയായി കുർബാന നിൽക്കുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാ