ഇറ്റലിയിൽ കുപ്പർത്തീനോ എന്നൊരു ഗ്രാമമുണ്ട്. അവിടത്തെ ഒരു സാധാരണ കുടുംബത്തിൽപ്പെട്ട ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു. ജോസഫ് കുപ്പർത്തീനോ നന്നേ ചെറുപ്പം മുതലേ ആഴമേറിയ ദൈവസ്നേഹത്തിലും വളർന്നുവന്ന ഒരാളാണ് അദ്ദേഹം. തന്റെ മാതാപിതാക്കളെ അനുസരിക്കുന്നതിലും സഹോദരങ്ങൾക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുന്നതിലും അതീവ ശ്രദ്ധാലുവുമായിരുന്നു ജോസഫ്. ഒരു വൈദികനാകാൻ തീവ്രമായി ആഗ്രഹിച്ച അവൻ രൂപതാ സെമിനാരിയിൽ ചേർന്നു പഠിച്ചു വൈദികനായി. വിനയം, അനുസരണം, പ്രായശ്ചിത്തം ഇവയായിരുന്നു എന്നും എക്കാലവും ജോസഫിന്റെ പിരിയാത്ത കൂട്ടുകാർ.
പ്രായശ്ചിത്തവും തപസ്സും ഉപവാസവുമൊക്കെ അനുഷ്ഠിച്ചിരുന്ന ജോസഫിന് എട്ടാമത്തെ വയസ്സുമുതൽ സമാധിദർശനങ്ങൾ ലഭിച്ചിരുന്നു. കുറഞ്ഞൊരുകാലം അദ്ദേഹം ഒരു തോൽപ്പണിക്കാരന്റെ കൂടെ ജോലി ചെയ്യുകയുണ്ടായി. പതിനേഴാമത്തെ വയസ്സിൽ ഫ്രാൻസിസ്ക്കൻ സഭയിലും കപ്പൂച്ചിൻ സഭയിലും പ്രവേശനത്തിന് അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും മടയനെന്നു മുദ്രകുത്തി, ഇരുസമൂഹങ്ങളും അവനു പ്രവേശനം നിഷേധിച്ചു.
എന്നാൽ ലാഗ്രെട്ടെല്ല എന്ന സ്ഥലത്തെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിൽ അവനു കന്നുകാലി നോട്ടക്കാരന്റെ ജോലി കിട്ടി. അവന്റെ പ്രായശ്ചിത്തങ്ങളും, എളിമയും, അനുസരണവും സൂപ്പീരിയേഴ്സിനു നല്ലതുപോലെ ബോധ്യമായി. ഇരുപത്തഞ്ചാം വയസ്സിൽ ആ യുവാവിന്, അവർ പൗരോഹിത്യം നൽകി. വായിക്കാനും മറ്റുമുള്ള കഴിവുകൾ പരിമിതമായിരുന്നെങ്കിലും, ദൈവനിവേശിതമായ വിജ്ഞാനം ഏതു ദൈവശാസ്ത്രവും അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. പരഹൃദയജ്ഞാനവും പ്രവചനവരവും പ്രപഞ്ചനാഥൻ ഈ ധന്യാത്മാവിനു പ്രദാനം ചെയ്തു.
ഫാ. ജോസഫ് കുപ്പെർത്തീനോയ്ക്ക് വായുവിലൂടെ പറക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നു ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ വാതിൽക്കൽ നിന്നു ബലിപീഠത്തിലേക്ക്, ജനക്കൂട്ടത്തിന്റെ മീതേ, പറന്നു പോകുന്നതു നൂറുകണക്കിനാളുകൾ കണ്ടിട്ടുണ്ടെന്നു ചരിത്രകാരൻമാർ പറയുന്നുണ്ട്. ഒരിക്കൽ അദ്ദേഹം പറന്ന് ഒരു ഒലിവ് മരത്തിന്റെ കൊമ്പിൽ കയറിയിരുന്ന് അരമണിക്കൂർ ധ്യാനിക്കുകയുണ്ടായത്രെ. ഈ ദൃശ്യ പ്രകൃത്യാതീത പ്രതിഭാസങ്ങൾ പ്രത്യക്ഷത്തിൽ കാണാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഇത് ആശ്രമത്തിന്റെ പ്രശാന്തതയ്ക്കു പ്രശ്നമായതിനാൽ, അധികാരികളുടെ നിർദ്ദേശപ്രകാരം, അദ്ദേഹത്തിന് അജ്ഞാന ആശ്രമങ്ങളിൽ മാറിമാറി താമസിക്കേണ്ടിവന്നു. ഒരു വിശൂദ്ധന്റെ നാമം, അഥവാ ദൈവാലയമണിനാദം കേട്ടാൽ മതി, അദ്ദേഹം സമാധിയിലമരും.
വിശൂദ്ധനായ ഈ വൈദികൻ വളരെ സന്തുഷ്ടപ്രകൃതിയായിരുന്നു. അതുകൊണ്ടോ, എന്തോ, അദ്ദേഹത്തിനെതിരെ അനേകർ അപഖ്യാദികൾ പറഞ്ഞുപരത്തിയിരുന്നു. വിശുദ്ധർക്കെതിരെപോലും ഏഷണികളും ഭൂഷണങ്ങളും പറയുന്ന ലോകം ഇവമൂലം, വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ, വി. കുപ്പർത്തീനോയ്ക്കും വളരെയേറെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഈ സഹനങ്ങൾക്കെല്ലാം പുറമേ, വർഷത്തിൽ ഏഴു പ്രാവശ്യം അദ്ദേഹം നാൽപതു ദിവസത്തെ നോമ്പാചരിച്ചിരുന്നു. ഘനരാഹിത്യംകൊണ്ട് അലംകൃതനായിരുന്ന ഈ സന്യാസവര്യൻ അറുപത്തൊന്നാം വയസ്സിൽ തന്റെ നിത്യസൗ’ാഗ്യത്തിനു പോയി. വിനയം, അനുസരണം, സഹനം, പ്രായശ്ചിത്തപ്രവൃത്തികൾ, ദൈവതിരുമനസ്സിനുള്ള പൂർണ്ണമായ വിധേയത്വം ഇവയൊക്കെയായിരിക്കണമല്ലോ ഫാ. ജോസഫിനെ വിശുദ്ധ പദവിയിലെത്തിച്ചത്.