2013 മാർച്ച് 13. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയർ. സന്ധ്യാസമയം. ആ തിരുമുറ്റത്തിന്റെ മുക്കാൽ ഭാഗം വരുന്ന ഒരു ജനക്കൂട്ടം ലോകത്തിന്റെ നാനാഭാഗത്തു നിന്നുവന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത നിറക്കാരായ, പതിനായിരങ്ങൾ. അതാ സെന്റ് പീറ്റേഴ്സിലെ പള്ളിമണികൾ ആഹ്ലാദാരവം മുഴക്കുന്നു. സാവധാനം അത് അടുത്തടുത്തുള്ള പള്ളികളിലേക്കും പടർന്നു കയറുന്നു. വത്തിക്കാനും റോമാനഗരം മുഴുവനും പള്ളിമണികളാൽ മുഖരിതമാകുന്നു. അതുവരെ ചിന്നിച്ചാറി നിന്നിരുന്ന മഴയും നിലയ്ക്കുന്നു. അതെ, പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പ്രോട്ടോഡീക്കൻ ഫ്രഞ്ചു കർദ്ദിനാൾ ടുറാൻ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നു. ജനക്കൂട്ടം പരിപൂർണ്ണ നിശബ്ദതയിലേക്ക് വരുന്നു. വലിയ സന്തോഷവാർത്ത ഞാനിതാ നിങ്ങളെ അിറയിക്കുന്നു. നമുക്ക് ഒരു പുതിയ പാപ്പായുണ്ട്. കർദ്ദിനാൾ ബെർഗോളിയോ. അദ്ദേഹം ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു.
എല്ലാ കണ്ണുകളും ബാൽക്കണിയിലേക്ക്. അതാ, ഫ്രാൻസിസ് പാപ്പാ പ്രത്യക്ഷപ്പെടുന്നു. ചത്വരത്തിലെ ജനക്കൂട്ടം ആവേശഭരിതരാകുന്നു. വീവാ ഇൽ വിളികൾകൊണ്ടു ചത്വരം മുഴുവൻ മുഖരിതമാകുന്നു. ആ സന്തോഷത്തിമിർപ്പിലും, മാർപ്പാപ്പാ പുഞ്ചിരി തൂകി, പ്രശാന്തനായി നിൽക്കുന്നു. അനന്തരം അദ്ദേഹം സാവകാശം വലതുകരം ഉയർത്തി, എല്ലാവരെയും, ഹൃദ്യമായി അഭിവാദ്യം ചെയ്യുന്നു. അതോടെ ആരവം ഉച്ചകോടിയിലെത്തുന്നു. ഉയർത്തിയ കരം സാവധാനം ഒന്നു കറങ്ങിത്തിരിയുന്നു. (ഒരാൾ പോലും തന്റെ ആശംസാ വലയത്തിനു പുറത്താകരുതെന്ന ചിന്തയിലായിരിക്കും പാപ്പാ). അല്പസമയത്തെ സുവർണ്ണ നിശ്ശബ്ദത. അനന്തരം പരിശുദ്ധ പിതാവു ജനങ്ങളെ അഭിവാദനം ചെയ്യുന്നു. സഹോദരീ സഹോദരന്മാരെ, സുസായംകാലം (fratellie sorelle, bouna sera) എന്ന സംബോധന സകലരെയും കോരിത്തരിപ്പിക്കുക മാത്രമല്ല, അതൊരു ആർത്തിരമ്പലിനു വഴിയൊരുക്കുകയും ചെയ്യുന്നു. കാരണമുണ്ട്. ഇറ്റലിയുടെ നാട്ടുവഴികളിൽ, പതിവായി കേൾക്കുന്ന സാധാരണക്കാരുടെ അഭിസംബോധനയാണത്. തൊട്ടടുത്തുള്ളവരെ അഭിവാദ്യം ചെയ്യുന്ന പരിചയത്തോടും പരിഗണനയോടും സ്നേഹത്തോടും കൂടിയ പരിചിത സംസാരശൈലി; ശ്രോതാക്കളുടെയെല്ലാം തോളിൽ കൈയ്യിട്ട്, സാഹോദര്യത്തിന്റെ തുല്യതയോടെയുള്ള സംസാരമെന്നു വിശേഷിപ്പിക്കരുതോ ആ സംബോധനയെ.
