സത്യം, സൗന്ദര്യം ഇവയോടുള്ള താത്പര്യം ധാർമിക നന്മയെക്കുറിച്ചുള്ള അവബോധം, സ്വാതന്ത്ര്യം, മനസാക്ഷിയുടെ സ്വരം, അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഇവ മനുഷ്യന് കൈമുതലാണ്. മനുഷ്യൻ സ്വയം സംവഹിക്കുന്ന നിത്യതയുടെ ബീജം, ഭൗതിക പദാർത്ഥമായി ഒരിക്കലും തരംതാഴ്ത്താനാവാത്ത ആത്മാവിന്റെ ഉറവിടം ഇവ നിത്യനും ആത്മാവുമായ ദൈവത്തിൽനിന്നു മാത്രമാണ് എന്ന് അവൻ സ്വയം കണ്ടെത്തുന്നു.
ഒരു മനുഷ്യനും തന്നിൽത്തന്നെ തന്റെ ആദി കാരണമോ പരാന്ത്യമോ ഇല്ല. പ്രത്യുത, ആദിയും അന്തവുമില്ലാത്ത ദൈവത്തിന്റെ ‘ഉണ്മ’യിൽ താൻ പങ്കുചേരുകയാണെന്ന ബോധ്യം സർവജനീയമാണ് . എന്തിനും ഏതിനും ഒരു കരണമുണ്ടാകണം. പ്രപഞ്ചവും ഭംഗ്യന്തരേണ ഈ മഹാസത്യം വെളിപ്പെടുത്തുന്നു. സവിശേഷ ബുദ്ധിയുടെ ഉടമയായ മനുഷ്യന്, ഇപ്രകാരം, വ്യത്യസ്തമാര്ഗങ്ങളിലൂടെ സകലത്തിന്റെയും ആദികാരണവും പരമാലക്ഷ്യവുമായ സ്വയംഭൂവും ആദ്യന്തവിഹീനനുമായ ഒരു പരമസത്തയിലെത്താൻ സാധിക്കും. ഈ മഹാ യാഥാർഥ്യത്തെ ‘ദൈവം’ എന്നാണ് നിരീശ്വരർ പോലും വിളിക്കുക.
വ്യക്തിത്വത്തോട് കൂടിയ അസ്തിത്വമാണ് ദൈവം. തന്നോട് ഗാഢബന്ധത്തിലായിരിക്കുന്നതിനു മനുഷ്യൻ അര്ഹനാകാൻ, അവനു മാർഗഭ്രംശം സംഭവിക്കാതിരിക്കാൻ വേണ്ടി അവനു സ്വയം വെളിപ്പെടുത്താൻ ദൈവം തിരുമനസ്സായി. ഈ വെളിപാട് വിശ്വസ്തതാപൂർവം സ്വീകരിക്കുന്നതിന് ആവശ്യമായ കൃപാവരവും ദൈവം അവനു നൽകിയിരിക്കുന്നു. ദൈവാസ്തിത്വത്തിനു നൽകപ്പെടുന്ന തെളിവുകൾ വിശ്വസിക്കാൻ പ്രേരകമായ മനോഭാവം മനുഷ്യനിൽ ജനിപ്പിക്കുവാൻ ഏറെ സഹായകമാണ്. യുക്തിക്കു വിരുദ്ധമല്ല വിശ്വാസമെന്ന് വ്യക്തമാക്കാനും ഈ തെളിവുകൾ അങ്ങേയറ്റം അവനു സഹായകവുമാണ്.