മാർപ്പാപ്പാ ഇങ്ങനെയാണു സംസാരിച്ചു തുടങ്ങിയത്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കർദ്ദിനാൾ സംഘത്തിന് ഒരു ചുമതലയുണ്ടായിരുന്നു. റോമാ രൂപതയ്ക്ക് ഒരു മെത്രാനെ കണ്ടെത്തുക. അതിനായി അവർ ലോകത്തിന്റെ അതിർത്തികൾ വരെ അനേ്വഷിച്ചുപോയെന്നാണ് എനിക്കു തോന്നുക. അങ്ങനെയാണ് നമ്മളിപ്പോൾ ഇവിടെ ഒരുമിച്ചുകൂടി നിൽക്കുന്നത്. പരിശുദ്ധ പിതാവു തുടരുന്നു. ഏറ്റവും ആദ്യം നമുക്കു നമ്മുടെ മുൻ മെത്രാനു വേണ്ടി പ്രാർത്ഥിക്കാം. തമ്പുരാൻ അദ്ദേഹത്തെ സംരക്ഷിക്കട്ടെ. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പരിശുദ്ധ പിതാവു തുടങ്ങിക്കൊടുത്തപ്പോൾ, എല്ലാവരും കരങ്ങൾകൂപ്പി പ്രാർത്ഥന ഏറ്റുചൊല്ലുതയായി. തുടർന്നു നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും പാപ്പാ ചൊല്ലിക്കൊടുക്കുന്നു. പരിശുദ്ധ പിതാവിന്റെ അപാരമായ പരസ്നേഷത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവം സകലരെയും സ്പർശിക്കുകയും, സ്വാധീനിക്കുകയും അവരുടെ ഹൃദയം സന്തോഷസാഗരമായി മാറുകയും ചെയ്യുന്നു.
തുടർന്നു പരിശുദ്ധ പിതാവ്, റോമാ മെത്രാനും ജനങ്ങളും കൂടെ ഒരുമിച്ചു നടത്തേണ്ട യാത്രയെക്കുറിച്ചാണു സംസാരിച്ചുകൊണ്ടിരുന്നത്. പറഞ്ഞുപോകുമ്പോൾ, പിതാവ് വളരെ യാദൃശ്ചികമെന്നപോലെ പറയുകയാണ്. നിങ്ങൾക്കു ഞാനൊരു ആശീർവാദം തരാൻ പോകുകയാണ്. റോമാ മാർപ്പാപ്പാ ഔദേ്യാഗികമായി നൽകുന്ന ഊർബി എത്ത് ഓർബി (ഡൃയശ ല േഛൃയശ) – നഗരത്തിനും ജനത്തിനും – എന്ന അനുഗ്രഹപ്രദമായ ആശീർവാദത്തെക്കുറിച്ചാണു വളരെ ലാഘവബുദ്ധ്യാ എന്നു തോന്നുമാറ് വലിയ മുക്കുവൻ പരാമർശിച്ചത്. അന്നത്തെ പരിപാടിയുടെ പ്രധാനഘടകവും അതു തന്നെയായിരുന്നു.
ഈ പ്രഖ്യാപനത്തിനു ശേഷം പരിശുദ്ധ പിതാവു സത്വരം അല്പം മുന്നോട്ടു നീങ്ങുന്നു. അനന്തരം സാധാരണമായ ഒരു നിർദ്ദേശം അദ്ദേഹം ജനത്തിനു നൽകുന്നു. അല്ലെങ്കിൽ അതിനു മുൻപ്, നിങ്ങൾ എന്നെ എനിക്കൊരുപകാരം ചെയ്യണം. ദൈവം എന്നെ ആശീർവദിക്കാൻ നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഇങ്ങനെ പറഞ്ഞതിനുശേഷം, മാർപ്പാപ്പാ വീണ്ടും അല്പം മുന്നോട്ടു നീങ്ങി. ജനത്തിന്റെ മുമ്പാകെ തലകുമ്പിട്ടു നിൽക്കുന്നു.അക്ഷരാർത്ഥത്തിൽ അദ്ദേഹം നല്ലതുപോലെ കുമ്പിട്ടാണ് അദ്ദേഹ നിൽക്കുക. ദൈവത്തിന്റെ ആശീർവാദവും പ്രാർത്ഥനയും യാചിക്കുന്ന വലി യമുക്കുവൻ ചരിത്രത്തിലാദ്യമായിരിക്കണം ഇങ്ങനെയൊരു സംഭവം.
വത്തിക്കാൻ സ്ക്വയറിലെ ഒന്നരലക്ഷം വരുന്ന ജനം മുഴുവൻ പരിപൂർണ്ണ നിശബ്ദതയിലാവുന്നു. കണ്ണുകൾ അടച്ചുകൊണ്ട് അവർ കൈകൾ കൂപ്പുന്നു. തങ്ങളുടെ നവജാത മാർപ്പാപ്പായ്ക്കുവേണ്ടി അവർ മനം നൊന്തു പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി. പ്രാർത്ഥനയുടെ നിമിഷങ്ങൾക്കുശേഷം, മാർപ്പാപ്പാ ആശീർവാദത്തിനുള്ള ഔദേ്യാഗിക വസ്ത്രങ്ങൾ അണിഞ്ഞ് നഗരത്തിനും ലോകത്തിനുമുള്ള ആശീർവാദന പ്രാർത്ഥന ചൊല്ലുന്നു. പരിശുദ്ധ പിതാവ് ഹൃദയത്തിന്റെ തികവിൽ നിന്ന് ജനത്തെ അനുഗ്രഹിക്കുന്നു. അത്ഭുതമേ ആശീർവാദം കഴിഞ്ഞിട്ടും മാർപ്പാപ്പാ സ്വതസിദ്ധമായ മന്ദസ്മിതത്തോടും കൈകൊണ്ടുള്ള അഭിവാദ്യത്തോടും അവിടെത്തന്നെ നിൽക്കുന്നു.
വലിയ മുക്കുവൻ അതാ, പിന്നെയും ആവശ്യപ്പെടുന്നു. എല്ലാവരിലും പുതുമയുടെ വരമാരി വാരിച്ചൊരിയുന്ന അനുഭവം പ്രോട്ടോക്കോളിൽ നിന്നു തികച്ചും വ്യത്യസ്തം. മാർപ്പാപ്പാ വീണ്ടും സംസാരിച്ചു തുടങ്ങുന്നു. നിങ്ങളുടെ സ്നേഹനിർഭരമായ സ്വാഗതത്തിനു നന്ദി. നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. നമുക്കിനി ഇടയ്ക്കിടെ കാണാം. നാളെ ഞാൻ മാതാവിന്റെ പള്ളിയിൽ പോകുന്നുണ്ട്. നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം.
നിമിഷങ്ങളുടെ ഒരു ഇടവേളയ്ക്കു ശേഷം പരിശുദ്ധ പിതാവ് വീണ്ടും പറയുകയാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ ശാന്തമായൊരു രാത്രി ആശംസിക്കുന്നു. ഒപ്പം നല്ല ഉറക്കവും. എന്തൊരു അനൗപചാരികത എന്തൊരു ലാളിത്യം എന്തൊരു വ്യക്തിപരത എന്തൊരു കരുതൽ എന്തൊരു ആത്മാർത്ഥത എത്ര അഗാധമായ വിശ്വാസം എത്ര ഊഷ്മളമായ സ്നേഹം എത്ര അപ്രതിരോധ്യമായ പ്രത്യാശ.
ജനം പിരിഞ്ഞു പോകാതെ സ്വസ്ഥാനങ്ങളിൽതന്നെ നിർന്നിമേഷരായി നില്ക്കുന്നതിലെന്തത്ഭുതം. പതിവുകളിൽ നിന്നുള്ള വ്യത്യസ്തത അത്ര പ്രകടവും പ്രവചനാതീതവുമാണ്. തന്റെ മക്കൾക്ക് എന്നും സുഖനിദ്ര കിട്ടുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന വലിയ മുക്കുവൻ വീവാ ഇൽ പാപ്പ.